ADVERTISEMENT

മുംബൈ∙ കൂട്ടപ്പിറപ്പിനെ 36 വർഷം ഉദരത്തിൽ ചുമന്ന് ഒരു പുരുഷൻ. മഹാരാഷ്ട്രയിലെ നാഗ്പുരിലാണു സംഭവം. ‘ഗർഭം ധരിച്ച പുരുഷൻ’ എന്നറിയപ്പെടുന്ന സഞ്ജു ഭഗത്താണ് തനിക്കൊപ്പം ജനിക്കേണ്ടിയിരുന്ന ഇരട്ട സഹോദരനെ 36 വർഷത്തോളം ഉദരത്തിൽ ചുമന്നത്. തന്റെ വയറിനുള്ളിൽ മറ്റൊരാളുണ്ടെന്ന് അറിയാതെയായിരുന്നു ഇത്രകാലവും സഞ്ജു ജീവിച്ചത്.

1963ലാണ് സഞ്ജു ഭഗത് ജനിച്ചത്. കുട്ടിക്കാലം മുതൽ തന്നെ തന്റെ പ്രായത്തിലുള്ള കുട്ടികൾക്കു സാധാരണ ഉണ്ടാകാറുള്ളതിനേക്കാൾ കൂടുതൽ വയറുണ്ടായിരുന്നു സഞ്ജു ഭഗത്തിന്. എന്നാൽ ഇരുപതു വയസ്സുവരെ ഇത് അദ്ദേഹത്തിന് ഒരു പ്രശ്നമായിരുന്നില്ല. എല്ലാ ദിവസവും അദ്ദേഹം കൃഷിയിടത്തിൽ പോയി ജോലി എടുക്കും. ക്രമേണ വയർ വലുതായി. ശ്വസിക്കാൻ പോലും സാധിക്കാത്ത അവസ്ഥ വന്നപ്പോഴാണ് സഞ്ജു ഭഗത് മുംബൈയിലെ ആശുപത്രിയിൽ 1999ൽ ചികിത്സ തേടിയത്.

പരിശോധനയിൽ ഭഗത്തിന്റെ വയറിൽ ഒരു വലിയ ട്യൂമറുള്ളതായി ഡോ. അജയ് മേഹ്ത കണ്ടെത്തി. ആദ്യം ഇത് ക്യാൻസറാണെന്നാണ് കരുതിയത്. പിന്നീടാണ് മറ്റൊരു മനുഷ്യനാണ് സ‍ഞ്ജുവിനുള്ളിൽ വളർന്നതെന്നു മനസ്സിലായതെന്നും ഡോ. അജയ് മേഹ്ത ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ പറയുന്നു. പുറത്തെടുത്ത മാംസ പിണ്ഡത്തിൽ മുടിയും അസ്ഥികളും ഉണ്ടായിരുന്നതായും അദ്ദേഹം വെളിപ്പെടുത്തി.

‘‘വയറിലേക്കു കൈയിട്ടപ്പോൾ നിരവധി അസ്ഥികളാണ് ആദ്യം കിട്ടിയത്. പിന്നീട് ജനനേന്ദ്രിയത്തിന്റെ ഏതാനും ഭാഗങ്ങൾ, മുടി, കൈകാലുകൾ, താടിയെല്ലുകൾ എന്നിവ ഇയാളുടെ ഉദരത്തിലെ ട്യൂമറെന്ന് കരുതിയതിൽനിന്നു കണ്ടെത്തി. ഞങ്ങൾ അമ്പരന്നു’’– ഡോക്ടർ വ്യക്തമാക്കുന്നു.

നാഷനൽ ലൈബ്രറി ഓഫ് മെഡിസിൻ പറയുന്നതനുസരിച്ച് ‘ഫീറ്റസ് ഇൻ ഫീറ്റു’ എന്ന അവസ്ഥയാണ് ഇത്. ഗര്‍ഭത്തിൽ വച്ചു തന്നെ ഇല്ലാതാകുന്ന ഈ ‘ഇരട്ടകൾ’ സഹോദരശരീരത്തിനകത്തു ട്യുമറായി വളരുന്നു. സാധാരണഗതിയിൽ ഇത്തരം അവസ്ഥകൾ നേരത്തെ തന്നെ തിരിച്ചറിയാറുണ്ട്. ഇതു വളരെ അപൂർവമായാണ് ഉണ്ടാകുന്നത്. അഞ്ച് ലക്ഷത്തിൽ ഒരാളിൽ മാത്രമാണ് ഇത്തരത്തിലുള്ള അവസ്ഥ ഉണ്ടാകുന്നത്.

English Summary: Nagpur Man Thought To Be Pregnant, Carried His Twin For 36 Years

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com