മുഖ്യമന്ത്രിയുടെ പ്രസംഗത്തിനിടെ മൈക്കിന്റെ ശബ്ദം തടസ്സപ്പെട്ടു; കേസെടുത്ത് പൊലീസ്
Mail This Article
തിരുവനന്തപുരം∙ മുഖ്യമന്ത്രിയുടെ പ്രസംഗത്തിനിടെ മൈക്കിന്റെ ശബ്ദം തടസ്സപ്പെട്ടതിന് കേസെടുത്ത് പൊലീസ്, തിങ്കളാഴ്ച കെപിസിസിയുടെ നേതൃത്വത്തിൽ അയ്യങ്കാളി ഹാളിൽ സംഘടിപ്പിച്ച ഉമ്മൻ ചാണ്ടി അനുസ്മരണത്തിനിടെയാണ് മുഖ്യമന്ത്രി പിണറായി വിജയൻ പ്രസംഗിക്കാനെത്തിയപ്പോൾ അൽപ്പനേരം ശബ്ദം തടസപ്പെട്ടത്. ഈ സംഭവത്തിൽ കന്റോൺമെന്റ് പൊലീസാണ് സ്വമേധയാ കേസെടുത്തത്. ഇതില്‍ ആരെയും പ്രതി ചേർത്തിട്ടില്ല,
ഇതുമായി ബന്ധപ്പെട്ട് മൈക്കും കേബിളും പൊലീസ് കസ്റ്റഡിയിലെടുത്തു. ഇത് നാളെ ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റ് പരിശോധിക്കും. കേരളാ പൊലീസ് ആക്ട് പ്രകാരം 118 ഇ എന്ന വകുപ്പിലാണ് കേസെടുത്തിട്ടുള്ളത്. പൊതുജനങ്ങൾക്ക് അപകടമുണ്ടാക്കുന്നതോ, പൊതുസുരക്ഷയെ പരാജയപ്പെടുത്തുന്നതുമായ എതെങ്കിലും പ്രവൃത്തി അറിഞ്ഞുകൊണ്ട് ചെയ്യുന്നു എന്ന വകുപ്പിലാണ് കേസ്.
എന്നാൽ സംഭവത്തെ പരിഹസിച്ച് കോൺഗ്രസ് നേതാക്കൾ രംഗത്തെത്തി. കേസെടുത്തത് എന്തിനെന്ന് മനസിലാകുന്നില്ലെന്ന് തിരുവനന്തപുരം ഡിസിസി പ്രസിഡന്റ് പാലോട് രവി പറഞ്ഞു. മൈക്കിനെ അറസ്റ്റ് ചെയ്യണമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കുട്ടത്തിൽ സംഭവത്തെ പരിഹസിച്ചു.
English Summary: Police registered a case for interrupting the sound of the microphone during the Chief Minister's speech