ADVERTISEMENT

സർവാധിപത്യം; സർവ പഞ്ചായത്തുകളിലും. 53 വർഷം പുതുപ്പള്ളിയുടെ നായകനായിരുന്ന ഉമ്മൻ ചാണ്ടിയുടെ മകന്റെ നിയമസഭാ പ്രവേശം വെറും വിജയത്തോടെയല്ല, പുതുപ്പള്ളി മണ്ഡലത്തിലെ എട്ടു പഞ്ചായത്തുകളിലും സർവാധിപത്യം ഉറപ്പിച്ചാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥിയായ ജെയ്ക് സി.തോമസ് ലീഡ് നൽകിയ മണർകാട് പഞ്ചായത്തു പോലും ഇത്തവണ 3716 വോട്ടിന്റെ ഭൂരിപക്ഷമാണ് ചാണ്ടി ഉമ്മന് നൽകിയത്. പുതുപ്പള്ളി മണ്ഡലത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ലീഡിൽ ചാണ്ടി ഉമ്മൻ ജയിച്ചുകയറിയപ്പോൾ എല്ലാ പഞ്ചായത്തുകളും ഒരു സംശയവുമില്ലാതെ അദ്ദേഹത്തിനൊപ്പം നിന്നു.

എട്ടു പഞ്ചായത്തുകളിലായി 182 ബൂത്തുകളാണ് പുതുപ്പള്ളി മണ്ഡലത്തിലുള്ളത്. ആകെ വോട്ടർമാർ 1,76,147. വോട്ടിങ് യന്ത്രത്തിൽ പോൾ ചെയ്ത വോട്ട്: 1,28,535. പുരുഷൻമാർ: 64,078. സ്ത്രീകൾ: 64,455. ട്രാൻസ്ജെൻഡർ: 2. പോസ്റ്റൽ വോട്ടുകൾ: 2028. ആകെ പോൾ ചെയ്തവർ: 130563. പുതുപ്പള്ളിയിലെ എട്ടു പഞ്ചായത്തുകളിലെയും വോട്ടുനില പരിശോധിക്കാം:

അയർക്കുന്നം

കഴിഞ്ഞ നിയമസഭ, ലോക്സഭ, തദ്ദേശ തരിഞ്ഞെടുപ്പുകളിലെല്ലാം യുഡിഎഫിനൊപ്പം നിന്ന പഞ്ചായത്താണ് അയർക്കുന്നം. 2021ലെ തിരഞ്ഞെടുപ്പിൽ 9118 വോട്ടാണ് അയർക്കുന്നത്തുനിന്ന് യുഡിഎഫിന് ലഭിച്ചത്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ 1293 വോട്ടിന്റെ ഭൂരിപക്ഷമാണ് ഉമ്മൻ ചാണ്ടിക്ക് അയർക്കുന്നം നൽകിയത്. ഇത്തവണ ആകെ പോൾ ചെയ്ത 19516 വോട്ടുകളിൽ 11,788 വോട്ടുകളും യുഡിഎഫിനായിരുന്നു. എൽഡിഎഫിന് ലഭിച്ചത് 6,301 വോട്ടുകൾ, എൻഡിഎയ്ക്കാകട്ടെ 1,167 വോട്ടുകളും. 5478 വോട്ടിന്റെ ഭൂരിപക്ഷമാണ് അയർക്കുന്നം ചാണ്ടി ഉമ്മന് നൽകിയത്. ഇരട്ടിയിലധികം വോട്ടാണ് ചാണ്ടി ഉമ്മൻ സ്വന്തമാക്കിയത്.

2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി തോമസ് ചാഴികാടന് 3912 വോട്ടിന്റെ ഭൂരിപക്ഷമാണ് അയർക്കുന്നം സമ്മാനിച്ചത്. 2020ലെ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ 20ൽ 11 വാർഡുകളും യുഡിഎഫിനൊപ്പം നിന്നപ്പോൾ 2,439 ഭൂരിപക്ഷത്തിലായിരുന്നു വിജയം. 

