ഒമാനിൽനിന്ന് പൈലറ്റുമാരും ക്രൂവും എത്തി; തിരിച്ചിറക്കിയ വിമാനം രാത്രി 9.30ന് പുറപ്പെട്ടു
Mail This Article
മലപ്പുറം∙ കോഴിക്കോട് വിമാനത്താവളത്തിൽനിന്ന് പറന്നുയർന്നതിനു പിന്നാലെ തിരിച്ചിറക്കിയ ഒമാൻ എയർവേസ് വിമാനം രാത്രി 9.30ന് 155 യാത്രക്കാരുമായി പുറപ്പെട്ടു. ഇതിനായി 2 പൈലറ്റുമാരെയും 5 മറ്റു ജീവനക്കാരെയും ഒമാനിൽനിന്ന് വൈകിട്ട് 7ന് കോഴിക്കോട്ടെത്തിയ മറ്റൊരു ഒമാൻ എയർവേസ് വിമാനത്തിൽ എത്തിച്ചിരുന്നു. തിരിച്ചിറക്കിയ ഡബ്ല്യുവൈ 298 (ഒഎംഎ 298) ബോയിങ് 737 വിമാനത്തിന്റെ തകരാർ നേരത്തെ പരിഹരിച്ചിരുന്നു.
162 യാത്രക്കാരും പൈലറ്റുമാരടക്കം 7 ജീവനക്കാരുമടങ്ങിയ വിമാനം രാവിലെ 9.14ന് പുറപ്പെട്ട് അൽപസമയത്തിനകം സാങ്കേതിക തകരാർ കണ്ട് തിരിച്ചിറക്കുകയായിരുന്നു. കാലാവസ്ഥാ നിരീക്ഷണ സംവിധാനമായ വെതർ റഡാർ തകരാറിലായതാണു കാരണം. ഇന്ധനം കത്തിച്ചു കളയായാനായി രണ്ടര മണിക്കൂറിലേറെ ആകാശത്ത് വട്ടമിട്ടു പറന്ന ശേഷമാണ് രാവിലെ 11.57ന് വിമാനം കോഴിക്കോട് വിമാനത്താവളത്തിൽ തന്നെ തിരിച്ചിറക്കിയത്.
യാത്രക്കാരെ ഹോട്ടലിലേക്കും വിമാനത്താവളത്തിനു സമീപത്തുനിന്നുള്ളവരെ അവരുടെ വീടുകളിലേക്കും എത്തിച്ചിരുന്നു. ഈ വിമാനത്തിലെ ജീവനക്കാരുടെ ജോലി സമയം കഴിഞ്ഞതിനാൽ അവർ ഹോട്ടലിലെത്തി 11 മണിക്കൂറിനു ശേഷമേ അടുത്ത ഡ്യൂട്ടി ഏൽപ്പിക്കാവൂ എന്നാണ് ചട്ടം. അതിനാലാണ് മറ്റൊരു സംഘം ജീവനക്കാരെ ഒമാനിൽ നിന്നെത്തിച്ച് ഈ വിമാനം പറത്താനായി നിയോഗിച്ചത്.
English Summary: Oman Airways flight will return with passengers at 8.15 PM