വ്യാപാരിയുടെ ബാങ്ക് അക്കൗണ്ട് പ്രവര്‍ത്തനരഹിതമായിട്ട് 4 മാസം; മറുപടിയില്ലാതെ പൊലീസ്
Mail This Article
മണ്ണാർക്കാട്∙ സ്വന്തമായുള്ള ബാങ്ക് അക്കൗണ്ട് പ്രവര്‍ത്തനരഹിതമായി 4 മാസം കഴിഞ്ഞിട്ടും കാരണമറിയാതെ വലഞ്ഞ് വ്യാപാരി. പാലക്കാട് മണ്ണാര്‍ക്കാട്ടെ അബു റജയാണ് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായത്. സാമ്പത്തിക ക്രമക്കേട് നടന്നുവെന്ന തെലങ്കാന പൊലീസിന്റെ കണ്ടെത്തലിനെ തുടര്‍ന്നാണ് നടപടിയെന്ന് ബാങ്ക് വിശദീകരിക്കുന്നുണ്ടെങ്കിലും പൊലീസ് വ്യക്തമായ മറുപടി നല്‍കുന്നില്ലെന്നാണ് പരാതി.
സ്വകാര്യ ബാങ്കിന്റെ മണ്ണാർക്കാട് ശാഖയിലുള്ള അബു റജയുടെ സേവിങ്സ് ബാങ്ക് അക്കൗണ്ടാണ് നാലു മാസം മുന്‍പ് പ്രവര്‍ത്തനരഹിതമായത്. മൊബൈൽ ആപ്പ് വഴിയുള്ള ഇടപാട് തടസപ്പെട്ടതോടെ ബാങ്കില്‍ അന്വേഷിക്കുകയായിരുന്നു. അബു റജയുടെ അക്കൗണ്ടിലൂടെ സാമ്പത്തിക ക്രമക്കേട് നടന്നതായി സൂചിപ്പിച്ച് ലഭിച്ച തെലങ്കാന പൊലീസിന്റെ നോട്ടിസ് പ്രകാരമാണ് നടപടിയെന്നാണ് ബാങ്ക് അധികൃതർ നൽകിയ മറുപടി. തെലങ്കാനയിലെ വാറങ്കൽ പൊലീസ് സ്റ്റേഷനിൽ നേരിട്ടെത്തി അന്വേഷിച്ചെങ്കിലും വ്യക്തമായ മറുപടി ലഭിച്ചില്ലെന്ന് അബു റജ പറയുന്നു.
12 വർഷമായി ഇടപാട് നടത്തിയിരുന്ന അക്കൗണ്ട് അവിചാരിതമായി നിലച്ചതോടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് അബു റജ. പണം സ്വീകരിക്കാന്‍ കഴിയില്ലെങ്കിലും അക്കൗണ്ടിലേക്ക് വിവിധ ഇടപാടുകളിലെ പണം പലരും നിക്ഷേപിക്കുന്നുണ്ട്. ഇതൊന്നും ഒരു തരത്തിലും ഉപയോഗിക്കാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്. മാസങ്ങൾ പിന്നിട്ടിട്ടും പ്രശ്ന പരിഹാരമില്ലാത്തതിനാല്‍ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ഇദ്ദേഹം.
English Summary: Kerala merchant's bank account inactive for last four months