രാജ്യത്ത് ക്രിസ്ത്യാനികള്‍ ആക്രമിക്കപ്പെടുന്നത് കുറഞ്ഞു: കേന്ദ്ര ന്യൂനപക്ഷ സഹമന്ത്രി
Mail This Article
കൊച്ചി∙ രാജ്യത്ത് ക്രിസ്ത്യാനികൾ ആക്രമിക്കപ്പെടുന്നത് വളരെയധികം കുറഞ്ഞെന്ന് കേന്ദ്ര ന്യൂനപക്ഷകാര്യ സഹമന്ത്രി ജോൺ ബർല. ക്രിസ്ത്യാനികൾ ഏതെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നുണ്ടെങ്കിൽ കേന്ദ്രത്തിന്റെ ശ്രദ്ധയിൽപ്പെടുത്താമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ക്രിസ്ത്യൻ സഭകളുമായുള്ള ചർച്ചകൾക്കായി കേരളത്തിൽ എത്തിയതായിരുന്നു അദ്ദേഹം.
‘‘എന്തുപ്രശ്നങ്ങളുണ്ടായാലും ബുദ്ധിമുട്ടുകൾ നേരിട്ടാലും അതിനു പരിഹാരം കണ്ടെത്താം. കേന്ദ്രത്തിന്റെ ശ്രദ്ധയിൽപ്പെടുത്തിയാൽ മതി. അതു പരിഹരിക്കപ്പെടും’’ – മന്ത്രി കൂട്ടിച്ചേർത്തു.
കേരളത്തിലെത്തിയ മന്ത്രി ബിജെപി നേതാക്കന്മാർക്കൊപ്പം മലയാറ്റൂരിലെ സെന്റ് തോമസ് പള്ളി സന്ദർശിക്കുകയും പുരോഹിതർക്കൊപ്പം പ്രഭാതഭക്ഷണം കഴിക്കുകയും ചെയ്തു. ബിജെപി നേതാവ് എ.എൻ. രാധാകൃഷ്ണൻ അടക്കമുള്ളവരും മന്ത്രിക്കൊപ്പമെത്തിയിരുന്നു. ചാലക്കുടിയിലെ ഡിവൈൻ ധ്യാനകേന്ദ്രത്തിലും മന്ത്രിയെത്തി. രണ്ടു സ്ഥലത്തും കേന്ദ്ര സർക്കാരിന്റെ പുതിയ പദ്ധതികളെക്കുറിച്ചും മറ്റും സംസാരിച്ചുവെന്ന് മന്ത്രി ട്വിറ്ററിലൂടെ അറിയിച്ചു.
English Summary: Central Minister for State (Minority Affairs) John Barla visited Christian leaders in Kerala