ADVERTISEMENT

കൊല്ലം∙ സിനിമാ–സീരിയൽ– നാടക നടൻ ടി.എസ്.രാജു അന്തരിച്ചതായി പ്രചരിച്ചത് വ്യാജ വാർത്ത. ഇന്നു രാവിലെ മുതലാണ് സമൂഹമാധ്യമങ്ങളിൽ വാർത്ത വ്യാപകമായി പ്രചരിച്ചത്. നടന്മാര്‍ ഉള്‍പ്പെടെ അനുശോചനക്കുറിപ്പുകള്‍ പങ്കുവയ്ക്കുകയും ചെയ്തു. എന്നാൽ താൻ മരിച്ചിട്ടില്ലെന്നും കൊല്ലത്തെ വീട്ടിൽ സുഖമായി ഇരിക്കുന്നെന്നും ടി.എസ്.രാജു ‘മനോരമ ഓൺലൈനോട്’ പ്രതികരിച്ചു.

‘‘ഈ അടുത്ത് ഒരു സിനിമയിൽ ഞാൻ അവതരിപ്പിച്ച കഥാപ്രാതം മരിക്കുന്നതായി അഭിനയിച്ചിരുന്നു. പ്രമോഷന്റെ ഭാഗമായി ഇതിന്റെ ചിത്രങ്ങൾ ഉൾപ്പെടെ പുറത്തുവിട്ടിരുന്നു. ഇതു കണ്ടു തെറ്റിദ്ധരിച്ചാകാം ഞാൻ മരിച്ചെന്ന് വാർത്ത പ്രചരിക്കാൻ കാരണം.’’– ടി.എസ്.രാജു പറഞ്ഞു. വാർത്ത പ്രചരിച്ചതിനു പിന്നാലെ രാവിലെ മുതൽ തുടർച്ചയായി ഫോൺകോളുകൾ വരുന്നുണ്ടെന്നും എന്നാൽ ‘ദ് ഷോ ഈസ് ഗോയിങ് ഓൺ’ എന്നും അദ്ദേഹം പറഞ്ഞു.

‘ആത്മ’ അസോസിയേഷൻ വൈസ് പ്രസിഡന്റായ നടൻ കിഷോർ സത്യ ആണ് ടി.എസ്.രാജു മരിച്ചെന്ന വാർത്ത വ്യാജമാണെന്ന് ആദ്യ സ്ഥിരീകരിച്ചത്. റിപ്പോർട്ടുകൾ പുറത്തുവന്നതിനു പിന്നാലെ രാജുവിനെ കിഷോർ സത്യ  ഫോണിൽ ബന്ധപ്പെടുകയും സംസാരിക്കുകയും ചെയ്തു.

ലോഹിതദാസ് സംവിധാനം ചെയ്ത ‘ജോക്കർ’ എന്ന ചിത്രത്തിൽ അവതരിപ്പിച്ച സർക്കസ് മാനേജരുടെ വേഷമാണ് ടി.എസ്.രാജുവിനു വലിയ തോതിൽ പ്രേക്ഷക പ്രീതി നേടിക്കൊടുത്തത്. ചിത്രത്തിലെ ‘ദ് ഷോ മസ്റ്റ് ഗോ ഓൺ’ എന്ന രാജുവിന്റെ സംഭാഷണം ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. അൻപതോളം സിനിമകളിൽ രാജു അഭിനയിച്ചിട്ടുണ്ട്. 1969ൽ എം.കൃഷ്ണൻ നായർ സംവിധായകനായ അനാച്ഛാദനം എന്ന പ്രേംനസീർ ചിത്രത്തിലൂടെയാണ് ടി.എസ്.രാജുവിന്റെ സിനിമാപ്രവേശം. സഹസംവിധായകനായ ഹരിഹരൻ മുഖേനയാണ് ചിത്രത്തിൽ പൊലീസ് സബ് ഇൻസ്പെക്ടറുടെ വേഷം രാജുവിന് ലഭിച്ചത്.

അതിനുശേഷം സത്യൻ നായകനായ വെള്ളിയാഴ്ച എന്ന ചിത്രത്തിലും ഒരു വേഷം ലഭിച്ചു. നാടകങ്ങളിലൂടെയാണ് പിന്നീട് ടി.എസ്.രാജു തന്റെ അഭിനയജീവിതം തുടരുന്നത്. നിരവധി നാടകങ്ങളിൽ അദ്ദേഹം അഭിനയിച്ചു. ടെലിവിഷൻ സീരിയലുകളിലും അദ്ദേഹം സജീവമായി. 1995ൽ ത്രീ മെൻ ആർമി എന്ന സിനിമയിലൂടെയാണ് രാജു വീണ്ടും ചലച്ചിത്രാഭിനയരംഗത്തേയ്ക്കെത്തുന്നത്.

English Summary: Fake News About Demise of Actor TS Raju

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com