ജി20 ഉച്ചകോടിക്കായി ബൈഡൻ എത്തി; ലക്ഷ്യം വമ്പൻ കരാറുകൾ, മോദിയുമായി ചർച്ച
Mail This Article
ന്യൂഡൽഹി ∙ ജി20 ഉച്ചകോടിയിൽ പങ്കെടുക്കാൻ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ഡൽഹിയിലെത്തി. മൂന്നു വർഷത്തിനുശേഷമാണ് അമേരിക്കൻ പ്രസിഡന്റ് ഇന്ത്യയിലെത്തുന്നത്. ജോ ബൈഡനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തും.
ഇരുരാജ്യങ്ങളും ഏറെ പ്രതീക്ഷയോടെയാണ് കൂടിക്കാഴ്ചയെ നോക്കിക്കാണുന്നത്. ജെറ്റ് എൻജിൻ കരാർ, പ്രിഡേറ്റർ ഡ്രോൺ കരാർ, 5 ജി, 6 ജി സ്പെക്ട്രം, സിവിൽ ന്യൂക്ലിയർ മേഖലയിലും നൂതന സാങ്കേതിക വിദ്യയിലുമുള്ള സഹകരണം തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യാനാണ് ഉദ്ദേശിക്കുന്നതെന്ന് യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക് സള്ളിവൻ അറിയിച്ചു.
ഇന്ത്യയും അറബ് രാജ്യങ്ങളും തമ്മിലുള്ള റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട് ചർച്ച നടക്കുമോ എന്ന കാര്യം ഉറപ്പില്ലെന്നും സള്ളിവൻ പറഞ്ഞു. ‘‘ഇന്ത്യയിൽനിന്ന് അറബ് രാജ്യങ്ങളിലേക്കും യൂറോപ്പിലേക്കും റെയിൽ പദ്ധതി നടപ്പാക്കുന്നത് സാമ്പത്തിക നേട്ടമുണ്ടാക്കും. എന്നാൽ ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും കാര്യം വ്യക്തമാക്കാൻ ഇപ്പോൾ സാധിക്കില്ല. എല്ലാ രാജ്യങ്ങളും അനുകൂലമായ നിലപാടിലേക്കെത്തിയാൽ മാത്രമെ ഇതിനെക്കുറിച്ച് പ്രതികരിക്കാൻ സാധിക്കൂ. എണ്ണ ഉൽപാദക രാജ്യങ്ങൾ തമ്മിൽ കൂടുതൽ ധാരണ ഉണ്ടാക്കണം. കാലാവസ്ഥാ വ്യതിയാനത്തെ ഒരുമിച്ച് കൈകാര്യം ചെയ്യേണ്ടതുണ്ട്. കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട് പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ രാജ്യങ്ങൾ മുന്നോട്ടുവരണം’’–. സള്ളിവൻ പറഞ്ഞു.
റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനും ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്ങും ഉച്ചകോടിയിൽ പങ്കെടുക്കാത്ത സാഹചര്യത്തിൽ മോദി–ബൈഡൻ കൂടിക്കാഴ്ചയ്ക്കു പ്രാധാന്യമേറെയാണ്. ഡൽഹിയിൽ രാജ്യതലവന്മാരും പ്രതിനിധിസംഘവും താമസിക്കുന്ന 25 ഹോട്ടലുകളുടെ പരിസരങ്ങളിൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
English Summary: G20: Narendra Modi- Joe Biden meet