ADVERTISEMENT

ബെംഗളൂരു∙ കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ താരപ്രചാരകരുടെ പട്ടികയിൽ ദക്ഷിണ ബെംഗളൂരു എംപിയും യുവനേതാവുമായ തേജസ്വി സൂര്യയുടെ പേരില്ല. ആർഎസ്എസ് സ്വയംസേവകനും യുവമോർച്ച പ്രസിഡന്റുമാണ് തേജസ്വി. ത്രിപുരയിൽ പാർട്ടിയുടെ താര പ്രചാരകനായിരുന്നു 32കാരനായ തേജസ്വി. താര പ്രചാരകരുടെ പട്ടികയിൽനിന്ന് ഒഴിവാക്കിയതിനു പിന്നാലെ, തേജസ്വിയെ പരിഹസരിച്ച് കോൺഗ്രസ് രംഗത്തെത്തി. അദ്ദേഹത്തിന്റെ സംസ്ഥാനത്ത് പോലും ആരും അദ്ദേഹത്തെ ശ്രദ്ധിക്കുന്നില്ലെന്നും കോണ്‍ഗ്രസ് പരിഹസിച്ചു. 

തിരഞ്ഞെടുപ്പിന് മുന്നോടിയായി, ‘നന്ദിനി’ സ്റ്റോർ സന്ദർശിച്ചതിന് കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ വിമർശിച്ചതിനും സുഡാനിലെ കന്നഡക്കാരുടെ സുരക്ഷാ പ്രശ്നം ഉന്നയിച്ചതിന് മുൻ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ കടന്നാക്രമിച്ചതിനും തേജസ്വി വാർത്തകളിൽ നിറഞ്ഞിരുന്നു. എന്നാൽ താരപ്രചാരകരുടെ പട്ടികയിൽ നിന്ന് അദ്ദേഹത്തെ ഒഴിവാക്കുകയായിരുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡ, കേന്ദ്രമന്ത്രിമാരായ രാജ്‌നാഥ് സിങ്, അമിത് ഷാ, നിതിൻ ഗഡ്കരി, നിർമല സീതാരാമൻ, സ്മൃതി ഇറാനി, അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ, മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ, ബിജെപി പാർലമെന്ററി ബോർഡ് അംഗം ബി.എസ്. യെഡിയൂരപ്പ, മുൻ ഉപമുഖ്യമന്ത്രി കെ.എസ്.ഈശ്വരപ്പ തുടങ്ങിയവരാണ് ബിജെപിയുടെ താരപ്രചാരകരുടെ പട്ടികയിലുള്ളത്. 

∙ ഈശ്വരപ്പയുടെ കുടുംബത്തിന് ടിക്കറ്റ് നിഷേധിച്ചു

കർണാടക നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷിക്കുന്ന രണ്ട് മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർഥികളെ കൂടി ബിജെപി പ്രഖ്യാപിച്ചു. ശിവമോഗ, മാൻവി മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർഥികളെയാണ് പ്രഖ്യാപിച്ചത്. ബിജെപിയുടെ നാലാമത്തെ സ്ഥാനാർഥി പട്ടികയാണിത്. ഇതോടെ സംസ്ഥാനത്തെ 224 നിയമസഭാ മണ്ഡലങ്ങളിലേക്കും ബിജെപി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു.

ശിവമോഗയിൽ ചന്നബസപ്പയ്ക്ക് ടിക്കറ്റ് നൽകിയപ്പോൾ സിറ്റിങ് എംഎൽഎയും മുതിർന്ന ബിജെപി നേതാവുമായ കെ.എസ്.ഈശ്വരപ്പയുടെ കുടുംബത്തിന് ടിക്കറ്റ് നിഷേധിച്ചു. മുൻ ഉപമുഖ്യമന്ത്രി കൂടിയായ ഈശ്വരപ്പ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കാനുള്ള ആഗ്രഹം അടുത്തിടെ പാർട്ടി കേന്ദ്ര നേതൃത്വത്തെ അറിയിച്ചിരുന്നു. ശിവമോഗയിൽ തന്നെ മത്സരിപ്പിക്കുന്നത് പരിഗണിക്കരുതെന്നും അഭ്യർഥിച്ചിരുന്നു. ഈ സീറ്റിൽ നിന്ന് അഞ്ച് തവണ എംഎൽഎയായ അദ്ദേഹം മകൻ കെ.ഇ.കാന്തേഷിന് ടിക്കറ്റ് തേടിയിരുന്നെന്നാണ് വിവരം. 

പട്ടികവർഗ സംവരണ മണ്ഡലമായ മാൻവിയിൽ ബി.വി.നായകിനെയാണ് ബിജെപി സ്ഥാനാർഥിയായി നിർത്തിയിരിക്കുന്നത്. അതേസമയം, മുതിർന്ന ബിജെപി നേതാവ് ആയന്നൂർ മഞ്ജുനാഥ് ബിജെപി വിട്ട് ജെഡിഎസിൽ ചേർന്നു. ശിവമോഗയിൽ ബിജെപി ടിക്കറ്റിൽ മത്സരിക്കാൻ അദ്ദേഹം ആഗ്രഹിച്ചിരുന്നു. ഇപ്പോൾ ശിവമോഗയിൽ നിന്നുള്ള ജെഡിഎസ് സ്ഥാനാർഥിയാണ്.

English Summary: Tejasvi Surya not BJP's star campaigner in Karnataka

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com