ഡിജിറ്റൽ വ്യക്തിവിവര സുരക്ഷാ ബിൽ വ്യാഴാഴ്ച സഭയിൽ; പിഴയീടാക്കുക കോടികൾ
Mail This Article
ന്യൂഡൽഹി∙ രാജ്യം ഏറെ കാത്തിരുന്ന ഡിജിറ്റൽ വ്യക്തിവിവര സുരക്ഷാ ബിൽ (ഡിപിഡിപി ബിൽ) വ്യാഴാഴ്ച കേന്ദ്ര സർക്കാർ ലോക്സഭയിൽ അവതരിപ്പിക്കും. കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്‌ണവ് ആണ് ബിൽ സഭയിൽ അവതരിപ്പിക്കുക. ബില്ലിനു നേരത്തെ കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകിയിരുന്നു. ഈ സമ്മേളനത്തിൽ തന്നെ ബിൽ പാസാക്കാനാണു നീക്കം.
ബിൽ നിയമമായാൽ സ്വകാര്യ കമ്പനികളടക്കം ഇതു പാലിക്കേണ്ടി വരും. സമൂഹമാധ്യമങ്ങൾ മുതൽ ബാങ്കുകൾവരെ ശേഖരിക്കുന്ന വ്യക്തിഗത വിവരങ്ങൾ എന്തിന് ഉപയോഗിക്കുന്നുവെന്ന് ആ വ്യക്തിയെ അറിയിക്കേണ്ടി വരും. വിവരച്ചോർച്ചയുണ്ടായാൽ കോടികൾ പിഴ നൽകണം. പൊതുജനങ്ങളുടെ 21,666 അഭിപ്രായങ്ങൾ സർക്കാരിനു ലഭിച്ചിരുന്നു. 48 സ്ഥാപനങ്ങളുമായും സർക്കാരിനുള്ളിൽ 38 വിഭാഗങ്ങളുമായും കൂടിയാലോചന നടത്തി.
ഏറെ ചർച്ചകൾക്കു വഴിവച്ച ബില്ലിന്റെ ആദ്യ രൂപം കഴിഞ്ഞ ഓഗസ്റ്റിൽ പിൻവലിച്ചിരുന്നു. തുടർന്നു തയാറാക്കിയ പുതിയ ബില്ലാണ് ഇപ്പോഴത്തേത്. വിവരാവകാശ അപേക്ഷയ്ക്ക് ഇനി വ്യക്തിവിവരങ്ങൾ മറുപടിയായി ലഭിക്കില്ല. നിയമം നടപ്പാക്കുന്നതിനായി ഡേറ്റ പ്രൊട്ടക‍്ഷൻ അതോറിറ്റി നിലവിൽ വരും. അപ്പീലുകൾ ടെലികോം തർക്കപരിഹാര അപ്‍ലറ്റ് ട്രൈബ്യൂണലുകൾ പരിഗണിക്കും.
വിവരച്ചോർച്ചയുണ്ടായാൽ ബന്ധപ്പെട്ട വ്യക്തിയെയും ഡേറ്റ പ്രൊട്ടക്‌ഷൻ ബോർഡിനെയും അറിയിക്കണം. വീഴ്ചയുണ്ടായാൽ 250 കോടി രൂപ വരെ പിഴ. ഇതു 500 കോടി വരെ ഉയർത്താനും വ്യവസ്ഥയുണ്ട്. വ്യക്തിവിവരം ശേഖരിക്കുമ്പോൾ ഓരോന്നിന്റെയും ഉദ്ദേശ്യം ഉപയോക്താവിനെ അറിയിച്ച് അനുമതി വാങ്ങണം. വ്യക്തികൾക്ക് എപ്പോൾ വേണമെങ്കിലും ഈ അനുമതി റദ്ദാക്കാനും സാധിക്കുന്ന തരത്തിലാണു പുതിയ നിയമമെന്നാണു സൂചന.
English Summary: Digital Personal Data Protection Bill, 2023 is likely to be introduced in Lok Sabha on Thursday