ഉത്തർപ്രദേശുകാരുടെ മുട്ടുവിറപ്പിച്ച മുണ്ഡലി; ഇന്ന് മാതൃകാ മുത്തുഗ്രാമം, നാട്ടുകാർക്ക് പണം
Mail This Article
ലക്നൗ ∙ മുണ്ഡലി എന്നുകേട്ടാൽ ഉത്തർപ്രദേശുകാരുടെ മുട്ടുവിറയ്ക്കും. പേടികൊണ്ട് സഞ്ചാരികളൊന്നും തിരിഞ്ഞുനോക്കാത്തൊരു ഗ്രാമം. പകൽ പോലും സഞ്ചരിക്കാനാകാത്ത അവസ്ഥ. കൊള്ള, തട്ടിക്കൊണ്ടുപോകൽ, പിടിച്ചുപറി തുടങ്ങി എല്ലാവിധ കുറ്റകൃത്യങ്ങളുടെയും ആസ്ഥാനം. ഈ നാട്ടുകാരനാണെന്നു പറഞ്ഞാൽ പുറത്ത് ജോലി പോലും ലഭിക്കില്ലായിരുന്നു. അതെല്ലാം പഴങ്കഥയാക്കി ഇന്ന് മുത്തുകൾ നിറഞ്ഞൊരു ഗ്രാമമായി മുഖംമാറിയിരിക്കുകയാണ് മുണ്ഡലി. ഓരോ വീട്ടകങ്ങളും മുത്തുകൾ കൊരുക്കുന്ന തിരക്കിലാണ്. കെട്ടകാലത്തെക്കുറിച്ച് പലർക്കും ഓർമകൾ മാത്രം.
1980കളിലാണ് മുണ്ഡലിയുടെ മാറ്റത്തിന്റെ തുടക്കം. ഒരിക്കൽ മുഹമ്മദ് സബ്‌രങ് എന്ന ഗ്രാമവാസി, ഗാസിയാബാദിലെ ബന്ധുവിൽനിന്ന് മുത്തുകൾ വാങ്ങി, അലങ്കാരവസ്തുക്കൾ ഉണ്ടാക്കുവാൻ തുടങ്ങുകയായിരുന്നു. ആദ്യം ഗ്രാമവാസികൾ പരിഹസിച്ചെങ്കിലും, പിന്നീട് സബ്‌രങ്ങിന്റെ കുടുംബത്തിനുണ്ടാകുന്ന പുരോഗതി ശ്രദ്ധിക്കുവാൻ തുടങ്ങി. ഇതാണ് എല്ലാമാറ്റങ്ങളുടെയും തുടക്കമെന്ന് ഗ്രാമവാസിയായ സാക്കിർ അഹമ്മദ് ദേശീയ മാധ്യമത്തോടു പറഞ്ഞു.
ഇതോടെയാണ് പല ഗ്രാമവാസികളും പണം സമ്പാദിക്കുന്നതിനായി മുത്തുകൊരുക്കൽ ജോലികൾ തുടങ്ങിയത്. സ്ത്രീകൾ പലതരത്തിലുള്ള വസ്‌തുക്കൾ നിർമിച്ചു. മാല, വള, കമ്മൽ, അലങ്കാര വസ്തുക്കൾ തുടങ്ങിയവ നിർമിക്കാൻ തുടങ്ങിയതോടെ ഗ്രാമത്തിനോടുള്ള പേടി മറന്ന് ആവശ്യക്കാരെത്താൻ തുടങ്ങി. ഇന്നിവിടെ 80 ശതമാനത്തോളം ഗ്രാമവാസികളും മുത്തുകൊരുക്കൽ ജോലികളാണ് ചെയ്യുന്നത്. പല സാധനങ്ങളും നിർമിച്ച് കയറ്റുമതി ചെയ്യുന്നു. ഡൽഹി, മുബൈ എന്നിവിടങ്ങളിലെ കൈത്തറി–കരകൗശല നിർമാതാക്കളാണ് കയറ്റുമതിക്കായി മുണ്ഡലിയെ ആശ്രയിക്കുന്നത്.
ജോലിയും പണവും ലഭിച്ചതോടെ മുണ്ഡലിയിൽ കുറ്റകൃത്യങ്ങൾ കുറഞ്ഞുതുടങ്ങി. ഇന്ന് ഗ്രാമം ശാന്തമാണ്. പല പ്രശ്നങ്ങളും സൗഹാർദത്തിൽ പറഞ്ഞു തീർക്കുന്ന അവസ്ഥയിലാണ് ജനങ്ങളെന്ന് യുപി പൊലീസും പറയുന്നു. ദിവസേന 700 രൂപ വരെയാണ് പലരുടെയും വരുമാനം. ജോലി ഇല്ലെന്ന് ആരും പറയാറുമില്ല.
English Summary: How a notorious village turns into a beadwork village