ADVERTISEMENT

ഇസ്‌ലാമാബാദ്∙ ഇന്ത്യയിലേക്ക് ഡ്രോൺ ഉപയോഗിച്ച് ലഹരിമരുന്ന് കടത്തുന്നതായി പാക്കിസ്ഥാൻ പ്രധാനമന്ത്രിയുടെ അടുത്ത സഹായിയുടെ സ്ഥിരീകരണം. നിരോധിത ലഹരിമരുന്നുകൾ, കൂടുതലും ഹെറോയിൻ പോലുള്ളവ അതിർത്തിക്കപ്പുറമുള്ള മറ്റു രാജ്യങ്ങളിലേക്ക്, പ്രത്യേകിച്ച് ഇന്ത്യയിലേക്ക് ഡ്രോണുകൾ ഉപയോഗിച്ച് കടത്തുന്ന സജീവ കേസുകൾ രാജ്യത്ത് ഉണ്ടെന്ന് പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ അടുത്ത സഹായിയും പ്രതിരോധ മന്ത്രാലയത്തിലെ സ്പെഷൽ അസിസ്റ്റന്റുമായ മാലിക് മുഹമ്മദ് അഹമ്മദ് ഖാന്‍ പറഞ്ഞു.

ഇന്ത്യയിലെ പഞ്ചാബുമായി അതിർത്തി പങ്കിടുന്ന കസൂർ നഗരത്തിൽ മുതിർന്ന പാക്കിസ്ഥാൻ മാധ്യമപ്രവർത്തകൻ ഹമീദ് മിറുമായി നടത്തിയ അഭിമുഖത്തിനിടെയാണ് അദ്ദേഹത്തിന്റെ സ്ഥിരീകരണം. കസൂറിനെ പ്രതിനിധീകരിക്കുന്ന പ്രവിശ്യാ അസംബ്ലി അംഗം (എംപിഎ) സ്ഥാനവും മാലിക് മുഹമ്മദ് അഹമ്മദ് ഖാന്‍ വഹിക്കുന്നുണ്ട്. ഇന്ത്യയിലേക്ക് ലഹരിമരുന്ന് കടത്താൻ പാക്കിസ്ഥാനിലെ ലഹരിക്കടത്തുകാർ ഡ്രോൺ പോലുള്ള അത്യാധുനിക രീതികൾ അവലംബിക്കുന്നു എന്ന മുൻ ആരോപണങ്ങളെ പിന്തുണയ്ക്കുന്നതാണ് അദ്ദേഹത്തിന്റെ സ്ഥിരീകരണം.

അഭിമുഖത്തിന്റെ വിഡിയോ ജൂലൈ 17ന് ഹമീദ് മിർ ട്വിറ്ററിൽ പങ്കുവച്ചിരുന്നു. കസൂരിലെ അതിർത്തി കടന്നുള്ള ലഹരിമരുന്ന് കടത്ത് സംബന്ധിച്ച ചോദ്യത്തിനുള്ള മറുപടിയിലാണ് അഹമ്മദ് ഖാന്‍ ഇക്കാര്യം സ്ഥിരീകരിച്ചത്. ‘‘പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവ് മാലിക് മുഹമ്മദ് അഹമ്മദ് ഖാന്റെ വലിയ വെളിപ്പെടുത്തൽ: പാക്കിസ്ഥാൻ - ഇന്ത്യ അതിർത്തിക്കടുത്തുള്ള കസൂരിലെ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിൽ ഹെറോയിൻ കടത്തുന്നതിനായി ലഹരിക്കടത്തുകാർ ഡ്രോണുകൾ ഉപയോഗിക്കുന്നു. പ്രളയബാധിതരുടെ പുനരധിവാസത്തിനു പ്രത്യേക പാക്കേജ് അനുവദിക്കണമെന്നും അല്ലാത്തപക്ഷം ദുരിതബാധിതർ ലഹരിക്കടത്തുകാർക്കൊപ്പം ചേരുമെന്നും അദ്ദേഹം പറഞ്ഞു’’– മിർ ട്വീറ്റ് ചെയ്തു.

English Summary: Pakistan PM's Close Aide verifies claims of drones being used to smuggle drugs to India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com