ഗ്യാൻവാപി: ആർക്കിയോളജിക്കൽ സർവേയ്ക്ക് അനുമതി നൽകി അലഹാബാദ് ഹൈക്കോടതി
Mail This Article
അലഹാബാദ്∙ ഉത്തർപ്രദേശിലെ ഗ്യാൻവാപി പള്ളിപ്പരിസരത്ത് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ പരിശോധന നടത്താൻ അലഹാബാദ് ഹൈക്കോടതി അനുമതി നൽകി. പരിശോധന അനുവദിച്ച വാരാണസി ജില്ലാ കോടതി ഉത്തരവിനുള്ള സ്റ്റേ പിൻവലിച്ചു. പരിശോധന നടത്താമെന്ന വാരാണസി ജില്ലാ കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്തത് ഇന്നുവരേക്കു നീട്ടിയിരുന്നു.
അലഹാബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് പ്രീതിങ്കർ ദിവാകറാണ് വാദം കേട്ടശേഷം സ്റ്റേ നീട്ടിയത്. നേരത്തെ, ഈ മാസം 26നു വൈകിട്ട് 5 വരെ ഉത്തരവു സ്റ്റേ ചെയ്ത സുപ്രീം കോടതി, ഇതിനകം മുസ്‍ലിം വിഭാഗത്തിന്റെ അപ്പീലിൽ തീരുമാനമെടുക്കാൻ ഹൈക്കോടതിയോട് ആവശ്യപ്പെട്ടിരുന്നു. സുപ്രീം കോടതി അനുവദിച്ച സമയപരിധി കഴിഞ്ഞ സാഹചര്യത്തിലാണ് ഓഗസ്റ്റ് മൂന്നിന് അന്തിമവിധി പ്രസ്താവിക്കും വരെ സ്റ്റേ നീട്ടിയത്.
കാശി വിശ്വനാഥ ക്ഷേത്രത്തോടു ചേർന്നുള്ള ഗ്യാൻവാപി പള്ളിയുടെ പടിഞ്ഞാറുഭാഗത്തെ മതിലിനടുത്ത് ശൃംഗാർ ഗൗരി ക്ഷേത്രത്തിൽ നിത്യാരാധനയ്ക്ക് അനുമതി തേടിയുള്ള ഹർജി നിലനിൽക്കെയാണു സർവേ നടത്തണമെന്ന ആവശ്യം ഉയർന്നത്. കഴിഞ്ഞവർഷം മേയിൽ, കോടതി ഉത്തരവിനെത്തുടർന്നുള്ള വിഡിയോ സർവേയിൽ പള്ളി പരിസരത്തു ശിവലിംഗം കണ്ടതായി ഹിന്ദു വിഭാഗം ചൂണ്ടിക്കാട്ടി. ഇതു ശിവലിംഗമല്ലെന്നും ജലധാരയുടെ ഭാഗമാണെന്നുമാണു മുസ്‍ലിം വിഭാഗം വാദിച്ചത്. ഇതിന്റെ കാലപ്പഴക്കം തീരുമാനിക്കാനുള്ള കാർബൺ ഡേറ്റിങ് നടത്തുന്ന വിഷയം സുപ്രീം കോടതിയുടെ പരിഗണനയിലാണ്.
ഇതുൾപ്പെടുന്ന ഭാഗം (പള്ളിയിൽ അംഗശുദ്ധി വരുത്തുന്ന സ്ഥലം) ഒഴിവാക്കി സർവേ നടത്താനാണു വാരാണസി കോടതി ഉത്തരവിട്ടത്. പള്ളി പരിസരത്തു സ്വയംഭൂവായ ജ്യോതിർലിംഗം നൂറ്റാണ്ടുകളായി ഉണ്ടായിരുന്നുവെന്നും മുഗൾ അധിനിവേശത്തിൽ ഇതു തകർക്കപ്പെട്ടുവെന്നുമാണ് സർവേ ആവശ്യപ്പെട്ടവരുടെ വാദം. 1669ൽ ഔറംഗസേബിന്റെ ആജ്ഞപ്രകാരം അനുയായികൾ ഇതു തകർത്തു, 1777–80ൽ കാശിവിശ്വനാഥ ക്ഷേത്രം പണികഴിപ്പിച്ചു, ഗ്യാൻവാപി പള്ളി ഇരിക്കുന്ന സ്ഥലത്താണ് യഥാർഥ ക്ഷേത്രം എന്നിങ്ങനെയാണു ഹർജിക്കാരുടെ വാദം.
English summary: Gyanvapi Mosque Survey Verdict: Allahabad HC to Deliver Order- Updates