‘താജ്മഹൽ പൊളിക്കണം, ക്ഷേത്രം പണിയണം; ഷാജഹാൻ-മുംതാസ് പ്രണയം അന്വേഷിക്കണം’
Mail This Article
ഗുവാഹത്തി ∙ താജ്മഹലും കുത്തബ്മിനാറും പൊളിച്ച് ക്ഷേത്രങ്ങൾ നിർമിക്കണമെന്ന് അസമിലെ ബിജെപി എംഎൽഎ രൂപ്ജ്യോതി കുർമി. ക്ഷേത്ര നിർമാണത്തിനായി ഒരു വർഷത്തെ ശമ്പളം നൽകാൻ തയാറാണ്. മുകൾ ചക്രവർത്തി ഷാജഹാൻ തന്റെ ഭാര്യയെ യഥാർത്ഥത്തിൽ പ്രണയിച്ചിരുന്നോയെന്ന് അന്വേഷിക്കണമെന്നും രൂപ്ജ്യോതി പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.
മുഗൾഭരണകാലത്തെക്കുറിച്ചുള്ള അധ്യായങ്ങൾ നീക്കി എൻസിഇആർടി പാഠപുസ്തകങ്ങൾ പരിഷ്കരിച്ചതിനുപിന്നാലെയാണ് മരിയാനി മണ്ഡലം എംഎൽഎയുടെ വിവാദ പരാമർശം. ‘മുഗൾ ശേഷിപ്പുകളായ താജ്‌മഹലും കുത്തബ്മിനാറും പൊളിച്ച് ആ സ്ഥലത്ത് ക്ഷേത്രങ്ങൾ പണിയണമെന്ന് പ്രധാനമന്ത്രിയോട് വിനീതമായി അഭ്യർഥിക്കുന്നു. രണ്ട് ക്ഷേത്രത്തിനും ലോകത്തെ മറ്റ് സ്മാരകങ്ങൾക്കൊന്നുമില്ലാത്ത അത്ര മികച്ച വാസ്തുവിദ്യകളായിരിക്കണം. ഇതിനായി ഞാൻ എന്റെ ഒരു വർഷത്തെ ശമ്പളം നൽകാൻ തയാറാണ്.’– രൂപ്ജ്യോതി പറഞ്ഞു.
‘1526ൽ മുഗളന്മാർ ഇന്ത്യയിലേക്ക് വരികയും താജ്മഹൽ നിർമിക്കുകയുമായിരുന്നു. ഹിന്ദു രാജാക്കന്മാരിൽനിന്നു തട്ടിയ പണംകൊണ്ടാണ് തന്റെ നാലാമത്തെ ഭാര്യയായ മുംതാസിനുവേണ്ടി ഷാജഹാൻ താജ്മഹൽ നിർമിച്ചത്. മുംതാസിന്റെ ഓർമയ്ക്കായി നിർമിച്ചതെന്നാണ് പറയുന്നത്. എന്നാൽ മുംതാസിന്റെ മരണശേഷം ഷാജഹാൻ മൂന്ന് വിവാഹം ചെയ്തിരുന്നു. മുംതാസിനോട് അത്രയ്ക്ക് സ്നേഹമുണ്ടായിരുന്നെങ്കിൽ എന്തിനാണ് ഇത്രയും കല്യാണം കഴിച്ചത്?’– രൂപ്ജ്യോതി ചോദിച്ചു.
English Summary: ‘Demolish Taj Mahal’: Assam BJP MLA wants enquiry on Shah Jahan-Mumtaz love