ADVERTISEMENT

ചണ്ഡിഗഡ് ∙ പഞ്ചാബ് മുൻ മുഖ്യമന്ത്രിയും ശിരോമണി അകാലി ദളിന്റെ മുതിർന്ന നേതാവുമായ പ്രകാശ് സിങ് ബാദൽ അന്തരിച്ചു. 95 വയസ്സായിരുന്നു. ശ്വാസതടസത്തെത്തുടർന്ന് വെള്ളിയാഴ്ച മുതൽ മൊഹാലിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പ്രകാശ്  സിങ് ബാദലിനോടുള്ള ആദരസൂചകമായി രാജ്യത്ത് രണ്ടു ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി ബുധനാഴ്ചയും വ്യാഴാഴ്ചയും ദേശീയ പതാക പതിവായി ഉയർത്തുന്ന സ്ഥലങ്ങളിൽ പകുതി താഴ്ത്തിക്കെട്ടും. ഔദ്യോഗികമായ ആഘോഷ പരിപാടികളും ഈ ദിനങ്ങളിൽ ഉണ്ടാകില്ല. 

പ്രകാശ് സിങ് ബാദൽ മകൻ സുഖ്ബിർ സിങ് ബാദലിനൊപ്പം. ചിത്രം: രാഹുൽ ആർ. പട്ടം ∙ മനോരമ.
പ്രകാശ് സിങ് ബാദൽ മകൻ സുഖ്ബിർ സിങ് ബാദലിനൊപ്പം. ചിത്രം: രാഹുൽ ആർ. പട്ടം ∙ മനോരമ.

തീവ്രപരിചരണവിഭാഗത്തിൽ ചികിൽസയിലിരിക്കെ രാത്രി 8.28 നാണ് മരണമെന്ന് മകനും അകാലി ദൾ പാർട്ടി പ്രസിഡന്റും പഞ്ചാബ് മുന്‍ ഉപമുഖ്യമന്ത്രിയുമായ സുഖ്ബീർ സിങ് ബാദൽ അറിയിച്ചു. ഭട്ടിൻഡയിലെ ബാദൽ ഗ്രാമത്തിലായിരിക്കും സംസ്കാരം. ബുധനാഴ്ച രാവിലെ മൊഹാലിയിൽനിന്ന് ബാദൽ ഗ്രാമത്തിലേക്ക് ഭൗതികശരീരം കൊണ്ടുപോകും. പരേതയായ സുരീന്ദർ കൗറാണ് ഭാര്യ.

പ്രകാശ് സിങ് ബാദൽ. 2003 ജനുവരി ആറിലെ ചിത്രം (PTI PHOTO)
പ്രകാശ് സിങ് ബാദൽ. 2003 ജനുവരി ആറിലെ ചിത്രം (PTI PHOTO)

സ്വാതന്ത്ര്യാനന്തര പഞ്ചാബ് രാഷ്ട്രീയത്തിൽ ഒരു കാരണവരുടെ സ്ഥാനം അലങ്കരിച്ച വ്യക്തിത്വമായിരുന്നു പ്രകാശ് സിങ് ബാദൽ. അദ്ദേഹത്തിന്റെ വിയോഗത്തോടെ ഒരു രാഷ്ട്രീയ യുഗത്തിനാണ് പഞ്ചാബ് വിടപറയുന്നതും.

പ്രകാശ് സിങ് ബാദൽ അന്നത്തെ കേന്ദ്രമന്ത്രിയായിരുന്ന വിനോദ് ഖന്നയ്ക്ക് ഒപ്പം ഗുർദാസ്പുരിലെ അകാലിദൾ – ബിജെപി റാലിയിൽനിന്ന്. 2003 സെപ്റ്റംബർ 2ലെ ചിത്രം (PTI PHOTO)
പ്രകാശ് സിങ് ബാദൽ അന്നത്തെ കേന്ദ്രമന്ത്രിയായിരുന്ന വിനോദ് ഖന്നയ്ക്ക് ഒപ്പം ഗുർദാസ്പുരിലെ അകാലിദൾ – ബിജെപി റാലിയിൽനിന്ന്. 2003 സെപ്റ്റംബർ 2ലെ ചിത്രം (PTI PHOTO)

