ADVERTISEMENT

ചെന്നൈ ∙ തമിഴ്നാട് മുഖ്യമന്ത്രിയെയും ധനമന്ത്രിയെയും ലക്ഷ്യമിട്ട് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.അണ്ണാമലൈ രണ്ടാമത്തെ ശബ്ദരേഖ കൂടി പുറത്തുവിട്ടതോടെ ഡിഎംകെ സർക്കാർ പ്രതിസന്ധിയിൽ. ധനമന്ത്രി പളനിവേൽ ത്യാഗരാജന്‍റേത് (പിടിആർ) എന്നുപറഞ്ഞാണു ബിജെപി ശബ്ദരേഖ പ്രചരിപ്പിക്കുന്നത്. മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ കുടുംബത്തിലെ അഴിമതിയെ ശബ്ദരേഖയിൽ വിമർശിക്കുന്നെന്നാണു റിപ്പോർട്ട്. ‘കൊള്ളമുതലിന്റെ വലിയൊരുഭാഗം മുഖ്യമന്ത്രിയുടെ മകനും മരുമകനും കൊണ്ടുപോയി’ എന്നാണു പറയുന്നത്.

സ്റ്റാലിന്‍റെ മകനും മന്ത്രിയുമായ ഉദയനിധി സ്റ്റാലിൻ, മരുമകൻ ശബരീശൻ എന്നിവരെപ്പറ്റിയും ഓഡിയോ ക്ലിപ്പിൽ പളനിവേൽ ത്യാഗരാജൻ സംസാരിക്കുന്നുണ്ടെന്നാണ് അവകാശവാദം. ‘‘ഒരാൾക്ക് ഒരു പദവി എന്ന തത്വം ബിജെപി പാലിക്കുന്നുണ്ട്. ഇതാണു ബിജെപിയെ സംബന്ധിച്ച് എനിക്ക് ഇഷ്ടപ്പെട്ട കാര്യം. ഡിഎംകെയിൽ ഇത്തരം സംവിധാനങ്ങളുടെ കുറവുണ്ട്’’– ശബ്ദരേഖയിൽ പറയുന്നു. ഡിഎംകെയും ബിജെപിയും തമ്മിലുള്ള വ്യത്യാസം കൃത്യമായി പറഞ്ഞതിന് പളനിവേലിനു നന്ദി പറഞ്ഞ് അണ്ണാമലൈ ട്വീറ്റ് ചെയ്തു.

കഴിഞ്ഞയാഴ്ച അണ്ണാമലൈ പുറത്തുവിട്ട ഫോൺ ശബ്ദരേഖയുടെ ആദ്യഭാഗത്തിൽ, ഉദയനിധിയും ശബരീശനും 30,000 കോടി രൂപ സ്വരുക്കൂട്ടി എന്നായിരുന്നു ആരോപണം. ശബ്ദരേഖ വ്യാജമാണെന്നാണ് പളനിവേലിന്റെയും ഡിഎംകെയുടെയും നിലപാട്. ‘‘ഞങ്ങളെ ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങൾ വിജയിക്കില്ലെന്നും ഇത്തരത്തിൽ കൂടുതൽ വിഡിയോകളും ഓഡിയോകളും വരും’’ എന്നും പളനിവേൽ പ്രതികരിച്ചു. ‘ഡിഎംകെ ഫയൽസ്’ എന്ന പേരിൽ ഏപ്രിൽ 14ന് പുറത്തുവിട്ട രേഖകളിൽ ഡിഎംകെ നേതാക്കൾ അനധികൃതമായി 1.34 ലക്ഷം കോടി രൂപ സമ്പാദിച്ചതായും അണ്ണാമലൈ ആരോപിച്ചിരുന്നു. 

English Summary: Tamil Nadu Minister In A Spot After State BJP Chief's Audio Clip Attack

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com