'കേരളം ഏറെ സുന്ദരം, അവിടുത്തെ ഭീകര ഗൂഢാലോചനയാണ് സിനിമ പുറത്തുകൊണ്ടുവന്നത്'
Mail This Article
ബെല്ലാരി∙ ‘ദ് കേരള സ്റ്റോറി’ എന്ന സിനിമയെ പിന്തുണച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കർണാടകയിലെ ബെല്ലാരിയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുക്കുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ പ്രസ്താവന. ഏറെ സുന്ദരമായ നാടാണ് കേരളം. കഠിനാധ്വാനികളും പ്രതിഭാശാലികളുമായ ആളുകളാണ് അവിടെയുള്ളത്. ആ സമൂഹത്തിൽ അരേങ്ങറുന്ന ഭീകരവാദത്തിന്‍റെ അനന്തരഫലങ്ങൾ തുറന്ന് കാട്ടുന്നതിനാണ് സിനിമയിലൂടെ ശ്രമിച്ചിരിക്കുന്നതെന്നും മോദി പറഞ്ഞു.
കോൺഗ്രസ് സിനിമ നിരോധിക്കാനും ഭീകരസംഘടനകൾക്ക് പിന്തുണ നൽകുവാനുമാണ് ശ്രമിക്കുന്നത്. അവർക്ക് എല്ലാ നിരോധിക്കാനും വികസനം തടയാനും മാത്രമാണ് അറിയുന്നത്. ‘ജയ് ബജറ്ങ് ബലി’യെന്ന് വിളിക്കുന്നത് പോലും അവർക്ക് പ്രശ്നമാണ്.
ഭീകരവാദ ഗൂഢാലോചന അടിസ്ഥാനമാക്കിയാണ് ‘ദ് കേരള സ്റ്റോറി’ നിര്‍മിച്ചിരിക്കുന്നത്. അത് ഭീകരവാദത്തിന്റെ വിരൂപമായ സത്യമാണ് പുറത്തുകാട്ടുന്നത്. വോട്ട് ബാങ്കിനു വേണ്ടിയാണ് കോണ്‍ഗ്രസ് ഭീകരപ്രവര്‍ത്തനത്തെ പിന്തുണയ്ക്കുന്നതെന്നും മോദി പറഞ്ഞു.
'ഇക്കാലഘട്ടത്തില്‍ ഭീകരപ്രവര്‍ത്തനത്തിനു പുതിയ രൂപം കൈവന്നിരിക്കുകയാണ്. ആയുധങ്ങളും ബോംബുകളും ഉപയോഗിക്കുന്നതിനു പകരം സമൂഹത്തെ അകത്തുനിന്നും പുറത്തുനിന്നും തകര്‍ക്കാനുള്ള നീക്കമാണു നടത്തുന്നത്. കേരളാ സ്‌റ്റോറിയെന്ന സിനിമ ഈ നീക്കമാണു പുറത്തുകൊണ്ടുവന്നത്. അധികാരത്തിലിരുന്നപ്പോള്‍ കോണ്‍ഗ്രസ് ഭീകരസംഘടനകള്‍ക്കു മുന്നില്‍ മുട്ടുമടക്കിയിരുന്നു. എല്ലാം അനുഭവിച്ചത് ജനങ്ങളാണ്. രാജ്യത്തെ ഭീകരവാദത്തില്‍നിന്ന് രക്ഷിക്കാന്‍ കോണ്‍ഗ്രസ് ഒരിക്കലും ശ്രമിച്ചില്ല. അതേ കോണ്‍ഗ്രസിന് കര്‍ണാടകയെ സംരക്ഷിക്കാന്‍ കഴിയുമോ.' - മോദി ചോദിച്ചു.
നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന കര്‍ണാടകയില്‍ വ്യാപകമായ പ്രചാരണമാണ് പ്രധാനമന്ത്രി നടത്തുന്നത്. രണ്ട് ദിവസത്തിനുള്ളില്‍ ബെംഗളൂരുവില്‍ മാത്രം 17 നിയമസഭാ മണ്ഡലങ്ങളില്‍ മോദി പ്രസംഗിക്കും. ഇതിനു പുറമേ 36 കിലോമീറ്റര്‍ റോഡ് ഷോയും സംഘടിപ്പിച്ചിട്ടുണ്ട്.
English Summary: PM Narendra Modi invokes ‘The Kerala Story’, says ‘anti-India’ plot exposed in film