ADVERTISEMENT

മുംബൈ∙ എന്‍സിപി വിമത നേതാക്കളുടെ വരവോടെ മഹാരാഷ്ട്രയിലെ ബിജെപിക്കുള്ളില്‍ അതിശക്തമായ അതൃപ്തിയെന്നതിന്റെ സൂചനകള്‍ നല്‍കിയ ദേശീയ സെക്രട്ടറി പങ്കജ മുണ്ടെ. ബിജെപി വിട്ട് മറ്റൊരു പാര്‍ട്ടിയില്‍ ചേരുമെന്ന വാര്‍ത്ത പങ്കജ് നിഷേധിച്ചെങ്കിലും അതൃപ്തി മറച്ചുവച്ചില്ല. പാര്‍ട്ടിയില്‍നിന്നു രണ്ടു മാസത്തെ അവധിയെടുക്കുകയാണെന്ന് പങ്കജ പറഞ്ഞു.

സംസ്ഥാന ബിജെപിയിലെ പല എംഎല്‍എമാരും അസംതൃപ്തരാണെന്നും പ്രത്യക്ഷമായി പ്രതികരിക്കാന്‍ ഭയക്കുകയാണെന്നും അവര്‍ വ്യക്തമാക്കി. താന്‍ സോണിയാ ഗാന്ധിയുമായും രാഹുലുമായും കൂടിക്കാഴ്ച നടത്തിയെന്ന വാര്‍ത്ത പ്രസിദ്ധീകരിച്ച ചാനലിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും പങ്കജ പറഞ്ഞു. അന്തരിച്ച മുതിര്‍ന്ന ബിജെപി നേതാവ് ഗോപിനാഥ് മുണ്ടെയുടെ മകളാണ് പങ്കജ. 2019 നിയമസഭാ തിരഞ്ഞെടുപ്പില്‍ പങ്കജയെ പരാജയപ്പെടുത്തിയ എന്‍സിപി നേതാവും ബന്ധുവുമായ  ധനഞ്ജയ് മുണ്ടെ, അജിത് പവാറിനൊപ്പം ഭരണമുന്നണിയിലെത്തി മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തിരുന്നു. ഇതില്‍ പങ്കജ കടുത്ത അതൃപ്തിയിലാണെന്നും റിപ്പോര്‍ട്ടുണ്ട്. 

എന്‍സിപിയില്‍നിന്ന് അജിത് പവാര്‍ ഉള്‍പ്പെടെ സഖ്യത്തിലേക്കെത്തി മന്ത്രിമാരായതോടെയാണ് ബിജെപി എംഎല്‍എമാരുടെ അതൃപ്തി രൂക്ഷമായത്. ഏറെക്കാലമായി എന്‍സിപി ബിജെപിയുടെ എതിരാളികള്‍ ആയിരുന്നുവെന്നും ഇപ്പോഴുണ്ടായ സംഭവവികാസങ്ങള്‍ പെട്ടെന്ന് അംഗീകരിക്കാന്‍ പലര്‍ക്കും കഴിയില്ലെന്നുമാണ് മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പ്രതികരിച്ചത്. പങ്കജ മുണ്ടെയുമായി സംസാരിക്കുമെന്നും അവര്‍ പാര്‍ട്ടിയില്‍ തുടരുമെന്നാണു കരുതുന്നതെന്നും ഫഡ്‌നാവിസ് പറഞ്ഞു. 

2019 നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ച് പങ്കജ തന്റെ ബന്ധുവും എന്‍സിപി നേതാവുമായ ധനഞ്ജയ് മുണ്ടെയോടു പരാജയപ്പെട്ടിരുന്നു. തുടര്‍ന്ന് 2020ല്‍ ആണ് പങ്കജയെ ബിജെപി ദേശീയ സെക്രട്ടറിയാക്കിയത്. അടുത്തിടെയായി തന്നെ പല പാര്‍ട്ടി പരിപാടികളില്‍നിന്ന് ഒഴിവാക്കിയതാണ് വിവാദങ്ങള്‍ക്കു കാരണമെന്നും അതേക്കുറിച്ചു പാര്‍ട്ടിയോടു ചോദിക്കണമെന്നും പങ്കജ പ്രതികരിച്ചു. 20 വര്‍ഷമായി പാര്‍ട്ടിക്കു വേണ്ടി അശ്രാന്തം ജോലി ചെയ്യുകയാണ്. എന്നാല്‍ ഇപ്പോള്‍ എന്റെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ പരക്കുകയാണ്. ഞാന്‍ സോണിയയെയോ രാഹുലിനെ കണ്ടിട്ടില്ല. ഒരു പാര്‍ട്ടിയിലും അംഗമാകുകയുമില്ല. ബിജെപി പ്രത്യയശാസ്ത്രം എന്റെ രക്തത്തില്‍ അലിഞ്ഞതാണ്. അടല്‍ ബിഹാരി വാജ്‌പേയയിലുടെയും ഗോപിനാഥ് മുണ്ടെയുടെയും പാതയിലൂടെയാണ് ഞാന്‍ സഞ്ചരിക്കുന്നത്. മഹാരാഷ്ട്രയിലെ 105 ബിജെപി എംഎല്‍എമാരില്‍ പലരും അസ്വസ്ഥരാണ്. എന്നാല്‍ പ്രതികരിക്കാന്‍ ഭയമാണ്. - പങ്കജ പറഞ്ഞു.

English Summary: "Taking A 2-Month Holiday, Many BJP MLAs Dissatisfied": Pankaja Munde

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com