ADVERTISEMENT

ന്യൂഡൽഹി ∙ ലോക നേതാക്കളെ സ്വീകരിച്ച് ജി20 ഉച്ചകോടിക്കായി തയാറെടുത്ത് ഇന്ത്യ. ശനി, ഞായർ ദിവസങ്ങളിലായി രാജ്യം ആതിഥേയത്വം വഹിക്കുന്ന ഉച്ചകോടിയിലേക്കായി വിവിധ ലോക നേതാക്കൾ ഡൽഹിയിലേക്ക് എത്തിത്തുടങ്ങി. വിവിധ കേന്ദ്രമന്ത്രിമാർക്കാണ് നേതാക്കളെ വിമാനത്താവളത്തിലെത്തി സ്വീകരിക്കുന്നതിനുള്ള ചുമതല.

യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്, ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൽ റമഫോസ,  ജപ്പാൻ പ്രധാനമന്ത്രി ഫൂമിയോ കിഷിദ, ബ്രിട്ടിഷ് പ്രധാനമന്ത്രി ഋഷി സുനക്, ബംഗ്ലദേശ് പ്രധാനമന്ത്രി ഷെയ്‌ക് ഹസീന തുടങ്ങിയവർ ഉച്ചകോടിക്കായി എത്തിച്ചേർന്നു. ഇന്ത്യയിലേക്കുള്ള യാത്ര വളരെ പ്രിയപ്പെട്ടതാണെന്ന് ഋഷി സുനക് പറഞ്ഞു. ‘ഇന്ത്യയുടെ മരുമകൻ’ എന്നാണ് താൻ അറിയപ്പെടുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. ബ്രിട്ടനിൽനിന്ന് പുറപ്പെടുന്നതിന് മുൻപായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

‘‘ഇന്ത്യ എനിക്ക് വളരെയധികം പ്രിയപ്പെട്ടതാണ്. വളരെ പ്രത്യേകതകൾ നിറഞ്ഞ യാത്രയാണ് ഇന്ത്യയിലേക്കുള്ളത്. ഇന്ത്യയുടെ മരുമകനെന്ന് ഞാൻ അറിയപ്പെടുന്നതായി അറിഞ്ഞു. ഇത് വളരെയധികം സ്നേഹത്തോടെയുള്ളതാണെന്ന് ഞാൻ മനസ്സിലാക്കുന്നു. ജി20 ഉച്ചകോടിയിൽ റഷ്യ– യുക്രെയ്ൻ    പ്രശ്നങ്ങൾ ചർച്ച ചെയ്യും. ഈ വിഷയത്തിൽ ഇന്ത്യയുടെ നിലപാട് പരമപ്രധാനമാണ്. ബ്രിട്ടനും ഇന്ത്യയുമായി ബന്ധപ്പെട്ടുള്ള വ്യാപാരക്കരാറും, കരിങ്കടൽ ധാന്യകയറ്റുമതി കരാറിൽനിന്ന് റഷ്യ പിന്മാറിയത് അടക്കമുള്ള വിഷയങ്ങളും ചർച്ചയാകും’’– ഋഷി സുനക് പറഞ്ഞു. 

വ്യക്തമായ നയത്തോടെയാണ് ജി20ക്കായി എത്തുന്നതെന്ന് സമൂഹമാധ്യമമായ എക്സ് പ്ലാറ്റ്‌ഫോമിലൂടെ സുനക് പ്രതികരിച്ചിരുന്നു. ‘‘ഞാൻ വ്യക്തമായ നയത്തോടെയാണ് ജി20 ഉച്ചകോടിയിലേക്കെത്തുന്നത്. ആഗോള സാമ്പത്തിക മേഖലയെ സുസ്ഥിരപ്പെടുത്തുകയാണ് ലക്ഷ്യം. രാജ്യാന്തരബന്ധങ്ങൾ ശക്തമാക്കുന്നതിനും ശ്രമിക്കും’’– ഋഷി സുനക് പറഞ്ഞു.

English Summary: Rishi Sunak Feels "Special", "Called India's Son-In-Law Affectionately"

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com