ADVERTISEMENT

മുംബൈ ∙ വിവാഹത്തിനുള്ള കാമുകിയുടെ നിബന്ധനപ്രകാരം രണ്ട് വയസ്സുള്ള മകനെ കൊലപ്പെടുത്തിയ യുവാവ് അറസ്റ്റിൽ. റഹ്മത്ത് അലി ഷൗക്കത്ത് അലി അൻസാരിയെ (30) ആണ് മുംബൈയിലെ ഷാഹു നഗർ പൊലീസ് അറസ്റ്റു ചെയ്തത്. മകനെ കൊല്ലാൻ റഹ്മത്തിനെ പ്രേരിപ്പിച്ചതിന് കാമുകിയായ ധാരാവിയിലെ കമല നഗർ നിവാസി അജമതുൻ അൻസാരിയെയും (21) അറസ്റ്റ് ചെയ്തു. 

മകനെ കഴുത്തു ഞെരിച്ച് കൊല്ലുന്നതിനിടെ കാമുകിയെ റഹ്മത്ത് അൻസാരി ഫോൺ വിളിച്ചതായി പൊലീസ് പറഞ്ഞു. ഭാര്യയെയും മകനെയും ഒഴിവാക്കിയാൽ മാത്രമെ വിവാഹം കഴിക്കാൻ സമ്മതിക്കൂവെന്ന് യുവതി ശാഠ്യം പിടിച്ചിരുന്നു. ഇതേത്തുടർന്നാണ് മകനെ  റഹ്മത്ത് അൻസാരി  കൊലപ്പെടുത്തിയത്.

മൂന്ന് വർഷമായി റഹ്മത്തും അജമതുനും തമ്മിൽ ബന്ധത്തിലായിരുന്നു. മേയ് 3ന് അജമതുനുവിന്റെ കുടുംബാംഗങ്ങൾ മറ്റൊരാളുമായി അവരുടെ വിവാഹം നിശ്ചയിച്ചു. തുടർന്ന് തന്നെ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ ഭാര്യയെയും കുട്ടിയെയും ഒഴിവാക്കണമെന്ന് റഹ്മത്തിന് അജമതുൻ അന്ത്യശാസനം നൽകി. രണ്ട് ദിവസത്തെ സമയവും നൽകി.

രണ്ട് വയസ്സുള്ള മകൻ മുഹമ്മദ് അസദിനെ കൊലപ്പെടുത്താൻ റഹ്മത്ത് തീരുമാനിക്കുകയായിരുന്നു. ചീസ് ബോൾ വാങ്ങാനെന്ന വ്യാജേന റഹ്മത്ത് മകനെ മാഹിമിലെ ഹയാത്ത് കോംപൗണ്ടിലെ ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച്, കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയും മൃതദേഹം പ്ലാസ്റ്റിക് ഷീറ്റിൽ പൊതിഞ്ഞ് സമീപത്തെ കണ്ടൽക്കാടുകളിൽ തള്ളുകയുമായിരുന്നു. മിതി നദിക്ക് സമീപത്തെ കണ്ടൽക്കാടുകളിൽനിന്ന് കുട്ടിയുടെ മൃതദേഹം കണ്ടെത്തി. 

അയൽവാസിയായ അഫ്‌സൽ ജാഹിദ് ഖാനോട് ഭാര്യയെ ഒഴിവാക്കണമെന്ന് റഹ്മത്ത് പറഞ്ഞിരുന്നു. ഇതാണ് മകനെ റഹ്മത്ത് കൊലപ്പെടുത്തിയതാകാമെന്ന സംശയം ഉയർത്തിയതെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു. പൊലീസും ആളുകളും തന്റെ പേര് പറയുന്നുണ്ടോ എന്നറിയാനും സ്ഥലത്തെ സാഹചര്യം റഹ്മത്തിനെ ധരിപ്പിക്കാനും അജമതുൻ സംഭവ സ്ഥലം സന്ദർശിച്ചതായും പൊലീസ് കണ്ടെത്തി.

English Summary: Dharavi murder: Father was on call with girlfriend while strangulating 2-year-old son

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com