ADVERTISEMENT

ബെംഗളൂരു∙ കർണാടകയിൽ മന്ത്രിമാർക്ക് പുതിയ വാഹനം വാങ്ങുന്നതിനു പത്തു കോടി രൂപ അനുവദിച്ച് സർക്കാർ. 33 മന്ത്രിമാർക്കായി 33 ടൊയോട്ട ഇന്നോവ ഹൈക്രോസ് ഹൈബ്രിഡ് എസ്‌യുവികൾ വാങ്ങുന്നതിനാണ് 9.9 കോടി അനുവദിച്ചത്. ‍എന്നാൽ മന്ത്രിമാർക്കു വാഹനം വാങ്ങുന്നതിന് ഇത്രയും വലിയ തുക ചെലവഴിക്കുന്നതിനു വിവിധ കോണുകളിൽനിന്നു വ്യാപക വിമർശനമുയർന്നു. ബെംഗളൂരുവിൽ ഇന്നോവ ഹൈക്രോസ് ടോപ്പ് മോഡലിന്റെ ഓൺറോഡ് വില ഏകദേശം 39 ലക്ഷം രൂപയാണ്.

എന്നാൽ വാഹനം വാങ്ങാനുള്ള സർക്കാർ നീക്കത്തെ ന്യായീകരിച്ച് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ രംഗത്തെത്തി. ‘‘എന്താണ് കുഴപ്പം? മന്ത്രിമാർക്കും ദീർഘദൂരം സഞ്ചരിക്കേണ്ടതിനാൽ അവരുടെ സുരക്ഷ പ്രധാനമാണ്. വാസ്തവത്തിൽ, മറ്റു സംസ്ഥാനങ്ങളിൽനിന്നു വ്യത്യസ്തമായി, ഞങ്ങൾക്ക് ചാർട്ടേഡ് ഫ്ലൈറ്റുകളും ഹെലികോപ്റ്ററുകളും ഇല്ല. ഇപ്പോൾ പോലും ഞാൻ ഒരു സാധാരണ വാണിജ്യ വിമാനത്തിലാണ് വന്നിറങ്ങിയത്.’’– ശിവകുമാർ പറഞ്ഞു.

കർണാടകയിൽ ഏറ്റവും ചെലവേറിയ പദ്ധതിയായ ഗൃഹലക്ഷ്മി പദ്ധതി ആരംഭിച്ച് രണ്ടു ദിവസത്തിനു ശേഷമാണ് വൻ തുക മുടക്കി കാറുകൾ വാങ്ങുന്നെന്ന പ്രഖ്യാപനവും കോൺഗ്രസ് സർക്കാർ നടത്തിയത്. തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ വാഗ്ദാനം ചെയ്ത ഗൃഹലക്ഷ്മി പദ്ധതിക്കായി സംസ്ഥാന സർക്കാർ ഈ സാമ്പത്തിക വർഷം 17,500 കോടി രൂപ നീക്കിവച്ചിട്ടുണ്ട്.

വികസന പ്രവർത്തനങ്ങൾക്ക് ആവശ്യമായ പണം സംസ്ഥാന സർക്കാർ മറ്റ് ആവശ്യങ്ങൾക്കായി വിനിയോഗിക്കുകയാണെന്ന് ബിജെപി ആരോപിച്ചു. ‘‘കോൺഗ്രസ് വാഗ്ദാനങ്ങളെക്കുറിച്ചു മാത്രമാണ് സംസാരിക്കുന്നത്. വികസന പ്രവർത്തനങ്ങൾക്കു പണമില്ല, കാറുകൾക്കു പണം എവിടെ?’’– ബിജെപി എംഎൽഎ സി. നാരായണസ്വാമി പറഞ്ഞു. 2013ൽ അധികാരത്തിലെത്തിയപ്പോൾ മന്ത്രിമാർക്ക് പുതിയ കാറുകൾ വാങ്ങാൻ കോൺഗ്രസ് 5 കോടി രൂപ അനുവദിച്ചിരുന്നു.

English Summary: Row Over 33 Innovas For 33 Karnataka Ministers. They'll Cost ₹ 10 Crore

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com