ADVERTISEMENT

ന്യൂഡൽഹി ∙ ജി20 ഉച്ചകോടിയുടെ ഉദ്ഘാടന പ്രസംഗത്തിൽ രാജ്യത്തിന്റെ പേര് ‘ഭാരത്’ എന്നു പ്രദർശിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘ഇന്ത്യ’ ഒഴിവാക്കി രാജ്യത്തിന്റെ പേര് ‘ഭാരത്’ എന്നു മാത്രമാക്കാൻ കേന്ദ്ര സർക്കാർ നീക്കം നടത്തുന്നുവെന്ന റിപ്പോർട്ടുകൾക്കിടെയാണു നിർണായക നടപടി.

പ്രഗതി മൈതാനത്തെ ഭാരത് മണ്ഡപത്തിൽ ലോകനേതാക്കളുടെ സാന്നിധ്യത്തിൽ നടന്ന ഉദ്ഘാടനത്തിലാണു മോദിയുടെ ഇരിപ്പിടത്തിൽ ജി20 ലോഗോയുള്ള ബോർഡിൽ ‘ഭാരത്’ എന്നെഴുതിയത് സ്ഥാപിച്ചത്. ഇതിനൊപ്പം ദേശീയപതാകയും വച്ചിരുന്നു. ജി20 ഉച്ചകോടിക്കെത്തുന്ന രാഷ്ട്രനേതാക്കൾക്കു രാഷ്ട്രപതി നൽകുന്ന വിരുന്നിനുള്ള ക്ഷണക്കത്തിൽ ‘പ്രസിഡന്റ് ഓഫ് ഭാരത്’ എന്നു പ്രയോഗിച്ചതിനു പിന്നാലെയാണിത്.

നേരത്തേ, മോദിയുടെ ഇന്തൊനീഷ്യ യാത്ര സംബന്ധിച്ചു വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ കുറിപ്പിലും ‘പ്രൈംമിനിസ്റ്റർ ഓഫ് ഭാരത്’ എന്നാക്കിയിരുന്നു. ‘ഇന്ത്യ അതായത്, ഭാരത് സംസ്ഥാനങ്ങളുടെ ഒരു യൂണിയനായിരിക്കുന്നതാണ്’ എന്നാണു ഭരണഘടനയുടെ ഒന്നാം വകുപ്പ്. എന്നാൽ, ഇന്ത്യയെന്നത് ബ്രിട്ടിഷുകാർ നൽകിയ പേരാണെന്നും സ്വാതന്ത്ര്യത്തിനു മുൻപുള്ള കാലത്തിന്റെ നീക്കിയിരിപ്പായ ഈ പേര് ഉപേക്ഷിക്കണമെന്നുമാണു ബിജെപിയുടെ വാദം.

ഗുജറാത്തിൽനിന്നുള്ള ബിജെപി അംഗം മിതേഷ് പട്ടേൽ ഈ ആവശ്യം കഴിഞ്ഞ ഡിസംബറിൽ ലോക്സഭയിൽ ഉന്നയിച്ചിരുന്നു. ഇന്ത്യ എന്ന് ഉപയോഗിക്കുന്നത് അവസാനിപ്പിച്ച് ഭാരത് എന്നു പ്രയോഗിച്ചു തുടങ്ങണമെന്ന് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് കഴിഞ്ഞ ദിവസം അസമിൽ ആഹ്വാനം ചെയ്തു. ഭാരത് എന്നു മാത്രമാക്കുന്നതിനെ അനുകൂലിച്ച് വിഎച്ച്പി ഉൾപ്പെടെയുള്ള സംഘപരിവാർ സംഘടനകളും രംഗത്തുണ്ട്. മുന്നണിക്ക് ‘ഇന്ത്യ’യെന്നു പേരിട്ടതോടെ വിറളി പിടിച്ചാണു രാജ്യത്തിന്റെ പേരിൽനിന്ന് ‘ഇന്ത്യ’ ഒഴിവാക്കുന്നതെന്നു പ്രതിപക്ഷ നേതാക്കൾ ആരോപിച്ചു.

English Summary: 'Bharat' on display as PM Modi addresses G20 Summit in Delhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com