മോദിയുടെ സുരക്ഷയ്ക്ക് 2,060 പൊലീസ്; കടുത്ത നിയന്ത്രണം: വാഹനങ്ങൾക്ക് വഴിതിരിച്ചുവിടും
Mail This Article
കൊച്ചി∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് കൊച്ചി നഗരത്തിൽ കർശന നിയന്ത്രണം. റോഡ് ഷോ കടന്നുപോകുന്ന ഭാഗങ്ങളിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. പൊതുജന ബാഹുല്യം കണക്കിലെടുത്ത് റോഡ് ഷോയുടെ ദൈർഘ്യം 1.2 കിലോമീറ്ററില്‍നിന്ന് 1.8 കിലോമീറ്ററായി വര്‍ധിപ്പിച്ചിട്ടുണ്ട്. വെണ്ടുരുത്തിയില്‍നിന്ന് തേവര കോളജ് വരെയാണ് റോഡ് ഷോ.
തിങ്കളാഴ്ച വൈകിട്ട് അഞ്ചിന് നാവികസേന വിമാനത്താവളത്തിൽ എത്തുന്ന പ്രധാനമന്ത്രി വെണ്ടുരുത്തി പാലം മുതൽ റോഡ് ഷോയ്ക്കൊപ്പം ചേരും. തിരക്ക് കണക്കിലെടുത്താണ് പ്രധാനമന്ത്രിയുടെ റോഡ് ഷോ 1.8 കിലോമീറ്ററാക്കിയത്. വെണ്ടുരുത്തി–തേവര റൂട്ടിൽ ഉച്ചയ്ക്കുശേഷം ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.
ഉച്ചയ്ക്ക് 2 മുതൽ രാത്രി 8 വരെ പശ്ചിമകൊച്ചി ഭാഗത്ത് നിന്ന് എറണാകുളം ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ തോപ്പുംപടി, തേവര ഫെറി, കുണ്ടന്നൂർ, വൈറ്റില വഴിയും ഇടക്കൊച്ചി, അരൂർ വഴിയും എൻഎച്ചിൽ പ്രവേശിച്ച് എറണാകുളം ഭാഗത്തേക്ക് വരേണ്ടതാണ്. അതേസമയം, പശ്ചിമകൊച്ചി ഭാഗത്ത് നിന്നും തേവര ഭാഗത്തേക്ക് വാഹനങ്ങൾക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതല്ല. വാഹനങ്ങൾ ബിഒടി ഈസ്റ്റിൽ നിന്നും തിരിഞ്ഞ് തേവര ഫെറി വഴി കുണ്ടന്നൂർ, വൈറ്റില വഴി പോകേണ്ടതാണ്. തേവര ഫെറി ഭാഗത്ത് നിന്ന് തേവരയ്ക്കും തിരിച്ചും ഉച്ചയ്ക്ക് 2 മുതൽ രാത്രി 8 വരെ വാഹനങ്ങൾക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതല്ല.
എറണാകുളത്ത് നിന്നും പശ്ചിമകൊച്ചിക്ക് പോകുന്ന വലിയ വാഹനങ്ങൾ കുണ്ടന്നൂർ, അരൂർ വഴി പോകേണ്ടതാണ്. പള്ളിമുക്ക് ഭാഗത്ത് നിന്നു തേവര ഭാഗത്തേക്ക് ഉച്ചയ്ക്ക് 2 മുതൽ രാത്രി 8 വരെ വാഹനങ്ങൾക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതല്ല. വാഹനങ്ങൾ പള്ളിമുക്കിൽ നിന്നും തിരിഞ്ഞ് കടവന്ത്ര വഴി വൈറ്റിലയ്ക്ക് പോകേണ്ടതാണ്. മറൈൻ ഡ്രൈവ് ഭാഗത്ത് നിന്നും തേവര ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ ബിടിഎച്ചിൽ നിന്ന് തിരിഞ്ഞ് ജോസ് ജംക്ഷൻ വഴി പോകേണ്ടതാണ്. എറണാകുളം ഭാഗത്ത് നിന്നു പശ്ചിമകൊച്ചിയിലേക്ക് പോകുന്ന സർവീസ് ബസുകൾ പള്ളിമുക്കിൽ നിന്നും തിരിഞ്ഞ് കടവന്ത്ര, വൈറ്റില, കുണ്ടന്നൂർ, അരൂർ വഴി പോകേണ്ടതാണ്.
ചൊവ്വാഴ്ച രാവിലെ 8 മുതൽ 10.30 വരെ തേവര ഭാഗത്ത് നിന്നും പശ്ചിമ കൊച്ചി ഐലൻഡ് ഭാഗത്തേക്ക് വാഹനങ്ങൾക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതല്ല. വാഹനങ്ങൾ തേവര ജംക്ഷനിൽ നിന്നും തിരിഞ്ഞ് തേവര ഭാഗത്തേക്ക് പോകേണ്ടതാണ്. പശ്ചിമ കൊച്ചി ഭാഗത്തുനിന്നും തേവര ഭാഗത്തേക്ക് വാഹനങ്ങൾക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതല്ല. വാഹനങ്ങൾ ബിഒടി(BOT) ഈസ്റ്റിൽ നിന്നും തിരിഞ്ഞ് തേവര ഫെറി ഭാഗത്തേക്ക് പോകേണ്ടതാണ്.
തൃശൂർ ഭാഗത്ത് നിന്നും സമ്മേളനത്തിന് വരുന്ന വാഹനങ്ങൾ കടവന്ത്ര ഭാഗത്ത് ആളുകളെ ഇറക്കിയ ശേഷം എറണാകുളത്തപ്പൻ ഗ്രൗണ്ട്, കണ്ടെയ്നർ റോഡ്, കടവന്ത്ര മാവേലി റോഡ് എന്നിവിടങ്ങളിൽ പാർക്ക് ചെയ്യണം. ആലപ്പുഴ, കോട്ടയം, ഇടുക്കി ഭാഗത്തുനിന്നു വരുന്ന വാഹനങ്ങൾ തേവര ഫെറി ജംക്ഷനിൽ ആളുകളെ ഇറക്കിയ ശേഷം തേവര ഫെറി ബോട്ട് ഈസ്റ്റർ റോഡിൽ മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റ് ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ടിലും, ഇന്ദിരാഗാന്ധി റോഡിലും പാർക്ക് ചെയ്യേണ്ടതാണ്.
2060 പൊലീസുകാരെയാണ് സുരക്ഷയ്‌ക്കായി വിന്യസിച്ചിരിക്കുന്നത്. യുവം പരിപാടിയിൽ പങ്കെടുക്കാനെത്തുന്നവരുടെ കയ്യിൽ മൊബൈൽ ഫോണുകൾ മാത്രമേ അനുവദിക്കൂ.
English Summary: security tightened in kochi ahead of PM visit