അകലക്കുന്നം

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫിന് 5951 വോട്ടുകളാണ് ഇവിടെ ലഭിച്ചത്. എൽഡിഎഫിന് 4133 വോട്ടും ബിജെപിക്ക് 1013 വോട്ടും ലഭിച്ചു.  ഇത്തവണ ആകെ പോൾ ചെയ്ത 11,120 വോട്ടുകളിൽ യുഡിഎഫിന് 7,255 വോട്ട് ലഭിച്ചു. എൽഡിഎഫിന് കഴിഞ്ഞ തവണത്തേതിലും ആയിരം വോട്ടുകൾ കുറ‍ഞ്ഞ് 3,104 ആയപ്പോൾ എൻഡിഎയ്ക്ക് ലഭിച്ചത് 589 വോട്ടാണ്. 

2019, 2016 തിരഞ്ഞെടുപ്പുകളിൽ 3000 ലേറെ ഭൂരിപക്ഷം നൽകിയ പഞ്ചായത്ത്, 2021ൽ ഉമ്മൻചാണ്ടിക്ക് നൽകിയത് 1818 വോട്ടുകളുടെ ലീഡാണ്. ഇത്തവണ ചാണ്ടി ഉമ്മൻ അത് 4151 ആയി ഉയർത്തി.  2020ലെ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ 15 വാർഡുകളിൽനിന്നായി 5,104 വോട്ടുകളുമായി എൽഡിഎഫ് മുന്നിൽനിന്നു. 

കൂരോപ്പട

കൂരോപ്പടയിലും മറിച്ചല്ല അവസ്ഥ. 2016, 2021ലെ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ യുഡിഎഫിന് ഭൂരിപക്ഷം നൽകിയ പഞ്ചായത്ത് ഇത്തവണയും പതിവ് തെറ്റിച്ചില്ല. അതു ഇരട്ടിയിലധികമായി ഉയർത്തി. 2021ലെ യുഡിഎഫിന്റെ 1081 ഭൂരിപക്ഷം ഉയർന്നത് 4364ലേക്ക്. 

2016ൽ 3,071 വോട്ടുകൾക്കു ഭൂരിപക്ഷം നൽകിയപ്പോൾ 2021ൽ അത് 1081 ആയി കുറഞ്ഞിരുന്നു. 2020ലെ തദ്ദേശ തിരഞ്ഞെടുപ്പിൽ 582 വോട്ടുകളുടെ ഭൂരിപക്ഷവുമായി എൽഡിഎഫ് ആണ് മുന്നിൽനിന്നത്. 

മണർകാട്

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫിന് 1213 വോട്ടിന്റെ ഭൂരിപക്ഷം നൽകിയ പഞ്ചായത്ത്, പക്ഷേ ഇത്തവണ മാറിച്ചിന്തിച്ചപ്പോൾ ചാണ്ടി ഉമ്മന് ലഭിച്ചത് 3716 വോട്ടിന്റെ ഭൂരിപക്ഷം. ഇത്തവണ ആകെ പോൾ ചെയ്ത ,364 വോട്ടിൽ യുഡിഎഫിന് ലഭിച്ചത് 9,095 വോട്ടാണ്. എൽഡിഎഫിനാകട്ടെ 7643 വോട്ടും. എൻഡിഎ നേടിയത് 730 വോട്ടും പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ യുഡിഎഫിന് നേരിയ മുന്നേറ്റം നൽകി മണർകാട്. 

