ADVERTISEMENT

ലണ്ടൻ∙ യുകെയിലെ കെറ്ററിങ്ങിൽ മലയാളി നഴ്സ് അഞ്ജു അശോകിനെയും മക്കളെയും കൊന്ന കേസിലെ പ്രതി ഷാജുവിന് 40 വർഷത്തെ ജയിൽ ശിക്ഷ. നോർത്താംപ്ടൺ ക്രൗൺ കോടതിയാണ് 40 വർഷത്തെ പരമാവധി ശിക്ഷതന്നെ പ്രതിക്ക് നൽകിയത്. 

കഴിഞ്ഞവർഷം ഡിസംബർ ഒമ്പതിനായിരുന്നു കണ്ണൂർ ശ്രീകണ്ഠാപുരം പടിയൂർ സ്വദേശിയായ ചേലവേലിൽ ഷാജു(52)  ഭാര്യ അഞ്ജുവിനെയും മക്കളായ ജീവ (6) ജാൻവി (4)  എന്നിവരെയും  കൊലചെയ്തത്. അന്നുതന്നെ അറസ്റ്റിലായ ഷാജുവിനെ  വിചാരണ തീരും വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ സൂക്ഷിക്കാൻ നേരത്തെ നോർത്താംപ്ടൺഷെയർ ക്രൗൺ കോടതി ഉത്തരവിട്ടിരുന്നു.  

സാജുവിന്റെ പേരിൽ നേരത്തെ മറ്റൊരു കേസും ഇല്ലാത്ത സാഹചര്യത്തിൽ കൊലപാതകമാണെങ്കിലും ജാമ്യം കിട്ടിയേക്കുമോ എന്ന ആശങ്ക പലരും പങ്കുവച്ചിരുന്നു. എന്നാൽ കേസിന്റെ ഗൗരവം പരിഗണിച്ച്  കോടതി വിചാരണ തീരുംവരെ ജാമ്യം അനുവദിച്ചിരുന്നില്ല. 

അപൂർവങ്ങളിൽ അപൂർവമായ ഒരു കേസിൽ മലയാളിയായ ഒരാൾ യുകെയിൽ ശിക്ഷിക്കപ്പെടുന്നത് ഇത് ആദ്യമാണ്. രണ്ടിൽ കൂടുതൽ ആളുകൾ കൊല്ലപ്പെടുന്ന കേസിൽ പരമാവധി ശിക്ഷതന്നെ നൽകുന്ന രീതി പിന്തുടർന്നാണ്  ഈ കേസിലും കോടതി ശിക്ഷ വിധിച്ചത്. വധശിക്ഷയ്ക്കു സമാനമായ രീതിയിലുള്ള തടലവുശിക്ഷയാണ് ഇത്. കൊല്ലപ്പെട്ട രണ്ടുപേർ കുട്ടികളായത് ശിക്ഷയുടെ കാഠിന്യം ഇരട്ടിപ്പിക്കാൻ ഇടയാക്കി. 

42 വയസ്സുള്ളപ്പോൾ വിവാഹിതനായ പ്രതിക്ക് തന്നേക്കാൾ 15 വയസ്സോളം പ്രായവ്യത്യാസമുള്ള ഭാര്യയെ സംശയം ഉണ്ടായതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പ്രോസിക്യൂഷൻ വിലയിരുത്തി. ഭാര്യക്ക് മാറ്റാരുമായോ ബന്ധമുണ്ടെന്ന് സമർഥിക്കാനാണ് വിചാരണവേളയിൽ പ്രതി ശ്രമിച്ചത്. 

പ്രതിക്കുവേണ്ടി സർക്കാർ അഭിഭാഷകൻ കോടതിയിൽ ഹാജരായിരുന്നു. വൃദ്ധയായ മാതാവ് നാട്ടിലെ വീട്ടിൽ ഒറ്റയ്ക്കാണെന്നും വീട്ടിലെ ചുമതലകൾ വഹിക്കുന്ന ഏകമകൻ എന്ന നിലയിൽ കുറഞ്ഞശിക്ഷ നൽകണം എന്നും മാത്രമാണ് സർക്കാർ അഭിഭാഷകൻ എതിർവാദം ഉന്നയിച്ചത്. 

ഇപ്പോൾ ലഭിച്ചിരിക്കുന്ന ശിക്ഷയ്ക്ക് ശേഷം പ്രതി സാമൂഹ്യ ജീവിതത്തിനു തടസം സൃഷ്ടിക്കില്ല എന്നു കണ്ടെത്തിയാൽ മാത്രമേ 92-ാം വയസിൽ ഇനി ഷാജുവിന് പുറത്തിറങ്ങാനാകൂ. 

English Summary: Kettering: Saju Chelavalel has been jailed for at least 40 years for murdering wife and children

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com