‘അന്നും ഇന്നും’: പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം സമൂഹമാധ്യമങ്ങളിലും വൈറൽ
Mail This Article
ന്യൂഡൽഹി ∙ പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തിന് പിന്നാലെ ചടങ്ങിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലും ട്രോൾ പേജുകളിലും നിറയുകയാണ്. നെഹ്‌റുവിന്റെ കാലവും അവിടെനിന്ന് ഇന്ന് എവിടെ വരെ എത്തി നിൽക്കുന്നു എന്ന ചിത്രവും ചേർത്തുവച്ച പോസ്റ്റുകളാണ് കോൺഗ്രസ് പേജുകളിൽ നിറയുന്നത്. ചെങ്കോലിന് മുന്നിൽ സാഷ്ടാംഗം നമസ്‌കരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രവും ഇക്കൂട്ടത്തിലുണ്ട്.
ഗാന്ധി പ്രതിമയ്ക്കു മുന്നിൽ രാവിലെ 7.30ന് ലോക്സഭാ സ്‌പീക്കർ ഓം ബിർളയ്‌ക്കൊപ്പം പ്രധാനമന്ത്രി മോദി പുഷ്‌പാർച്ചന നടത്തിയതോടെയാണ് പുതിയ പാർലമെന്റ് മന്ദിരം ഉദ്ഘാടനത്തിന്റെ ഒന്നാംഘട്ട ചടങ്ങുകൾക്ക് തുടക്കമായത്. പിന്നാലെ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ പുരോഹിതർ പുതിയ മന്ദിരത്തിനു പുറത്ത് പൂജ നടത്തി. പൂർണകുംഭം നൽകി പ്രധാനമന്ത്രിയെ പൂജയിലേക്ക് പുരോഹിതർ സ്വീകരിച്ചു. പൂജയ്‌ക്കിടെ, ചെങ്കോലിനു മുന്നിൽ പ്രധാനമന്ത്രി നമസ്‍കരിച്ചു. തിരുവാവടുത്തുറൈ പ്രതിനിധി ചെങ്കോൽ പ്രധാനമന്ത്രിക്ക് കൈമാറി.
പുരോഹിതരുടെ അകമ്പടിയോടെ ലോക്‌സഭയിലെത്തിയ പ്രധാനമന്ത്രി, ലോക്‌സഭാ സ്‌പീക്കറുടെ ഇരിപ്പിടത്തിനു സമീപം ചെങ്കോൽ സ്ഥാപിച്ചു. ശേഷം ലോക്സഭയിൽ മോദി നിലവിളക്ക് തെളിച്ചു. തുടർന്ന് ഉദ്ഘാടന ഫലകം അനാച്ഛാദനം ചെയ്ത പ്രധാനമന്ത്രി, പുതിയ പാർലമെന്റ് മന്ദിരം രാജ്യത്തിന് സമർപ്പിച്ചു. പുതിയ പാർലമെന്റ് നിർമിച്ച തൊഴിലാളികളെ അദ്ദേഹം ആദരിച്ചു. ശേഷം പാർലമെന്റ് ലോബിയിൽ സർവമത പ്രാർഥനയിൽ പങ്കെടുത്തു. പ്രാർഥനയ്‌ക്കുശേഷം വിവിധ മേഖലയിലുള്ള ആളുകളുമായി കൂടിക്കാഴ്ച നടത്തി.
English Summary: Social media trolls about new parliament inaguration