ADVERTISEMENT

ന്യൂഡൽഹി∙ ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന ഭരണഘടനാ അനുച്ഛേദം 370 റദ്ദാക്കിയതിനെതിരെ ഐഎഎസ് ഓഫിസർ ഷാ ഫൈസൽ, ജെഎൻയു മുൻ വിദ്യാർഥി നേതാവ് ഷെഹ്‍ല റഷീദ് എന്നിവർ സുപ്രീംകോടതിയിൽ ഫയൽ‌ചെയ്ത ഹർ‌ജികൾ പിൻവലിച്ചു. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ഹർജി പിൻവലിക്കാൻ ഇവർക്ക് അനുമതി നൽകി. പരാതിക്കാരുടെ പട്ടികയിൽനിന്ന് ഇവരുടെ പേരുകൾ നീക്കംചെയ്യാനും കോടതി നിർദേശിച്ചു.

2009ലെ സിവിൽ സർവീസ് പരീക്ഷയിൽ ഒന്നാംറാങ്കുകാരനായ ഷാ ഫൈസൽ ഈ നേട്ടം കൈവരിക്കുന്ന ആദ്യ കശ്മീർ സ്വദേശി‌യായിരുന്നു. വിവിധ വകുപ്പുകളിൽ സേവനമനുഷ്ഠിച്ച ഷാ 2019ൽ കശ്മീരിലെ സംഭവവികാസങ്ങളിൽ പ്രതിഷേധിച്ച് സർവീസിൽനിന്നു വിരമിച്ചു. ഇതിനുപിന്നാലെ കേന്ദ്രം ഇന്ത്യൻ മുസ്‌ലിംകളെ പാർശ്വവത്കരിക്കുകയാണെന്നും സർക്കാർ സ്ഥാപനങ്ങൾ നശിപ്പിക്കുകയാണെന്നും  ഫെയ്സ്ബുക് പോസ്റ്റിലൂടെ ആരോപിച്ചു. പിന്നീട് ജമ്മു കശ്മീർ പീപ്പിൾസ് മൂവ്മെന്റ് എന്നപേരിൽ രാഷ്ട്രീയ പാർട്ടിയും സ്ഥാപിച്ചു.

ഡൽഹിയിലെ ജവാഹർലാൽ നെഹ്റു സർവകലാശാലയിൽ വിദ്യാർഥി യൂണിയൻ വൈസ്–പ്രസിഡന്റായിരുന്നു ഷെഹ്‍ല റഷീദ്. 2016ൽ രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റുചെയ്യപ്പെട്ട കനയ്യ കുമാർ, ഉമർ ഖാലിദ് എന്നിവരെയുൾപ്പെടെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ടു നടത്തിയ പ്രക്ഷോഭത്തിലെ പ്രധാന നേതാക്കളിൽ ഒരാളായിരുന്നു. പിന്നീട് അവർ ഷാ ഫൈസലിന്റെ പാർട്ടിയുമായി ചേർന്ന് പ്രവർത്തിച്ചുവരികയായിരുന്നു. 

2020 ഓഗസ്റ്റിൽ ഷാ ഫൈസലും പിന്നാലെ ഷെഹ്‍ല റഷീദും പാർട്ടി വിട്ടു. കഴിഞ്ഞവർഷം രാജി പിൻവലിക്കാൻ തയാറായ ഷാ ഫൈസലിനെ തിരികെ സർവീസിലെടുക്കാൻ സർക്കാര്‍ തീരുമാനിച്ചു. അനുച്ഛേദം 370 കഴിഞ്ഞുപോയ സംഭവമാണെന്ന് അടുത്തിടെ ഷാ ട്വിറ്ററില്‍ കുറിച്ചു. 2019ലാണ് കേന്ദ്രസർക്കാർ ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന അനുച്ഛേദം 370 റദ്ദാക്കിയത്. സംസ്ഥാനത്തെ ജമ്മു കശ്മീർ, ലഡാക്ക് എന്നീ കേന്ദ്രഭരണപ്രദേശങ്ങളാക്കി തിരിക്കുകയും ചെയ്തു. 

English Summary: IAS Officer, Ex JNU Student Leader Withdraw Article 370 Petitions

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com