വിചാരണ തീരുന്നില്ല, അനന്തമായി നീളുന്നു: ജാമ്യം തേടി പൾസർ സുനി സുപ്രീം കോടതിയിൽ
Mail This Article
ന്യൂഡൽഹി ∙ നടിയെ പീഡിപ്പിച്ച് അശ്ലീല ദൃശ്യങ്ങൾ പകർത്തിയെന്ന കേസിൽ ഒന്നാം പ്രതിയായ എൻ.എസ്. സുനിൽ (പൾസർ സുനി) ജാമ്യാപേക്ഷയുമായി സുപ്രീംകോടതിയിൽ. ആറു വർഷമായി ജയിലിൽ കഴിയുകയാണെന്നും ഈ കേസിൽ താൻ മാത്രമാണ് വിചാരണ തടവുകാരനെന്നും സുനി ഹർജിയിൽ ചൂണ്ടിക്കാട്ടി. വിചാരണ അനന്തമായി നീണ്ടുപോകുകയാണെന്നും എന്ന് അവസാനിക്കുമെന്ന് പറയാനാകില്ലെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കേസിലെ രണ്ടാം പ്രതി മാർട്ടിൻ ആന്റണിക്ക് സുപ്രീം കോടതിയാണ് ജാമ്യം അനുവദിച്ചത്.
പൾസർ സുനിയുടെ ജാമ്യാപേക്ഷ ഈ മാസം ആദ്യം ഹൈക്കോടതി തള്ളിയിരുന്നു. വ്യക്തിസ്വാതന്ത്ര്യത്തിന്റെ പേരിൽ ജാമ്യം അനുവദിക്കാനാവില്ലെന്നും പ്രതിക്കെതിരെ ഉന്നയിച്ചിരിക്കുന്ന കുറ്റത്തിന്റെ ഗൗരവവും മാനദണ്ഡമാക്കേണ്ടതുണ്ടെന്നും ചൂണ്ടിക്കാട്ടിയാണു ജസ്റ്റിസ് പി.വി.കുഞ്ഞിക്കൃഷ്ണൻ ഹർജി തള്ളിയത്. വിചാരണ അകാരണമായി വൈകുന്നില്ലെന്നു കോടതി വിലയിരുത്തി.
സമൂഹ മനസ്സാക്ഷിയെ ബാധിക്കുന്ന ഗുരുതരമായ ആരോപണം പ്രതിക്കെതിരെയുള്ളപ്പോൾ ജാമ്യത്തിന് അർഹനല്ല. ഹർജിക്കാരൻ കസ്റ്റഡിയിൽ വിചാരണ നേരിടണം. വിചാരണയ്ക്ക് സുപ്രീം കോടതിയുടെ മേൽനോട്ടമുണ്ട്. 6 മാസത്തിനുള്ളിൽ തീർപ്പാക്കുമെന്നാണു വിചാരണക്കോടതി പറയുന്നത്. ഈ സാഹചര്യത്തിൽ ജാമ്യാപേക്ഷ പരിഗണിക്കേണ്ടതില്ല– കോടതി വിലയിരുത്തി.
English Summary: Pulsar Suni Approaches Supreme Court With Bail Plea