പാമ്പാടി

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫിന് നേരിയ മുന്നേറ്റമാണ് പാമ്പാടി നൽകിയത്; 342 വോട്ടിന്റെ ഭുരിപക്ഷം. പഞ്ചായത്ത് തിരഞ്ഞെടുപ്പിലാകട്ടെ എൽഡിഎഫിന് 181 വോട്ടിന്റെ മുന്നേറ്റവും നൽകി. എന്നാൽ ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ യുഡിഎഫിന് ലഭിച്ചത് 5361 വോട്ടിന്റെ ഭൂരിപക്ഷമാണ്. യുഡിഎഫ് 12443 വോട്ടുകൾ ലഭിച്ചപ്പോൾ എൽഡിഎഫിന് 7082 വോട്ടും എൻഡിഎയ്ക്ക് 821 വോട്ടുമാണ് ലഭിച്ചത്. 2021ൽ യുഡിഎഫിന് 9575 വോട്ടും എൽഡിഎഫിന് 9233 വോട്ടും എൻഡിഎയ്ക്ക് 1522 വോട്ടുമാണ് ലഭിച്ചത്.

പുതുപ്പള്ളി

ചാണ്ടി ഉമ്മന് ഏറ്റവും കൂടുതൽ ഭൂരിപക്ഷം  നൽകിയ പഞ്ചായത്ത്. കഴിഞ്ഞ മൂന്ന് നിയമസഭാ തിരഞ്ഞെടുപ്പുകളിലും യുഡിഎഫിന് വ്യക്തമായ ഭൂരിപക്ഷം നൽകിയ പുതുപ്പള്ളി ഇത്തവണ‌യും പതിവു തെറ്റിച്ചില്ല. 2021 ലെ തിരഞ്ഞെടുപ്പിൽ ഉമ്മൻചാണ്ടിക്ക് 2399 വോട്ടുകളുടെ ഭൂരിപക്ഷമാണ് നൽകിയതെങ്കിൽ ഇത്തവണ 5830 ആക്കി ഉയർത്തി. 

അതേസമയം 2020ലെ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ എൽഡിഎഫിന് 7907 വോട്ടുകൾ നൽകിയപ്പോൾ യുഡിഎഫിന് 6781 വോട്ടും ബിജെപിക്ക് 2942 വോട്ടുമാണ് നൽകിയത്. 

മീനടം

ഇത്തവണ എൽഡിഎഫിന് ലീഡ് ലഭിച്ച് ഏക ബൂത്ത് മീനടത്താണ്. ബൂത്ത് നമ്പർ 153–സിഎംഎസ് എൽപിഎസിൽ 15 വോട്ടിന്റെ ഭൂരിപക്ഷമാണ് ജെയ്ക്കിന് ലഭിച്ചത്. കഴിഞ്ഞ നിയമസഭ, പഞ്ചായത്ത് തിരഞ്ഞെടുപ്പുകളിലൊക്കെ യുഡിഎഫിന് പിന്തുണ നൽകിയ പഞ്ചായത്ത് ഇത്തവണയും പതിവ് തുടർന്നു. 2021ൽ 838 വോട്ടിന്റെ ഭൂരിപക്ഷമാണ് ഉമ്മൻ ചാണ്ടിക്ക് നൽകിയതെങ്കിൽ മകൻ ചാണ്ടി ഉമ്മന് നൽകിയത് 2333 വോട്ടിന്റെ ഭൂരിപക്ഷമാണ്. 

വാകത്താനം

പതിവുപോലെ യുഡിഎഫിന് പിന്തുണ നൽകി ചാണ്ടി ഉമ്മന്റെ വിജയത്തിന് ക്ലൈമാക്സ് ഒരുക്കി വാകത്താനം. 2011ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഉമ്മൻചാണ്ടിക്ക് 4365 വോട്ടുകളുടെ ഭൂരിപക്ഷം നൽകിയ വാകത്താനം 2016ൽ 4388 വോട്ടായി ഉയർത്തിയിരുന്നു. 2021ൽ 1669 വോട്ടിന്റെയും ഭൂരിപക്ഷം മാത്രം നൽകിയപ്പോൾ ഇത്തവണ ചാണ്ടി ഉമ്മന് അത്  5425 ആക്കി ഉയർത്തി. 2020ലെ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ 355 വോട്ടുകൾ വാകത്താനം ഇടതുപക്ഷത്തിന് കൂടുതലും നൽകി.

English Summary: Panchayath wise analysis of Puthuppally byelection results

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com