ADVERTISEMENT

കൊച്ചി∙ തൃക്കാക്കര നഗരസഭാ ഭരണം യുഡിഎഫിനു നഷ്ടമാകാൻ സാധ്യത. യുഡിഎഫിനെ പിന്തുണച്ചിരുന്ന നാല് വിമത കൗൺസിലർമാർ എൽഡിഎഫിനെ പിന്തുണയ്ക്കാൻ തീരുമാനിച്ചതോടെയാണിത്. യുഡിഎഫ് വിമതരിൽ ഒരാളെ അധ്യക്ഷനാക്കാമെന്ന് എൽഡിഎഫ് ഉറപ്പു നൽകിയതായി വിമതർ അറിയിച്ചു. എൽഡിഎഫ് കൊണ്ടുവരുന്ന അവിശ്വാസ പ്രമേയ നോട്ടിസിൽ നാലു വിമതരും ഒപ്പിട്ടു. ഇതോടെ എൽഡിഎഫിനു തൃക്കാക്കര നഗരസഭയിൽ 22 പേരുടെ പിന്തുണയായി. തിരഞ്ഞെടുപ്പിനു പിന്നാലെ തൃക്കാക്കരയിൽ അഞ്ച് യുഡിഎഫ് വിമതരാണു ജയിച്ചത്. ഇവരിൽ ഒരാൾ എൽഡിഎഫിനൊപ്പം ചേർന്നിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ ശേഷിക്കുന്ന നാലു പേരും എൽഡിഎഫിനു പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്.

നഗരസഭ അധ്യക്ഷ സ്ഥാനം വീതം വയ്ക്കുന്നതുമായി ബന്ധപ്പെട്ട് യുഡിഎഫിനുള്ളിൽ ഉടലെടുത്ത തർക്കമാണ് ഭരണം നഷ്ടപ്പെടുന്ന അവസ്ഥയിലേക്ക് നയിച്ചത്. ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉണ്ടാക്കിയ ധാരണ പ്രകാരം തൃക്കാക്കര നഗരസഭാധ്യക്ഷ അജിത തങ്കപ്പന്റെ ഭരണ കാലാവധി അവസാനിച്ചു. എന്നാൽ അജിതയുടെ രാജി സംബന്ധിച്ച് ആശയക്കുഴപ്പം തുടരുകയാണ്. കോൺഗ്രസിലെ ഗ്രൂപ്പുകൾക്ക് അധ്യക്ഷ പദവി വീതം വച്ചതിന്റെ അടിസ്ഥാനത്തിലാണ് ആദ്യ രണ്ടര വർഷക്കാലം അജിത തങ്കപ്പനെ അധ്യക്ഷയാക്കിയത്. അജിത ഐ വിഭാഗക്കാരിയാണ്. ഇനിയുള്ള രണ്ടരവർഷം എ വിഭാഗത്തിലെ രാധാമണി പിള്ള അധ്യക്ഷയാകണമെന്നാണ് ഡിസിസിയുടെ നേതൃത്വത്തിൽ ഉണ്ടാക്കിയ ധാരണാപത്രത്തിൽ പറയുന്നത്.

ഇതുമായി ബന്ധപ്പെട്ടുണ്ടായ അഭിപ്രായ ഭിന്നതകൾ മുതലെടുത്താണ് എൽഡിഎഫ് ഭരണം പിടിക്കാൻ നീക്കം നടത്തുന്നത്. വിമതരിൽ ഒരാൾക്ക് ചെയർപഴ്സൻ സ്ഥാനവും മറ്റൊരാൾക്ക് വൈസ് ചെയർമാൻ സ്ഥാനവും നൽകാമെന്ന് സിപിഎം ഉറപ്പു നൽകി. ഈ ഉറപ്പിന്റെ ബലത്തിലാണ് യുഡിഎഫിനുള്ള പിന്തുണ പിൻവലിക്കുന്നതായി ഇവർ പരസ്യമാക്കിയത്.

യുഡിഎഫിനുള്ളിൽത്തന്നെ എ ഗ്രൂപ്പിന് രണ്ടര വർഷം, ഐ ഗ്രൂപ്പിന് രണ്ടര വർഷം എന്നിങ്ങനെയാണ് ചെയർപഴ്സൻ സ്ഥാനം നിശ്ചയിച്ചിരുന്നതെന്ന വിവരം നഗരസഭാ ഭരണത്തിന്റെ തുടക്കത്തിൽ തങ്ങൾ അറിഞ്ഞിരുന്നില്ലെന്നും വിമതർ വ്യക്തമാക്കി. ഇത് അറിഞ്ഞിരുന്നെങ്കിൽ അന്ന് അവരെ പിന്തുണയ്ക്കുമായിരുന്നില്ല. കോൺഗ്രസിനുള്ളിൽ ആഭ്യന്തര കലഹം മൂലം ഭരണം പോലും ഇഴയുകയാണ്. അടുത്ത രണ്ടര വർഷം കോൺഗ്രസിനെ പിന്തുണച്ചിട്ടു കാര്യമില്ലെന്ന് മനസ്സിലായ സാഹചര്യത്തിലാണ് എൽഡിഎഫിനെ പിന്തുണയ്ക്കുന്നതെന്നും വിമതർ അറിയിച്ചു.

43 അംഗ കൗൺസിലിൽ നാലു വിമതരുടെ സഹായത്തോടെയാണ് യുഡിഎഫ് ഭരിച്ചിരുന്നത്. ഈ നാലു വിമതരാണ് എൽഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചത്. തൃക്കാക്കര നഗരസഭാ ചെയർപഴ്സനെതിരെ എൽഡിഎഫ് കൊണ്ടുവരുന്ന അവിശ്വാസ പ്രമേയ നോട്ടിസിൽ ഈ നാലു പേരും ഒപ്പു വയ്ക്കുകയും ചെയ്തു. അടുത്ത ദിവസം ഈ അവിശ്വാസ പ്രമേയം ചർച്ചയ്‌ക്കെടുക്കുമ്പോൾ ഇവർ എൽഡിഎഫിനെ പിന്തുണയ്ക്കും. അതോടുകൂടി യുഡിഎഫിന് തൃക്കാക്കര നഗരസഭയിലെ ഭരണം കൂടി നഷ്ടമാകും.

English Summary: UDF To Lose Power In Thrikkakara Municipality

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com