ADVERTISEMENT

തൃശൂർ ∙ പ്രശസ്ത ഓട്ടന്‍തുള്ളല്‍ കലാകാരി കലാമണ്ഡലം ദേവകി (75) അന്തരിച്ചു.  ഹൃദയസംബന്ധമായ അസുഖത്തെത്തുടർന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ പുലർച്ചെയായിരുന്നു അന്ത്യം. തൃശൂർ എരുമപ്പെട്ടി നെല്ലുവായ് സ്വദേശിയാണ്. കലാമണ്ഡലത്തിലെ ആദ്യത്തെ ഓട്ടന്‍തുള്ളല്‍ വിദ്യാർഥിനിയാണ്. സംസ്കാരം നെല്ലുവായ് വടുതല വീട്ടുവളപ്പിൽ നടത്തി. 

വിദേശ വേദികളിൽ തുള്ളലിന്റെ കച്ചമണിയണിഞ്ഞ ആദ്യ വനിത എന്ന ഖ്യാതിയും കലാമണ്ഡലം ദേവകിക്കുണ്ട്. 1997 ൽ കേരള സംഗീത നാടക അക്കാദമി പുരസ്കാരം, 1999 ൽ കുഞ്ചൻ സ്‌മാരക പുരസ്കാരം, കലാമണ്ഡലം പുരസ്കാരം ഉള്‍പ്പെടെ നിരവധി പുരസ്‌കാരം ലഭിച്ചു. തുള്ളലിനൊപ്പം ക്ലാസിക്കല്‍ നൃത്തവും കുച്ചിപ്പുടിയും കഥകളിയും അവതരിപ്പിച്ചിരുന്നു. മദ്ദളം കലാകാരനും കലാമണ്ഡലത്തിലെ മദ്ദളവിഭാഗം മുൻ പ്രഥമാധ്യാപകനുമായ കലാമണ്ഡലം നാരായണൻ നായരാണ് ഭർത്താവ്. 

കോട്ടയ്‌ക്കൽ പിഎസ്‌വി നാട്യസംഘത്തിലെ കഥകളി നടനും ഭാഗവതരുമായിരുന്ന കടമ്പൂർ ദാമോദരൻ നായരുടെയും വടുതല നാരായണിയമ്മയുടെയും മകളായി 1948ൽ തൃശൂര്‍ നെല്ലുവായ് ഗ്രാമത്തിലാണ് ജനനം. ചെറുപ്രായത്തിൽതന്നെ നെല്ലുവായിലെ ലളിതകലാലയത്തിൽ നൃത്തപരിശീലനം നടത്തി. 1960ൽ കേരള കലാമണ്ഡലത്തിൽ ശാസ്ത്രീയ നൃത്തം പഠിക്കാനാണ് ആദ്യമെത്തുന്നത്. എന്നാൽ, പ്രായപരിധി കഴിഞ്ഞതിനാൽ അപേക്ഷ ഏതാനും മാസങ്ങൾക്കുള്ളിൽ നിരസിക്കപ്പെട്ടു. പിതാവ് കടമ്പൂർ ദാമോദരൻ നായർക്കൊപ്പം നിരാശയോടെ മടങ്ങാനൊരുങ്ങുമ്പോൾ ഭാഗവതരെ തിരിച്ചറിഞ്ഞ കൃഷ്ണൻകുട്ടി പൊതുവാളാണ് ഓട്ടൻതുള്ളൽ പഠിക്കാൻ താൽപ്പര്യമുണ്ടോ എന്ന് ദേവകിയോട് ചോദിച്ചത്. ഇതോടെ തുള്ളൽ പഠനത്തിലേക്ക് വഴിതിരിയുകയായിരുന്നു.

kalamandalam-devaki-old-pic
കലാമണ്ഡലം ദേവകി. പഴയകാല ചിത്രങ്ങൾ.

പന്ത്രണ്ടാം വയസ്സിൽ, കേരള കലാമണ്ഡലത്തിൽ തുള്ളൽ പഠിക്കാൻ ചേർന്ന അവർ 1961ൽ അരങ്ങേറ്റം നടത്തി. ‘പാത്രചരിതം’ ആണ് അരങ്ങിൽ അവതരിപ്പിച്ചത്. 1964ൽ കേരള കലാമണ്ഡലത്തിൽനിന്ന് ബിരുദം നേടി. പിന്നീട് കലാമണ്ഡലത്തിൽ അധ്യാപികയായി മൂന്നു വർഷം പ്രവർത്തിച്ചു. സംഗീതം, വേഷപ്പറ്റ്, താളബോധം എന്നിങ്ങനെ തുള്ളലിന് പ്രധാനമായ മൂന്നു സിദ്ധികളും ഒരുപോലെ സമ്മേളിച്ച ദേവകി തുള്ളൽ കലാരൂപത്തിന്റെ ആഭിജാത സൗന്ദര്യം വേദിയിൽ എന്നും നിലനിർത്തി.

പുരുഷ കലാകാരന്മാരിൽ കേന്ദ്രീകൃതമെന്ന് പലരും കരുതിയ ഓട്ടൻതുള്ളൽ കലയെ നിത്യോപാസനയിലൂടെ ഒപ്പംകൂട്ടിയ അവർ സ്ത്രീകൾക്കും ഈ കലാവേദി അന്യമല്ലെന്ന് തെളിയിച്ചു. പാരിസിൽ ഓട്ടൻതുള്ളൽ അവതരിപ്പിക്കാൻ കലാമണ്ഡലത്തിലെ പൂർവവിദ്യാർഥിയും ഫ്രഞ്ച് കഥകളി അധ്യാപികയുമായ മിലേന സാൽവിനി നൽകിയ ക്ഷണം സ്വീകരിച്ച് ആദ്യമായി വിദേശവേദിയിൽ എത്തി. ഫ്രാൻസിൽ കലാമണ്ഡലം ട്രൂപ്പ് അവതരിപ്പിച്ച പരിപാടിയിലെ മുഖ്യ കലാകാരിയായി ഏറെ ശ്രദ്ധ നേടി.

തുള്ളൽ കലാകാരിയെന്ന നിലയിലും തുള്ളൽ ഗുരു എന്ന നിലയിലും പ്രശസ്തയായി.  നെല്ലുവായിൽ ധന്വന്തരി കലാക്ഷേത്രം എന്ന സ്വന്തം നൃത്തസ്ഥാപനം സ്ഥാപിച്ചു. കുന്നംകുളത്ത് ബഥനി സെന്റ് ജോൺസ് സ്കൂളിലെ നൃത്താധ്യാപികയായും പ്രവർത്തിച്ചു.

English Summary: Famous Ottan Thullal Artist Kalamandalam Devaki Passes Away

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com