ഉമ്മൻ ചാണ്ടിയെ നേരിട്ടു വിളിച്ചു പരാതിപ്പെട്ട യാചകരിൽ ഒരാൾ, ആ ശുപാർശ ഇങ്ങനെ
Mail This Article
കോട്ടയം ∙ പുതുപ്പള്ളിയിൽ ആരെങ്കിലും മരിച്ചാൽ ആ വിവരം മക്കളെ അറിയിച്ചു കഴിഞ്ഞാൽ അടുത്ത ചോദ്യം ഇതാണ്: ഉമ്മൻ ചാണ്ടിയെ അറിയിച്ചോ? അറിയിച്ചില്ലെങ്കിലും ഏറ്റവും അടുത്ത ദിവസം ഉമ്മൻ ചാണ്ടി അവിടെ എത്തും. പുതുപ്പള്ളിയെയും ഉമ്മൻ ചാണ്ടിയെയും ബന്ധപ്പെടുത്തി കേൾക്കുന്ന ഇത്തരം പല തമാശകളിലും ട്രോളുകളിലും വാസ്തവമുണ്ട്.
ഒരിക്കൽ പുതുപ്പള്ളി പള്ളിക്കു മുന്നിലെ യാചകരെ മാറ്റിപ്പാർപ്പിക്കാൻ പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചു. പള്ളിയിൽ വന്നു മടങ്ങുമ്പോൾ പ്രസിഡന്റ് നെബു ജോൺ നേരിട്ട് ഇക്കാര്യം യാചകരെ അറിയിച്ചു. അധികം വൈകാതെ നെബുവിന് ഉമ്മൻ ചാണ്ടിയുടെ ഫോൺ. പെട്ടെന്ന് ഇറക്കി വിടുന്നത് അവർക്കു ബുദ്ധിമുട്ടുണ്ടാക്കും. ഒന്നുകൂടി ആലോചിക്കണം. യാചകരിൽ ഒരാൾ ഉമ്മൻ ചാണ്ടിയെ നേരിട്ടു വിളിച്ചു പരാതിപ്പെട്ടതാണ്. ജനപ്രതിനിധിയായി അരനൂറ്റാണ്ടു പിന്നിട്ട പുതുപ്പള്ളിക്കോട്ടയുടെ ആണിക്കല്ല് ഈ ബന്ധമാണ്.
ഓരോ ദിവസവും 60 ശുപാർശക്കത്തുകൾ പുതുപ്പള്ളിയിൽനിന്നു കണ്ടെടുത്ത ജനസമ്പർക്കമാണു സംസ്ഥാനമൊട്ടാകെ ജനസമ്പർക്ക പരിപാടിയായി ഉമ്മൻ ചാണ്ടി നടപ്പാക്കിയത്. ഏതു പരാതി ലഭിച്ചാലും പരാതിക്കാരുടെ ഭാഗത്തുനിന്നാണ് ഉമ്മൻ ചാണ്ടി ചിന്തിക്കുന്നതെന്നു മുൻ പ്രൈവറ്റ് സെക്രട്ടറി സുരേന്ദ്രൻ പറഞ്ഞു. മിനിമം മാർക്കില്ലാത്ത ഒരാൾ പ്ലസ് വൺ പ്രവേശനത്തിനു ശുപാർശക്കത്തു തേടി വന്നാൽ പുനർമൂല്യനിർണയം നടത്തി യോഗ്യത നേടാൻ വല്ല വഴിയുമുണ്ടോ എന്നാണു ഉമ്മൻ ചാണ്ടി നോക്കുക. അതിനുള്ള വഴിയും പറഞ്ഞു കൊടുക്കും.
ദിവസവും ശരാശരി 60 ശുപാർശക്കത്തുകളാണ് ഉമ്മൻ ചാണ്ടിയുടെ ഓഫിസ് സംഘം എഴുതുക. ജനങ്ങളുടെ പരാതി, ശുപാർശ എന്നിവ വാങ്ങി, ബന്ധപ്പെട്ടവർക്ക് അയയ്ക്കുക, കാര്യം നടന്നോ എന്നു വീണ്ടും വീണ്ടും തിരക്കുക, അക്കാര്യം പരാതിക്കാരനെ അറിയിക്കുക എന്നിവയ്ക്കു കൃത്യമായ ക്രമീകരണമുണ്ട്.
സ്വന്തം നാട്ടിലെ ജനസമ്പർക്കം
പുതുപ്പള്ളിയിൽ സ്കൂൾ തുടങ്ങിയത് ഉമ്മൻ ചാണ്ടിയുടെ മുത്തച്ഛൻ വി.ജെ.ഉമ്മനാണ്. അദ്ദേഹം ലെജിസ്ലേറ്റീവ് കൗൺസിൽ അംഗമായിരുന്നു. ഇപ്പോഴത് വി.ജെ.ഉമ്മൻ സ്മാരക സ്കൂളാണ്. എംഎൽഎ ആയതോടെ രാഷ്ട്രീയത്തിൽ പുതിയ ‘സിലബസിൽ’ പുതുപ്പള്ളിക്കൂടം ഉമ്മൻ ചാണ്ടിയും തുടങ്ങി. ആർക്കും എപ്പോഴും സമീപിക്കാമെന്നതാണ് ഈ സിലബസെന്നു തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ പറയും.
പുതുപ്പള്ളി കരോട്ട് വള്ളക്കാലിൽ വീടിന്റെ മുറ്റവും വാതിൽപ്പടിയും തമ്മിലുള്ള ദൂരം 10 മീറ്ററേയുള്ളൂ. ഞായറാഴ്ച രാവിലെ 7ന് മുറ്റത്തു വന്നു കാറിലിറങ്ങുന്ന ഉമ്മൻ ചാണ്ടിക്ക് വാതിൽക്കൽ വരെ നടന്നെത്താൻ പറ്റുന്നത് പലപ്പോഴും 9 മണിക്കാണെന്നു സഹോദരൻ അനിയൻ എന്ന അലക്സ് പറഞ്ഞു. അതാണു പുതുപ്പള്ളിയിലെ ജനസമ്പർക്ക പരിപാടി! ഞായറാഴ്ചകളിൽ പലപ്പോഴും ആയിരത്തോളം പേരാണു വീട്ടിൽ വരിക.
(ഉമ്മൻ ചാണ്ടിയുടെ നിയമസഭാ പ്രവേശനത്തിന്റെ 50ാം വാർഷികത്തിന്റെ ഭാഗമായി 2020ൽ മലയാള മനോരമ പ്രസിദ്ധീകരിച്ചത്)
English Summary: How the people in Puthuppally sees Oommen Chandy