കാൽ വഴുതി കിണറ്റിൽ വീണ ഗൃഹനാഥൻ മരിച്ചു; രക്ഷിക്കാനായി ചാടിയ ഭാര്യയ്ക്ക് പരുക്ക്
Mail This Article
ചേർപ്പ് (തൃശൂർ)∙ വീടിനു മുന്നിലെ ആൾമറയില്ലാത്ത കിണറിന്റെ വശത്തു കൂടി നടക്കുന്നതിനിടയിൽ കിണറ്റിലേക്ക് കാൽ വഴുതി വീണയാൾ മരിച്ചു. തൃശൂർ ചേർപ്പ് സിഎൻഎൻ സ്കൂൾ ഗ്രൗണ്ടിന് സമീപം താമസിക്കുന്ന പാണ്ടിയത്ത് വീട്ടിൽ പ്രതാപൻ(65) ആണ് മരിച്ചു. രക്ഷിക്കാൻ കിണറ്റിലേക്കു ചാടിയ പ്രതാപന്റെ ഭാര്യ വത്സലയെ നാട്ടുക്കാർ രക്ഷിച്ചു. ബുധനാഴ്ച വൈകിട്ട് 6.30 ഓടെയായിരുന്നു സംഭവം.
മേഖലയിലെ വ്യാപാര സ്ഥാപനങ്ങളിലേക്ക് കുടിവെള്ളം എത്തിക്കുന്ന ജോലി ചെയ്യുന്ന പ്രതാപൻ, ജോലി കഴിഞ്ഞ് വീട്ടിലെത്തി കിണറിന് സമീപത്തു കൂടി നടക്കുന്നതിനിടയിലാണ് കാൽ വഴുതി വെള്ളം നിറഞ്ഞു കിടക്കുന്ന കിണറ്റിലേക്കു വീണത്. സംഭവം കണ്ട ഭാര്യ വത്സല ഇദ്ദേഹത്തെ രക്ഷിക്കാൻ പിന്നാലെ ചാടി. വത്സലയുടെ നിലവിളി കേട്ട് ഓടിയെത്തിയ അയൽവാസികൾ കിണറ്റിൽ ഇറങ്ങി ഏണി വച്ച് വത്സലയെ കിണറിനു പുറത്തെത്തിച്ച് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പിന്നീട് പ്രതാപനായി നാട്ടുക്കാർ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. കിണറ്റിൽ അഞ്ചു തൊട്ടിയോളം വെള്ളം ഉണ്ടായിരുന്നതും കിണർ വലിയ രീതിയിൽ അടിഭാഗം മണ്ണിടിഞ്ഞ് വശങ്ങളിലേക്ക് ഗർത്തം രൂപപ്പെട്ടതും രക്ഷാപ്രവർത്തനം ദുഷ്ക്കരമാക്കി. ഇതിനിടയിൽ അഗ്നിശമന സേനാംഗങ്ങളും സ്ഥലത്തെത്തി തിരച്ചിൽ ആരംഭിച്ചു. രാത്രി 9ന് ശേഷമാണ് ഇവർക്ക് പ്രതാപന്റെ മൃതദേഹം പുറത്തെടുക്കാനായത്. കിണറിന്റെ അടിഭാഗത്ത് മണ്ണിടിഞ്ഞ ഭാഗത്ത് കുടുങ്ങിക്കിടക്കുന്ന നിലയിലായിരുന്ന മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്കു മാറ്റി.
English Summary: Man dies after fell into well, Thrissur