സാമ്പത്തിക തട്ടിപ്പ്: തൃണമൂൽ എംപി നുസ്രത്ത് ജഹാനെ ചോദ്യംചെയ്യാൻ വിളിപ്പിച്ച് ഇഡി
Mail This Article
കൊൽക്കത്ത∙ സാമ്പത്തിക തട്ടിപ്പുകേസിൽ തൃണമൂൽ എംപിയും നടിയുമായ നുസ്രത്ത് ജഹാനെ എൻഫോഴ്‍സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ചോദ്യംചെയ്യാൻ വിളിപ്പിച്ചു. സെപ്റ്റംബർ 12നു കൊൽക്കത്തയിൽ ഹാജരാകാനാണു നിർദേശം. ഫ്ലാറ്റുകൾ വാഗ്ദാനം ചെയ്തു പണം വാങ്ങി ആളുകളെ കബളിപ്പിച്ചെന്നതാണു നുസ്രത്ത് ജഹാനെതിരായ കേസ്. ബിജെപി നേതാവ് ശങ്കുദേബ് പാണ്ഡയുടെ പരാതിയിലാണു ഇഡി നുസ്രത്ത് ജഹാനെതിരെ കേസെടുത്തത്.
എന്നാൽ തനിക്കെതിരായ എല്ലാ ആരോപണങ്ങളും വാർത്താ സമ്മേളനം വിളിച്ച് നുസ്രത്ത് ജഹാൻ നിഷേധിച്ചിരുന്നു. സെവൻ സെൻസ് ഇന്റർനാഷനൽ എന്ന കമ്പനിയുടെ ഡയറക്ടറായിരുന്നു നുസ്രത്ത് ജഹാൻ. ഫ്ലാറ്റുകൾ വാഗ്ദാനം ചെയ്ത് ഇന്ത്യൻ ഓവർസീസ് ബാങ്കിലെ 429 ജീവനക്കാരിൽനിന്നു പണം വാങ്ങിയെങ്കിലും ഫ്ലാറ്റ് നൽകിയില്ലെന്നാണ് പരാതി. 5.5 ലക്ഷം വീതം ഓരോരുത്തരിൽനിന്നും വാങ്ങിയെന്നാണു ആരോപണം. എന്നാൽ ആർക്കും ഫ്ലാറ്റുകൾ കിട്ടുകയോ പണം തിരികെ കിട്ടുകയോ ചെയ്തില്ലെന്നു ശങ്കുദേബ് പാണ്ഡ ആരോപിച്ചു.
English Summary: Enforcement Directorate called Nusrat Jahan for questioning on a scam case