ADVERTISEMENT

നോയിഡ∙ ഓൺലൈൻ ഗെയിമായ പബ്‌ജിയിലൂടെ പരിചയപ്പെട്ട് ഇന്ത്യൻ യുവാവുമായി പ്രണയത്തിലായി ഇന്ത്യയിലെത്തിയ സീമ ഹൈദർ എന്ന യുവതിയെ ചോദ്യംചെയ്ത് ഉത്തർപ്രദേശ് പൊലീസിന്റെ തീവ്രവാദ വിരുദ്ധ സംഘം. സീമ ഹൈദറുടെ ജീവിതപങ്കാളി സച്ചിൻ, സച്ചിന്റെ പിതാവ് നേത്രപാൽ സിങ് എന്നിവരെയും ചോദ്യം ചെയ്തു. 

കഴിഞ്ഞ ദിവസം രാജ്യത്തെ പ്രതിരോധ കേന്ദ്രങ്ങളുടെ വിവരങ്ങൾ പാക്കിസ്ഥാൻ ഇന്റലിജൻസ് ഏജൻസിക്ക് കൈമാറിയതിനു ലക്നൗവിൽ ഒരാൾ പിടിയിലായിരുന്നു. ഈ പശ്ചാത്തലത്തിലായിരുന്നു ചോദ്യം ചെയ്യൽ. ഇതിനിടെ സീമയെ രാജ്യത്തനിന്നു പുറത്താക്കണമെന്നാവശ്യപ്പെട്ട് ഒരുവിഭാഗം പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. പാക്കിസ്ഥാൻ ചാരവനിതയാണെന്നാരോപിച്ചായിരുന്നു പ്രതിഷേധം. 72 മണിക്കൂറിനുള്ളിൽ സീമയെയും കുട്ടികളെയും ഇന്ത്യയിൽനിന്നു പുറത്താക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. ദേശീയ സുരക്ഷയെ ബാധിക്കുന്ന വിഷയമായതിനാലാണ് ചോദ്യം ചെയ്യലെന്ന് മുതിർന്ന ഉദ്യോഗസ്ഥൻ പിടിഐയോടു പ്രതികരിച്ചു. 

പബ്ജി ഗെയിം കളിക്കുന്നതിനിടെ പരിചയപ്പെട്ട ഗ്രേറ്റർ നോയിഡ സ്വദേശി സച്ചിൻ മീണയുമായി പ്രണയത്തിലായ സീമ ഹൈദർ അനധികൃതമായാണ് ഇന്ത്യയിലെത്തിയത്. പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയിൽനിന്നുള്ള സീമ 2014ൽ വിവാഹശേഷം കറാച്ചിയിൽ താമസിക്കുകയായിരുന്നു. നേപ്പാൾ വഴി നാല് കുട്ടികളുമായാണ് അവർ ഇന്ത്യയിലേക്ക് കടന്നത്. അനധികൃതമായി താമസിക്കുന്നെന്ന കുറ്റത്തിന് സീമയെയും സംരക്ഷണം നൽകിയ സച്ചിനെയും ജൂലൈ നാലിന് പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

കേസ് പരിഗണിച്ച നോയിഡയിലെ കോടതി ഇരുവരെയും ജാമ്യത്തിൽവിട്ടു. മാധ്യമങ്ങൾക്കു മുന്നിലെത്തിയ ഇവർ തങ്ങളുടെ പ്രണയം തുറന്നുപറയുകയും വിവാഹിതരായി ഇന്ത്യയിൽ ഒരുമിച്ച് ജീവിക്കാൻ അനുവദിക്കണമെന്ന് സർക്കാരിനോട് അഭ്യർഥിക്കുകയും ചെയ്തിരുന്നു. ഗ്രെയിറ്റർ നോയിഡയിലാണ് പങ്കാളി സച്ചിൻ മീനയുമായി സീമ ഹൈദർ കഴിയുന്നത്. ദമ്പതിമാര്‍ക്ക് പ്രത്യേക സുരക്ഷ ഒരുക്കിയിട്ടില്ലെന്നു ഡപ്യൂട്ടി പൊലീസ് കമ്മിഷണർ സാദ് മിയാ ഖാൻ പറഞ്ഞു. ഇവരുടെ ഗ്രാമത്തിൽ തിരക്ക് നിയന്ത്രിക്കുന്നതിനായി പൊലീസിനെ നിയോഗിച്ചിരുന്നു. പ്രദേശത്ത് ക്രമസമാധാന പ്രശ്നം ഇല്ലെന്നും പൊലീസ് കൂട്ടിച്ചേർത്തു. 

അതേസമയം, ‘പ്രണയം മാത്രമാണ്’ സീമ കുട്ടികളുമായി ഇന്ത്യയിലേക്കു പോകാൻ കാരണമെന്ന് പാക്കിസ്ഥാനിലെ രഹസ്യാന്വേഷണ ഏജൻസികൾ അവിടുത്തെ സർക്കാരിനെ അറിയിച്ചുവെന്ന് പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. 

English Summary: Pak citizen Seema Haider, her Indian partner questioned by UP Police's Anti-Terrorist Squad

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com