നവജാത ശിശുവിനെ തുണിയിൽ പൊതിഞ്ഞ് ബക്കറ്റിനുള്ളിൽ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി
Mail This Article
പത്തനംതിട്ട∙ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. പത്തനംതിട്ട ആറന്മുളയിലെ വാടകവീട്ടിലെ ശുചിമുറിയിലാണ് കുഞ്ഞിനെ കണ്ടെത്തിയത്. അമിത രക്തസ്രാവത്തെ തുടർന്ന് ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ യുവതിയെ പിന്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കുഞ്ഞിനെ കണ്ടെത്തിയത്.
പരിശോധനയിൽ പ്രസവത്തെ തുടർന്നുള്ള രക്തസ്രാവമാണെന്നു ഡോക്ടർമാർ കണ്ടെത്തിയിരുന്നു. തുടർന്ന് ആശുപത്രി അധികൃതർ പൊലീസിനെ വിവരം അറിയിച്ചു. പൊലീസെത്തി നടത്തിയ പരിശോധനയിലാണ് ജനിച്ച് മണിക്കൂറുകൾ മാത്രമായിട്ടുള്ള ആൺകുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. ശുചിമുറിയിൽ തുണിയിൽ പൊതിഞ്ഞ് ബക്കറ്റിനുള്ളിൽ ഉപേക്ഷിച്ച നിലയിലായിരുന്നു കുഞ്ഞ്.
അനക്കമില്ലെന്നു കണ്ടതിനെ തുടർന്ന് കുഞ്ഞിനെ ഉപേക്ഷിച്ചുവെന്നാണ് യുവതി പറയുന്നത്. യുവതി ഐസിയുവിൽ ചികിത്സയിലാണ്. കുഞ്ഞിനെ പൊലീസ് ചെങ്ങന്നൂരിലെ ആശുപത്രിയിൽ എത്തിച്ചു. ശേഷം കോട്ടയം മെഡിക്കൽ കോളജിലേക്കു മാറ്റി. കുഞ്ഞ് ആരോഗ്യവാനാണ്.
34 വയസ്സുള്ള യുവതിയും 10 വയസ്സുള്ള മകനും യുവതിയുടെ അമ്മയുമാണ് വാടക വീട്ടിലുണ്ടായിരുന്നത്. അമ്മയ്ക്കൊപ്പമാണ് യുവതി ആശുപത്രിയിൽ ചികിത്സ തേടിയെത്തിയത്. യുവതി ഭർത്താവുമായി പിണങ്ങി കഴിയുകയായിരുന്നു. മകൻ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് കുഞ്ഞിനെ രക്ഷിക്കാനായതെന്നാണ് വിവരം. കുഞ്ഞിനെ ഉപേക്ഷിച്ചതിന് ജുവനൈൽ ജസ്റ്റിസ് നിയമവും ഇന്ത്യൻ ശിക്ഷാ നിയമവും അനുസരിച്ച് യുവതിക്കെതിരെ കേസെടുത്തു.
English Summary: Newborn Baby Found Abandoned In Toilet At Aranmula