സനാതന ധർമ വിവാദം: ഉദയനിധി സ്റ്റാലിനും പ്രിയങ്ക് ഖർഗെയ്ക്കും എതിരെ കേസെടുത്ത് യുപി പൊലീസ്
Mail This Article
റാംപുർ∙ സനാതന ധർമത്തെ പകർച്ചവ്യാധികളോട് ഉപമിച്ച തമിഴ്നാട് മന്ത്രി ഉദയനിധി സ്റ്റാലിനെതിരെ കേസ്. മതവികാരം വ്രണപ്പെടുത്തിയതിനാണ് ഉദയനിധിക്കെതിരെ യുപിയിലെ റാംപുർ പൊലീസ് കേസ് റജിസ്റ്റർ ചെയ്തത്. കർണാടക മന്ത്രിയും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ മകനുമായ പ്രിയങ്ക് ഖർഗെയ്ക്കെതിരെയും കേസെടുത്തിട്ടുണ്ട്. ഉദയനിധിയുടെ പ്രസ്താവനയെ പിന്തുണച്ചതിനാണ് പ്രിയങ്കിനെതിരെ കേസ്. മനുഷ്യരെ തുല്യരായി കാണാത്ത ഏതു മതവും രോഗമാണെന്നാണു പ്രിയങ്ക് പറഞ്ഞത്.
ഉദയനിധിയുടെ പ്രസ്താവന സംബന്ധിച്ച് വന്ന മാധ്യമ വാർത്തകൾ ചൂണ്ടിക്കാട്ടി അഭിഭാഷകരായ ഹർഷ് ഗുപ്ത, രാം സിങ് ലോധി എന്നിവരാണ് പരാതി നൽകിയത്. നേരത്തെ ബിഹാറിലെ മുസഫർപുർ ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ മന്ത്രിക്കെതിരെ ഹർജി നൽകിയിരുന്നു. കഴിഞ്ഞ ദിവസം ഡൽഹി പൊലീസിലും പരാതി ലഭിച്ചിരുന്നു. ഉദയനിധി സ്റ്റാലിനെതിരെ കേസ് റജിസ്റ്റർ ചെയ്യണമെന്നാവശ്യപ്പെട്ടു സുപ്രീം കോടതി ചീഫ് ജസ്റ്റിസിനു റിട്ട. ജഡ്ജിമാരും സിവിൽ സർവീസ് ഉദ്യോഗസ്ഥരും ഉൾപ്പെടെ 262 പ്രമുഖർ ഒപ്പിട്ട് കത്ത് അയയ്ക്കുകയും ചെയ്തു.
തമിഴ്‌നാട് പ്രോഗ്രസീവ് റൈറ്റേഴ്‌സ് ആർട്ടിസ്‌റ്റ് അസോസിയേഷൻ സമ്മേളനത്തിൽ ശനിയാഴ്ചയാണ് ഉദയനിധി വിവാദ പരാമർശങ്ങൾ നടത്തിയത്. ഡെങ്കിപ്പനി, കൊതുകുകൾ, മലേറിയ, കൊറോണ വൈറസ് എന്നിവയെപ്പോലെ സനാതന ധർമത്തെയും ഉന്മൂലനം ചെയ്യണമെന്നായിരുന്നു ഉദയനിധിയുടെ വാക്കുകൾ.
ഇതിനെതിരെ വ്യാപക പ്രതിഷേധവുമായി ബിജെപി, സംഘപരിവാർ സംഘടനകൾ രംഗത്തെത്തിയിരുന്നു. മന്ത്രിക്കെതിരെ ക്രിമിനൽ നടപടി സ്വീകരിക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഗവർണർ ആർ.എൻ.രവിക്ക് ബിജെപി കത്തയച്ചു. ഉദയനിധിയെ വധിക്കുന്നവർക്ക് 10 കോടി രൂപ പ്രതിഫലം പ്രഖ്യാപിച്ച് ഉത്തർപ്രദേശിൽനിന്നുള്ള സംഘപരിവാർ അനുയായി പരമഹംസ ആചാര്യ രംഗത്തെത്തി. മന്ത്രിയുടെ ചിത്രം വാളിൽ കോർത്തു കത്തിച്ച ശേഷമായിരുന്നു പ്രഖ്യാപനം. ഭീഷണി ഉയർന്ന സാഹചര്യത്തിൽ മന്ത്രിയുടെ സുരക്ഷ വർധിപ്പിച്ചു. ചെന്നൈയിലെ വസതിക്കു മുന്നിൽ കൂടുതൽ പൊലീസിനെ വിന്യസിച്ചു.
English Summary: Police Case Against MK Stalin's Son In UP Over 'Sanatana Dharma' Remark