'സീമ അറസ്റ്റ് ഭയന്നിരുന്നു, ഡൽഹിയിലേക്ക് കടക്കാൻ പദ്ധതിയിട്ടു': പൊലീസ്
Mail This Article
ന്യൂഡൽഹി∙ കാമുകനെത്തേടി നാലു കുട്ടികളുമായി ഇന്ത്യയിലെത്തിയ പാക്ക് വനിത സീമ ഹൈദർ അറസ്റ്റ് ഭയന്നിരുന്നുവെന്ന് നോയിഡ പൊലീസ്. തിങ്കളാഴ്ച അറസ്റ്റ് ചെയ്യാനെത്തുമ്പോൾ ഇവർ ഡൽഹിയിലേക്കു കടക്കാനുള്ള തയാറെടുപ്പിലായിരുന്നുവെന്നും പൊലീസ് പറഞ്ഞു. അനധികൃതമായി ഇന്ത്യയില്‍ പ്രവേശിച്ചതിനു ഭീകരവിരുദ്ധ സ്ക്വാഡ് ഇവരെ ചോദ്യം ചെയ്തുവരികയാണ്.
2019ൽ ഓൺലൈൻ ഗെയിമായ പബ്ജിയിലൂടെയാണ് നോയിഡ സ്വദേശിയായ സച്ചിൻ മീണയെ സീമ പരിചയപ്പെടുന്നത്. പിന്നീട് സച്ചിനുമായി പ്രണയത്തിലായ ഇവർ മേയിൽ നേപ്പാൾ വഴിയാണ് ഇന്ത്യയിലേക്ക് കടന്നത്. ഡൽഹിയിലേക്ക് ബസ് മാർഗം എത്തിയ ഇവരെ പിന്നീട് നോയിഡയിലെ വാടക വീട്ടിലേക്കു സച്ചിൻ കൂട്ടുകയായിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റു ചെയ്യപ്പെട്ട സച്ചിൻ താൻ സീമയെ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നതായി പിതാവിനോടു പറഞ്ഞുവെന്നു പൊലീസിനു മൊഴി നൽകി. ഇന്ത്യൻ ജീവിതരീതി പിന്തുടരാമെങ്കിൽ വിവാഹം കഴിക്കുന്നതിൽ എതിർപ്പില്ലെന്നു പിതാവ് അറിയിച്ചു. വിവാഹത്തിന്റെ നടപടിക്രമങ്ങൾക്കായി ബുലന്ദ്ശഹറിലെ കോടതിയെ ഇവര്‍ സമീപിച്ചു. എന്നാൽ ഇന്ത്യൻ പൗരയല്ലാത്തതിനാല്‍ വിവാഹം നടത്തുന്നതിൽ നിയമതടസ്സമുണ്ടെന്നു കോടതി ഇവരെ അറിയിച്ചു.
അഭിഭാഷകൻ പൊലീസിനെ അറിയിച്ചാൽ അറസ്റ്റ് ചെയ്യപ്പെടുമെന്ന് ഭയന്ന സീമ കുട്ടികളെയും കൂട്ടി വീടുവിട്ടു. എന്നാൽ ഡൽഹിയിലെത്താനായില്ലെന്നും അതിനുമുൻപ് പൊലീസ് അറസ്റ്റു ചെയ്തെന്നും സീമ പറഞ്ഞു. അനധികൃതമായി ഇന്ത്യയിലേക്കു കടന്നവരെ വീട്ടിൽതാമസിപ്പിച്ച കുറ്റത്തിന് സച്ചിൻ ജയിലിലാണ്. ഇവർക്ക് മറ്റെന്തെങ്കിലും ദുരുദ്ദേശമുണ്ടോയെന്ന് പരിശോധിക്കാനായി സച്ചിന്റെ തകർന്ന ഫോണിൽനിന്ന് ഡേറ്റ ശേഖരിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്.
English Summary: Pak Woman Who Fell In Love With UP Man Feared Arrest, Planned To Flee: Police