ADVERTISEMENT

ന്യൂഡൽഹി∙ യമുനയിൽ ജലനിരപ്പുയർന്നതോടെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ വസതിക്കു 350 മീറ്റർ അടുത്തുവരെ വെള്ളംകയറി. വെള്ളപ്പൊക്കം ഡൽഹിയിലെ ജനജീവിതം സ്തംഭിപ്പിച്ചിരിക്കുകയാണ്. 45 വര്‍ഷത്തിനിടെ ഏറ്റവും രൂക്ഷമായ വെള്ളപ്പൊക്കമാണ് ഡൽഹി അഭിമുഖീകരിക്കുന്നത്. 

സെക്രട്ടേറിയറ്റ് ഉൾപ്പെടെ ഡൽഹിയിലെ പ്രധാന സ്ഥലങ്ങളിലെല്ലാം വെള്ളം കയറി. സ്കൂളുകൾക്കും കോളജുകൾക്കും സർക്കാർ ഓഫിസുകൾക്കും ഞായറാഴ്ച വരെ അവധി പ്രഖ്യാപിച്ചു. 45 വർഷത്തിനിടെ യമുനയിലെ ജലനിരപ്പ് 208.53 മീറ്ററാണ് രാവിലെ 10 മണിക്കു രേഖപ്പെടുത്തിയത്. ദുരന്തനിവാരണ പ്രവർത്തനങ്ങൾ ഊർജിതമാക്കി. 

ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് സ്വകാര്യ കമ്പനികൾ വർക്ക് ഫ്രം ഹോം നൽകണമെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ ആവശ്യപ്പെട്ടു. ഡൽഹിയിൽ കുടിവെള്ള ദൗർലഭ്യവും അനുഭവപ്പെടുന്നുണ്ട്. വെള്ളപ്പൊക്കത്തെ തുടർന്ന് മൂന്നു കുടിവെള്ള വിതരണ പ്ലാന്റുകൾ അടച്ചിട്ടിരിക്കുകയാണ്. കുടിവെള്ള വിതരണം പുനഃസ്ഥാപിക്കാനുള്ള നീക്കങ്ങൾ നടക്കുന്നതായി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ ട്വിറ്ററിലൂടെ അറിയിച്ചു. 

കരകവിഞ്ഞൊഴുകി യമുന: കൂടുതല്‍ ചിത്രങ്ങള്‍

നഗരത്തിനു സമീപത്തുള്ള ബോട്ട്ക്ലബ്, പാണ്ഡവ് നഗർ, ഗാന്ധിനഗർ, ഭജൻപുര എന്നിവിടങ്ങളിലാണ് വെള്ളപ്പൊക്കം സാരമായി ബാധിച്ചത്. മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ ഓഫിസ്, മന്ത്രിസഭ, മറ്റ് ഉന്നത പ്രദേശങ്ങൾ എന്നിവിടങ്ങളിലെല്ലാം വെള്ളപ്പൊക്കം ബാധിച്ചു. വ്യവസായ ആവശ്യങ്ങള്‍ക്കായുള്ള വാഹനങ്ങൾ നഗരത്തിൽ പ്രവേശിക്കരുതെന്ന് മുന്നറിയിപ്പു നൽകിയിട്ടുണ്ട്. 

കേന്ദ്രസർക്കാർ അടിയന്തരമായി ഇടപെടണമെന്ന് കേജ്‌രിവാൾ ആവശ്യപ്പെട്ടു. വെള്ളപ്പൊക്കത്തെ തുടർന്ന് കൂട്ടംകൂടിയുള്ള സഞ്ചാരം ഒഴിവാക്കണമെന്ന് പൊലീസ് ജനങ്ങളോട് ആവശ്യപ്പെട്ടു.  വെള്ളപ്പൊക്കം രൂക്ഷമാകുന്നതിനിടെ സാഹചര്യം ചർച്ചചെയ്യുന്നതിനായി ഡൽഹി ദുരന്തനിവാരണ അതോറിറ്റി മേധാവി ലഫ്റ്റനന്റ് ഗവർണർ വി.കെ.സക്സേനയുടെയും കേജ്‌രിവാളിന്റെയും നേതൃത്വത്തിൽ യോഗം ചേരുന്നുണ്ട്.

English Summary: Flood Water Near Kejriwal's Home

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com