മെഡിക്കൽ വിദ്യാർഥിനിക്കു നേരെ ട്രെയിനിൽ ലൈംഗികാതിക്രമം; ഫോട്ടോ പുറത്തുവിട്ട് പൊലീസ്
Mail This Article
കാസർകോട് ∙ ട്രെയിൻ യാത്രക്കാരിയായ മെഡിക്കൽ വിദ്യാർഥിനിക്കു നേരെ ലൈംഗിക അതിക്രമമുണ്ടായതായി പരാതി. ചെന്നൈയിൽ നിന്നു മംഗളൂരുവിലേക്ക് പോവുകയായിരുന്ന ചെന്നൈ–മംഗളൂർ എക്സ്പ്രസ് ട്രെയിനിൽ ചൊവ്വാഴ്ച രാവിലെയാണ് ലൈംഗികാതിക്രമം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് പ്രതിയെന്നു സംശയിക്കുന്നയാളുടെ ഫോട്ടോ പൊലീസ് പുറത്തുവിട്ടു.
ചെന്നൈ–മംഗളൂർ എക്സ്പ്രസ് ട്രെയിനിൽവച്ച് ഇയാൾ ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി. ഇയാൾ തലശേരിയിൽ നിന്നാണ് ട്രെയിനിൽ കയറിയതെന്നാണ് വിവരം. നീലേശ്വരം വരെ യാത്ര ചെയ്ത പ്രതി, പിന്നീട് നീലേശ്വരം റെയിൽവേ സ്റ്റേഷനിലിറങ്ങി രക്ഷപ്പെടുകയായിരുന്നു. തുടർന്ന് വിദ്യാർഥിനി സംഭവം റെയിൽവേ പൊലീസിൽ അറിയിച്ചു.
വിദ്യാർഥിനിയുടെ പരാതിയിൽ കാസർകോട് റെയിൽവേ പൊലീസാണ് കേസ് റജിസ്റ്റർ ചെയ്തത്. പ്രതിക്കായുള്ള അന്വേഷണത്തിന്റെ ഭാഗമായാണ് പൊലീസ് ഫോട്ടോ പുറത്തുവിട്ടത്. ഈ ഫോട്ടോയിൽ കാണുന്ന വ്യക്തിയെക്കുറിച്ച് അറിയുന്നവർ വിവരം നൽകണമെന്ന് റെയിൽവേ പൊലീസ് എസ്ഐ എം.രാജ്കുമാർ അഭ്യർഥിച്ചു.
English Summary: Medical Student Sexually Abused In Running Train At Kasargod