ന്യൂനമർദപാത്തി, ചക്രവാതച്ചുഴി: അടുത്ത 5 ദിവസം വ്യാപക മഴയ്ക്ക് സാധ്യത
Mail This Article
തിരുവനന്തപുരം ∙ കേരളത്തിൽ അടുത്ത അഞ്ചുദിവസം വ്യാപക മഴയ്ക്കു സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ജൂലൈ 2 മുതൽ 6 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമോ അതിശക്തമോ ആയ മഴയ്ക്കും ജൂലൈ 4, 5 തീയതികളിൽ ചിലയിടങ്ങളിൽ അതിതീവ്ര മഴയ്ക്കും സാധ്യതയെന്നാണു മുന്നറിയിപ്പ്.
തെക്കൻ മഹാരാഷ്ട്ര തീരം മുതൽ കേരള തീരം വരെ തീരദേശ ന്യൂനമർദ പാത്തി നിലനിൽക്കുന്നതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു. പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന്റെ മധ്യഭാഗത്തും ആൻഡമാൻ കടലിനു മുകളിലും ചക്രവാതച്ചുഴി നിലനിൽക്കുന്നതിനാൽ മഴ ശക്തമാകുമെന്നാണു വിശദീകരണം.
അതേസമയം കേരള തീരത്തു ജൂലൈ നാലു രാത്രി 11.30 വരെ 3.0 മുതൽ 3.4 മീറ്റർ വരെ ഉയരത്തിൽ തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയെന്നു ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. വേഗത സെക്കൻഡിൽ 45 സെ.മീ. നും 55 സെ.മീ. നും ഇടയിൽ മാറി വരുവാൻ സാധ്യതയുണ്ട്. ആയതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം.
കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്നും അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം. മത്സ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നതു കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കും. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണ്ണമായും ഒഴിവാക്കുക.
English Summary: It may heavy rain across kerala in the coming days