6 വാരിയെല്ലുകൾ തകർന്നെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്; കൊലപാതകത്തിന്റെ ചുരുളഴിഞ്ഞ വഴി
Mail This Article
തൊടുപുഴ∙ അതിഥി തൊഴിലാളിയായ യുവാവ് മരിച്ച സംഭവം കൊലപാതകം. പശ്ചിമ ബംഗാൾ കുച്ച് ബിഹർ സ്വദേശി രഞ്ജന്‍ ബര്‍മന്റെ മരണമാണ് കൊലപാതകമാണെന്ന് സ്ഥിരീകരിച്ചത്. മൂത്ത സഹോദരനായ ബിനർ ബർമനാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. മദ്യപാനത്തിനിടെ ഉണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
കഴിഞ്ഞ ദിവസമാണ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ രഞ്ജന്‍ ബര്‍മൻ മരിച്ചത്. ഹൃദയാഘാതത്തെ തുടർന്നാണ് മരണം എന്നായിരുന്നു നിഗമനം. എന്നാൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തു വന്നതോടെയാണു സംഭവങ്ങളുടെ ചുരുളഴിഞ്ഞത്. പോസ്റ്റ്മോർട്ടത്തിൽ രഞ്ജൻ ബർമാന്റെ ആറ് വാരിയല്ലുകൾ തകർന്നതായി കണ്ടെത്തി. ഇതോടെയാണു സംഭവം കൊലപാതകമാണെന്ന സംശയം ഉടലെടുത്തത്. പിന്നാലെ രഞ്ജന്റെ സഹോദരൻ ബിനർ ബർമനെ ചോദ്യം ചെയ്തു. ഇതോടെയാണ് പ്രതി കുറ്റം സമ്മതിച്ചത്.
ഞായറാഴ്ച രാത്രിയിൽ രഞ്ജനും സഹോദരും മദ്യപിക്കുന്നതിനിടെ സംഘർഷം ഉണ്ടായി. കുടുംബ വിഷയങ്ങളുടെ പേരിലായിരുന്നു അടിപിടി. സുഹൃത്തുക്കൾക്കൊപ്പം ആയിരുന്നു മദ്യപാനം. ആദ്യം അടിപിടി ഉണ്ടായപ്പോൾ കൂടെയുണ്ടായിരുന്ന സുഹൃത്തുക്കൾ പിടിച്ചുമാറ്റി ഇതുവരെയും അതാത് മുറികളിലാക്കി. എന്നാൽ സുഹൃത്തുക്കൾ മാറിയതോടെ ഇരുവരും തമ്മിൽ വീണ്ടും സംഘർഷമുണ്ടായി.
രഞ്ജനെ ബിനർ ബർമൻ അടിക്കുകയും നിലത്തിട്ട് നെഞ്ചിൽ പലതവണ ചവിട്ടുകയും ചെയ്തു. ചവിട്ടിന്റെ ആഘാതത്തിൽ ബോധരഹിതനായ രഞ്ജനെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുറമേ പരിക്കുകളൊന്നും കാണാതിരുന്നതിനാൽ ഹൃദയാഘാതം സംഭവിച്ചതാണെന്ന് ബിനർ ബർമൻ കൂടെയുള്ളവരെയും ആശുപത്രി അധികൃതരെയും വിശ്വസിപ്പിച്ചു. എന്നാൽ തിങ്കളാഴ്ച പുലർച്ചെ രഞ്ജൻ മരിക്കുകയായിരുന്നു. തൊടുപുഴ പൊലീസ് അറസ്റ്റ് ചെയ്ത പ്രതി ബിനർ ബർമനെ ഇന്നു കോടതിയിൽ ഹാജരാക്കും.
English Summary: The incident in which the migrant labor died was a murder