ADVERTISEMENT

വിശാഖപട്ടണം∙ പണവിനിമയ തട്ടിപ്പു കേസിലെ പ്രതികളെ ഭീഷണിപ്പെടുത്തി ലക്ഷങ്ങൾ തട്ടിയെടുത്ത സംഭവത്തിൽ അറസ്റ്റിലായ ആന്ധ്രയിലെ സർക്കിൾ ഇൻസ്പെക്ടർ സ്വർണലതയ്ക്ക് ഉന്നതരുമായി അടുത്തബന്ധം. സിനിമാമോഹമുള്ള സ്വർണലത, പ്രമുഖ രാഷ്ട്രീയ നേതാവിന്റെ സഹായത്തോടെ എപി 31 എന്ന ചിത്രത്തിലും അഭിനയിച്ചു. ഇൻസ്റ്റഗ്രാം റീൽസിലും ആൽബങ്ങളിലും സ്വർണലത സജീവമാണ്.

സ്വർണലതയുടെ അറസ്റ്റ് ആന്ധ്രപ്രദേശ് പൊലീസിൽ വലിയ കോളിളക്കമാണ് സൃഷ്ടിച്ചിരിക്കുന്നത്. പണം തട്ടിപ്പു കേസിൽ അറസ്റ്റിലായ സ്വർണലതയ്ക്കെതിരെ വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്തു.  ഹോംഗാർഡ് എസ്എസ്ഐ ആയിരിക്കുമ്പോൾ നിയമനവുമായി ബന്ധപ്പെട്ടു നിരവധി ആരോപണങ്ങൾ ഇവർക്കെതിരെ ഉയർന്നിരുന്നു. ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ വിജയവാഡയിലേക്കു സ്ഥലം മാറ്റി. കുറച്ചുകാലം അവിടെ ജോലി ചെയ്തശേഷം വൈഎസ്‌ആർ കോൺഗ്രസ് പാർട്ടി നേതാക്കളുടെ ശുപാർശയോടെ വിശാഖപട്ടണത്തിലേക്കു സ്ഥലംമാറ്റം.

തുടക്കത്തിൽ കുറച്ചുകാലം സിറ്റിങ് ട്രെയിനിങ് സെന്ററിൽ ജോലിചെയ്തു. തുടർന്ന് ഹോംഗാർഡ്സ് റിസർവ് ഇൻസ്പെക്ടറായി ചുമതലയേറ്റു. സ്വർണലതയ്ക്ക് ആദ്യം മുതൽ തന്നെ സിനിമയിൽ താൽപര്യമുണ്ടായിരുന്നു. അടുത്തിടെ ഒരു ഗാനത്തിനു സ്വർണലത ചുവടുവയ്ക്കുന്ന വിഡിയോയും പുറത്തുവന്നു. ഇതോടൊപ്പം സമൂഹമാധ്യമത്തിൽ റീലുകളും ചെയ്തു. പുറത്തിറങ്ങാനിരിക്കുന്ന ചിത്രത്തിൽ മികച്ചവേഷം സ്വർണലതയ്ക്കുണ്ടാകുമെന്ന് ഒരു ഉന്നത രാഷ്ട്രീയ നേതാവ് അവർക്ക് ഉറപ്പു നൽകിയിരുന്നു. ഇതിന്റെ ഭാഗമായി അവർ നൃത്തം പരിശീലിച്ചിരുന്നു. നൃത്ത പരിശീലനത്തിന്റെ നിരവധി വിഡിയോകളും പുറത്തുവന്നു.

സ്വർണലതയ്ക്ക് വലിയ രാഷ്ട്രീയ പിടിപാടുകളുണ്ടെന്ന് കണ്ടെത്തിയിരുന്നു. വൈഎസ്ആർ കോൺഗ്രസ് നേതാക്കളുമായി സ്വർണലത അടുത്തബന്ധം പുലർത്തിയിരുന്നു. സ്വർണലതയ്ക്കെതിരെ കേസെടുക്കാതിരിക്കാനായി ഒരു പ്രമുഖ രാഷ്ട്രീയ നേതാവ് ഇടപെട്ടു. നേരത്തെ ടിഡിപി നേതാവിനെതിരെ സ്വർണലത വാർത്താസമ്മേളനത്തിൽ സംസാരിച്ചത്, പൊലീസ് രാഷ്ട്രീയം പറയുന്നു എന്ന രീതിയിലുള്ള വലിയ വിമർശനങ്ങൾക്കും കാരണമായി. 

English Summary: CI Swarnalatha arrested in currency exchange case. movies, dance, reels..all twists

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com