ഇന്ത്യൻ രാഷ്ട്രീയത്തിലെ അതികായന്മാരിൽ ഒരാളായ പ്രകാശ് സിങ് ബാദൽ രാജ്യത്തിനായി ഏറെ സംഭാവനകൾ നൽകിയ വ്യക്തിയാണെന്ന് അനുശോചനസന്ദേശത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററിൽ കുറിച്ചു. പഞ്ചാബിന്റെ പുരോഗതിക്കായി ഏറെ പരിശ്രമിച്ച അദ്ദേഹത്തെ വിയോഗം വ്യക്തിപരമായും തനിക്ക് ഏറെ നഷ്ടമാണെന്ന് പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

പ്രകാശ് സിങ് ബാദൽ. 2006 ജൂലൈ 17ലെ ചിത്രം. (PTI PHOTO)
പ്രകാശ് സിങ് ബാദൽ. 2006 ജൂലൈ 17ലെ ചിത്രം. (PTI PHOTO)

പഞ്ചാബിലെ മുക്തസൗർ ജില്ലയിലെ മാലൗട്ടിനു സമീപം അബുൽ ഖുരാന എന്ന ചെറിയ ഗ്രാമത്തിലെ ജാട്ട് സിഖ് കുടുംബത്തിൽ രഘുരാജ് സിങ്ങിന്റെയും സുന്ദ്രി കൗറിന്റെയും മകനായി 1927 ഡിസംബർ എട്ടിനാണ് ജനനം. അഞ്ചു തവണ പഞ്ചാബ് മുഖ്യമന്ത്രിയായി. 1970 ൽ നാൽപത്തിമൂന്നാം വയസ്സിൽ മുഖ്യമന്ത്രിപദമേറുമ്പോൾ പ‍ഞ്ചാബിൽ മുഖ്യമന്ത്രിയാകുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായി. തൊണ്ണൂറാം വയസ്സിൽ പഞ്ചാബിൽ മുഖ്യമന്ത്രിയായ ഏറ്റവും പ്രായം കൂടിയ വ്യക്തിയെന്ന പ്രത്യേകതയും പിന്നീട് ബാദലിനെ തേടിയെത്തി. 1995 മുതൽ 2008 വരെ അകാലിദൾ പാർട്ടി പ്രസിഡന്റായിരുന്നു. 2014 ൽ രാജ്യത്തെ രണ്ടാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മവിഭൂഷൺ ലഭിച്ചു.

പ്രകാശ് സിങ് ബാദൽ എ.ബി. വാജ്പേയിക്കൊപ്പം.
പ്രകാശ് സിങ് ബാദൽ എ.ബി. വാജ്പേയിക്കൊപ്പം.

1947 ൽ ഇരുപതാം വയസ്സിൽ ബാദൽ ഗ്രാമത്തിലെ സർപഞ്ചായി രാഷ്ട്രീയപ്രവർത്തനം തുടങ്ങിയ അദ്ദേഹം 1957 ൽ മുപ്പതാം വയസ്സിൽ കോൺഗ്രസ് പാർട്ടി ടിക്കറ്റിലാണ് ആദ്യമായി പഞ്ചാബ് വിധാൻ സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. 1969 ൽ സാമൂഹ്യ വികസനം, പഞ്ചായത്തീരാജ് എന്നീ വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയായി. 1995 ൽ അകാലിദൾ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ശേഷം ബിജെപിയുമായി തിരഞ്ഞെടുപ്പ് സഖ്യത്തിലേർപ്പെട്ട ബാദൽ 1997 ൽ വീണ്ടും പഞ്ചാബ് മുഖ്യമന്ത്രിപദത്തിലെത്തി.

