‘അജിത് ഡോവൽ ഇന്ത്യയുടെ മാത്രമല്ല, ലോകത്തിന്റെ മുഴുവൻ സ്വത്ത്’: പുകഴ്ത്തി യുഎസ് സ്ഥാനപതി
Mail This Article
ന്യൂഡൽഹി∙ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ ഇന്ത്യയുടെ മാത്രമല്ല, ലോകത്തിന്റെ തന്നെ സ്വത്താണെന്ന് ഇന്ത്യയിലെ യുഎസ് സ്ഥാനപതി എറിക് ഗാർസെറ്റി. ഉത്തരാഖണ്ഡിലെ തികച്ചും ഗ്രാമീണ പശ്ചാത്തലത്തിൽനിന്നു വന്ന് ഇന്ത്യയുടെ സുരക്ഷാ ഉപദേഷ്ടാവായി മാറിയ ഡോവലിന്റെ വളർച്ച ചൂണ്ടിക്കാട്ടിയാണ്, അദ്ദേഹം ലോകത്തിന്റെ തന്നെ സ്വത്താണെന്ന ഗാർസെറ്റിയുടെ അനുമോദനം. ഇന്ത്യയും യുഎസും തമ്മിലുള്ള അടിയുറച്ച ബന്ധത്തിൽ ഗാർസെറ്റി മതിപ്പും രേഖപ്പെടുത്തി.
‘‘ഇന്ത്യയും യുഎസും തമ്മിലുള്ള ബന്ധത്തിന്റെ ആഴം പരിശോധിച്ചാൽ, അതു വളരെ ശക്തമാണെന്നു മനസ്സിലാക്കാം. ഇന്ത്യക്കാർക്ക് അമേരിക്കൻ ജനതയെയും അമേരിക്കൻ ജനതയ്ക്ക് ഇന്ത്യക്കാരെയും ഇഷ്ടമാണെന്നത് വളരെ സ്പഷ്ടമാണ്’ – എറിക് ഗാർസെറ്റി ചൂണ്ടിക്കാട്ടി. ഡൽഹിയിൽ, യുഎസ്–ഇന്ത്യ സംയുക്ത സംരംഭമായ ‘എമർജിങ് ടെക്നോളജീസ് മീറ്റി’ൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘‘ഡിജിറ്റൽ പേയ്മെന്റ്സ്, ഫിനാൻഷ്യൽ ടെക്നോളജി എന്നീ രംഗങ്ങളിൽ ഇന്ത്യ കൈവരിച്ച നേട്ടം ലോകത്തിന്റെ തന്നെ ശ്രദ്ധ നേടിയതാണ്. ഇന്ത്യയിൽ ഗ്രാമത്തിൽ ജീവിക്കുന്ന ചായ വിൽപനക്കാരനു പോലും സർക്കാർ നൽകുന്ന പണം പൂർണമായും അവരുടെ ഫോണിലേക്ക് സ്വീകരിക്കാൻ സാധിക്കുന്നു’ – എറിക് ഗാർസെറ്റി ചൂണ്ടിക്കാട്ടി.
അടുത്തിടെ വിവിധ മതനേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയിൽ അവരിൽ ഒരാൾ നടത്തിയ രസകരമായ പരാർമശവും എറിക് ഗാർസെറ്റി സംസാരമധ്യേ പരാമർശിച്ചു: ‘‘4ജി, 5ജി, 6ജി എന്നിങ്ങനെയുള്ള ചർച്ചകൾ നാം സ്ഥിരമായി കേൾക്കുന്നുണ്ട്. പക്ഷേ, ഇന്ത്യയിൽ ഞങ്ങൾക്ക് അതിനേക്കാൾ കരുത്തുറ്റ ഒന്നുണ്ട് – ഗുരുജി’ – ഗാർസെറ്റി പറഞ്ഞു.
അതിനിടെ, പ്രധാനമന്ത്രിയുടെ യുഎസ് സന്ദർശനത്തിൽ പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്ന തന്ത്രപധാനമായ ഇടപാടുകൾ സംബന്ധിച്ച അവസാനഘട്ട ചർച്ചകൾക്കായി ദേശീയ സുരക്ഷ ഉപദേഷ്ടാവ് ജെയ്ക് സള്ളിവൻ എത്തി. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. എഫ്– 404 പോർവിമാന എൻജിൻ ഇടപാടിന്റെ സാങ്കേതികവിദ്യാ കൈമാറ്റം, സെമികണ്ടക്ടർ നിർമാണം, ക്വാണ്ടം കംപ്യൂട്ടിങ്, സൈബർ സുരക്ഷ എന്നീ രംഗങ്ങളിൽ സഹകരണം എന്നിവ സംബന്ധിച്ച നയപരമായ കാര്യങ്ങൾ സന്ദർശനത്തിൽ ചർച്ചയാകും.
English Summary: "An International Treasure": US Envoy's Praise For Ajit Doval