‘ആ തീരുമാനം ശരിയാണ്’: അഭിഷേകിന് സുപ്രീംകോടതിയിൽനിന്ന് തിരിച്ചടി
Mail This Article
ന്യൂഡൽഹി ∙ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ അനന്തരവനും തൃണമൂൽ കോൺഗ്രസ് എംപിയുമായ അഭിഷേക് ബാനർജിക്ക് സുപ്രീംകോടതിയിൽനിന്നു തിരിച്ചടി. ബംഗാളിലെ സ്കൂൾ നിയമന കുംഭകോണക്കേസിൽ എൻഫോഴ്‍സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷണം തടയേണ്ടെന്ന കൽക്കട്ട ഹൈക്കോടതിയുടെ തീരുമാനം ശരിയായിരുന്നെന്നു സുപ്രീംകോടതി വ്യക്തമാക്കി.
കുംഭകോണക്കേസ് ഇഡിയും സിബിഐയും അന്വേഷിക്കുന്നതു തടയണമെന്നാവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി നിരസിച്ചതിന് എതിരെയാണ് അഭിഷേക് സുപ്രീംകോടതിയെ സമീപിച്ചത്. കേന്ദ്ര ഏജൻസിക്ക് അന്വേഷണം നടത്താൻ സ്വതന്ത്രാധികാരമുണ്ടെന്നു സുപ്രീംകോടതി പറഞ്ഞു. തൃണമൂൽ കോൺഗ്രസ് ജനറൽ സെക്രട്ടറി കൂടിയായ അഭിഷേകിനെ ഇതേ കേസിൽ സിബിഐ ചോദ്യം ചെയ്തിരുന്നു.
മുൻ മന്ത്രിയും മുതിർന്ന ഉദ്യോഗസ്ഥരുമടക്കം അറസ്റ്റിലായ കേസിൽ 100 കോടിയിലേറെ രൂപയുടെ അഴിമതി നടന്നെന്നാണു സിബിഐ പറയുന്നത്. അഭിഷേക് ബാനർജിക്കും ഭാര്യയ്ക്കുമെതിരെ ഇഡിയുടേതായി കൽക്കരി കുംഭകോണക്കേസുമുണ്ട്. ഇതിനെതിരെ ഇവർ ഡൽഹി ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഹർജി തള്ളിയിരുന്നു. അനധികൃത കൽക്കരി ഇടപാടിലൂടെ ഇരുവരും പണം സമ്പാദിച്ചെന്നാരോപിച്ച് സിബിഐ 2020 നവംബറിലാണു കേസെടുത്തത്. ഇതിന്റെ ഭാഗമായാണ് ഇഡി അന്വേഷണം.
English Summary: Supreme Court setback for Trinamool’s Abhishek Banerjee in school jobs scam case