പ്രകാശ് സിങ് ബാദൽ അകാലി നേതാക്കൾക്കൊപ്പം. 2005 ജൂലൈ 21ലെ ചിത്രം.(PTI PHOTO)
പ്രകാശ് സിങ് ബാദൽ അകാലി നേതാക്കൾക്കൊപ്പം. 2005 ജൂലൈ 21ലെ ചിത്രം.(PTI PHOTO)

1970 – 1971, 1977 – 1980, 1997 – 2002, 2007 – 2017 കാലയളവുകളിലാണ് അദ്ദേഹം പഞ്ചാബ് മുഖ്യമന്ത്രിയായത്. 1972 ലും 1980 ലും 2002 ലും വിധാൻ സഭയിലെ പ്രതിപക്ഷ നേതാവായി. 11 തവണ വിധാൻ സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1977 ൽ അന്നത്തെ പ്രധാനമന്ത്രി മൊറാർജി ദേശായിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര മന്ത്രിസഭയിൽ കൃഷി, ജലസേചന മന്ത്രിയായും സേവനമനുഷ്ഠിച്ചു.

പ്രകാശ് സിങ് ബാദൽ നരേന്ദ്ര മോദിക്കും എൽ.കെ. അഡ്വാനിക്കുമൊപ്പം. 2011 സെപ്റ്റംബർ 17ലെ ചിത്രം. (PTI Photo)
പ്രകാശ് സിങ് ബാദൽ നരേന്ദ്ര മോദിക്കും എൽ.കെ. അഡ്വാനിക്കുമൊപ്പം. 2011 സെപ്റ്റംബർ 17ലെ ചിത്രം. (PTI Photo)

നേതൃത്വം ഏൽപ്പിക്കുന്നതുമായി ബന്ധപ്പെട്ട് പാർട്ടിക്കുള്ളിലുണ്ടായ അഭിപ്രായഭിന്നതകൾക്കിടയിലും മകൻ സുഖ്ബീർ സിങ് ബാദലിനെ ആ നിയോഗമേൽപ്പിച്ച ശേഷമാണ് പ്രകാശ് സിങ് ബാദൽ വിശ്രമജീവിതത്തിലേക്ക് കടന്നത്. പിന്നീട് വിവാദമായ മൂന്നു കാർഷിക നിയമങ്ങളുമായി ബന്ധപ്പെട്ട് മോദി സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി രംഗത്തുവന്ന ബാദൽ 2020 ൽ പ്രതിഷേധസൂചകമായി പത്മവിഭൂഷൺ ബഹുമതി മടക്കിനൽകിയതും വാർത്തകളിൽ ഇടംനേടി.

പ്രകാശ് സിങ് ബാദൽ മൊണ്ടേക് സിങ് അഹ്‌ലുവാലിയയ്ക്കൊപ്പം. 2007 മേയ് 31ലെ ചിത്രം.
പ്രകാശ് സിങ് ബാദൽ മൊണ്ടേക് സിങ് അഹ്‌ലുവാലിയയ്ക്കൊപ്പം. 2007 മേയ് 31ലെ ചിത്രം.

13 തവണ നിയമസഭയിലേക്ക് മൽസരിച്ച ബാദൽ അതിൽ 11 തവണയും വിജയിച്ചു. ഇതിൽ 1969 മുതൽ 2017 വരെ തുടർച്ചയായാണ് പത്തു തവണ അദ്ദേഹം നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. 2022 ലെ പഞ്ചാബ് തിരഞ്ഞെടുപ്പിൽ ശക്തികേന്ദ്രമായ ലംബി മണ്ഡലത്തിൽ മൽസരിച്ചെങ്കിലും ആം ആദ്മി പാർട്ടി സ്ഥാനാർഥി ഗുർമീത് സിങ്ങിനോട് 11,000ൽ പരം വോട്ടുകൾക്ക് പരാജയപ്പെട്ടു.

പ്രകാശ് സിങ് ബാദൽ (Photo by NARINDER NANU / AFP)
പ്രകാശ് സിങ് ബാദൽ (Photo by NARINDER NANU / AFP)

English Summary: SAD patriarch and former Punjab CM Parkash Singh Badal passes away at 95

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com