നിയമനിർമാണനീക്കം വേദനാജനകമെന്ന് ഓർത്തഡോക്സ് സഭ; തിങ്കളാഴ്ച തലസ്ഥാനത്ത് ഉപവാസസമരം
Mail This Article
കോട്ടയം∙ ഓർത്തഡോക്സ് - യാക്കോബായ സഭാതർക്കം പരിഹരിക്കുന്നതിനുള്ള സർക്കാരിന്റെ ബില്ലിനെതിരെ ഓർത്തഡോക്സ് സഭ. നീക്കത്തെ സഭ ശക്തമായി പ്രതിരോധിക്കുമെന്നും എല്ലാ ഭദ്രാസനങ്ങളിലും പ്രതിഷേധം നടത്തുമെന്നും സഭാ നേതൃത്വം വ്യക്തമാക്കി. തിങ്കളാഴ്ച മെത്രാപ്പൊലീത്തമാരും പുരോഹിതന്മാരും തിരുവനന്തപുരത്ത് ഉപവാസ പ്രാർത്ഥനായജ്ഞം നടത്തും. ഞായറാഴ്ച പള്ളികളിൽ പ്രതിഷേധ ദിനം ആചരിക്കും.
ബിൽ നടപ്പിലായാൽ പ്രശ്നം കൂടുതൽ വഷളാകുമെന്ന് സഭാ സെക്രട്ടറി ബിജു ഉമ്മൻ പറഞ്ഞു. സുപ്രീം കോടതി വിധിക്കു മുകളിൽ സർക്കാർ ഇടപെടൽ അംഗീകരിക്കില്ല. സർക്കാർ പ്രതിരോധത്തിലായിരിക്കുന്ന സമയത്ത് സഭാ വിഷയം ഉയർത്തി ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണെന്നു സംശയിച്ചാൽ തെറ്റില്ലെന്നും സഭാ നേതൃത്വം വ്യക്തമാക്കി.
‘‘സഭ വളരെ അദ്ഭുതത്തോടെയാണ് ഇടതുമുന്നണിയുടെ നിലപാടിനെ നോക്കിക്കാണുന്നത്. നിയമനിർമാണനീക്കം വേദനാജനകം. ഈ ബില്ലിൽ പുനഃപരിശോധനയ്ക്ക് സർക്കാരും മുന്നണിയും തയാറാകുമെന്നാണ് ഓർത്തഡോക്സ് സഭ പ്രതീക്ഷിക്കുന്നത്. സുപ്രീം കോടതി വിധിക്കെതിരെ സർക്കാർ നടത്തിയ നിയമനിർമാണങ്ങൾ കോടതി തന്നെ റദ്ദാക്കിയിട്ടുണ്ട്. സഭയുടെ പ്രതിഷേധം മുന്നണി ഗൗരവമായി കാണണം. സർക്കാർ ഇതുമായി മുന്നോട്ടുപോയാൽ നിയമനടപടി സ്വീകരിക്കും’’ – നേതൃത്വം അറിയിച്ചു.
English Summary: Orthodox - Jacobite church dispute