ADVERTISEMENT

ന്യൂഡൽഹി∙ 21–ാം നൂറ്റാണ്ടിൽ പുതിയ ലോകക്രമത്തിനാണു ‌സാക്ഷ്യം വഹിക്കുന്നതെന്നും മനുഷ്യ കേന്ദ്രീകൃത സമീപനം കാലഘട്ടത്തിന്റെ ആവശ്യമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ജി20 ഉച്ചകോടിയിലേക്കു ലോകനേതാക്കളെ സ്വാഗതം ചെയ്യുകയായിരുന്നു മോദി.

മൊറോക്കോയിലെ ഭൂകമ്പ ദുരന്തത്തിൽ ഇരകളായവർക്കു സാധ്യമായ എല്ലാ സഹായവും നൽകുമെന്നും ലോകം മുഴുവൻ ഒപ്പമുണ്ടെന്നും പറഞ്ഞാണു മോദി പ്രസംഗം ആരംഭിച്ചത്. ‘‘ജി20 ഉച്ചകോടിയിൽ പങ്കെടുക്കുന്ന എല്ലാവരെയും സ്വാഗതം ചെയ്യുന്നു. ഈ 21–ാം നൂറ്റാണ്ടിൽ നാം പുതിയ ലോകക്രമത്തിനാണു സാക്ഷ്യം വഹിക്കുന്നത്. മനുഷ്യ കേന്ദ്രീകൃത സമീപനം കാലഘട്ടത്തിന്റെ ആവശ്യമാണ്. നമുക്ക് കോവിഡിനെ പരാജയപ്പെടുത്താൻ കഴിയുമെങ്കിൽ, ഏത് പ്രശ്‌നത്തെയും ചെറുക്കാനാകും.

ആഗോളമായുള്ള വിശ്വാസക്കമ്മിയെ കൂടുതൽ വിശ്വസനീയമായ ബന്ധങ്ങളാക്കി മാറ്റുമെന്നു നമ്മൾ പ്രതിജ്ഞ ചെയ്യുന്നു. ഭാരതത്തിന്റെ ജി20 അധ്യക്ഷസ്ഥാനം ഇന്ത്യയിൽ മാത്രമല്ല, ലോകമെമ്പാടുമുള്ള ഉൾപ്പെടുത്തലിന്റെ പ്രതീകമാണ്. നല്ല ഭാവിക്കായി നമ്മൾ ഒരുമിച്ച് പ്രവർത്തിക്കണം. നാമെല്ലാവരും ഒരുമിച്ചു നീങ്ങേണ്ട സമയമാണിത്. ‘സബ്കാ സാത്ത്, സബ്കാ വികാസ്, സബ്കാ വിശ്വാസ്, സബ്കാ പ്രയാസ്’ എന്ന മന്ത്രം നമുക്ക് മാർഗദീപമാകും. വടക്കും തെക്കും തമ്മിലുള്ള വിഭജനം, കിഴക്കും പടിഞ്ഞാറും തമ്മിലുള്ള അകലം, ഭക്ഷ്യ - ഇന്ധന മാനേജ്മെന്റ്, ഭീകരവാദം, സൈബർ സുരക്ഷ, ആരോഗ്യം, ഊർജം, ജലസുരക്ഷ തുടങ്ങിയവയിലെല്ലാം ഭാവി തലമുറകൾക്കായി നമുക്കു ശക്തമായ പരിഹാരം കണ്ടെത്തേണ്ടതുണ്ട്’’– മോദി പറഞ്ഞു.

ആഫ്രിക്കൻ യൂണിയനെ സ്ഥിരമായ ജി20 അംഗമാക്കാൻ ഇന്ത്യ വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും എല്ലാ അംഗങ്ങളും ഈ നിർദേശം അംഗീകരിക്കുമെന്ന് ഉറപ്പുണ്ടെന്നും മോദി കൂട്ടിച്ചേർത്തു. തുടർന്ന് ·ആഫ്രിക്കൻ യൂണിയനെ ജി20 കൂട്ടായ്മയിൽ അംഗമാക്കി. കൊമോറോസ് ആണ് ഉച്ചകോടിയിൽ ആഫ്രിക്കൻ യൂണിയനെ പ്രതിനിധീകരിക്കുന്നത്. വികസ്വര രാജ്യങ്ങൾക്കു കൂടുതൽ പരിഗണന വേണമെന്നത് ഇന്ത്യയുടെ മുഖ്യ ആവശ്യങ്ങളിലൊന്നായിരുന്നു.

English Summary: Bharat's G20 Presidency a Symbol of Inclusion in New World Order: PM Modi in Welcome Speech

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com