ADVERTISEMENT

ഡെറാഡൂൺ∙ നേപ്പാൾ സ്വദേശിയായ യുവതിയെ കൊലപ്പെടുത്തിയ കേസിൽ ലെഫ്റ്റനന്റ് കേണൽ പിടിയിൽ. ബംഗാളിലെ സിലിഗുരിയിലെ ഡാൻസ് ബാറിൽ വച്ച് പരിചയപ്പെട്ട യുവതിയെ ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ എത്തിച്ച് കൊലപ്പെടുത്തിയ രാമേന്ദു ഉപാധ്യായയെയാണ് ഡെറാഡൂൺ പൊലീസ് അറസ്റ്റ് ചെയ്തത്. ക്ലെമന്റ് ടൗൺ കന്റോൺമെന്റ് ഏരിയയിൽ സൈനിക ഉദ്യോഗസ്ഥനായ ഇയാളെ പണ്ഡിറ്റ്വരി പ്രേം നഗറിലെ വീട്ടിൽ നിന്നാണ് പിടികൂടിയത്.

തിങ്കളാഴ്ചയാണ് സിർവാൾ ഗഢ് പ്രദേശത്ത് ഒരു സ്ത്രീയുടെ മൃതദേഹം സംശയാസ്പദമായ നിലയിൽ കണ്ടെത്തിയത്. അന്വേഷണത്തിൽ നേപ്പാളി സ്വദേശി ശ്രേയ ശർമ (30) ആണ് കൊല്ലപ്പെട്ടതെന്നു തിരിച്ചറിഞ്ഞു. തുടർന്നാണ് 24 മണിക്കൂറിനുള്ളിൽ പ്രതിയെ പൊലീസ് പിടികൂടിയത്. മൂന്നു വർഷം മുൻപ്, ബംഗാളിലെ ഡാൻസ് ബാറിൽവച്ചാണ് ശ്രേയ ശർമയെ രാമേന്ദു പരിചയപ്പെടുന്നത്. വിവാഹിതനായ രാമേന്ദു, ശ്രേയയ്ക്കു വിവാഹവാഗ്ദാനം നൽകി ബന്ധം സ്ഥാപിക്കുകയായിരുന്നു.

ഡെറാഡൂണിലേക്കു സ്ഥലംമാറ്റം കിട്ടിയപ്പോൾ ശ്രേയയെ അവിടെ കൊണ്ടുപോയി ഒരു വാടകഫ്ലാറ്റിൽ താമസിപ്പിച്ചു. ശനിയാഴ്ച രാത്രി രാജ്പുർ റോഡിലെ ഒരു ക്ലബ്ബിൽ വച്ച് രാമേന്ദുവും ശ്രേയയും ഒരുമിച്ച് മദ്യപിച്ചു. പിന്നീട് രാമേന്ദുവിന്റെ നിർബന്ധപ്രകാരം കാറിൽ യാത്ര പോയി. താനോ റോഡിലെ വിജനമായ സ്ഥലത്തുവച്ച് പുലർച്ചെ ഒന്നരയോടെ കാർ പാർക്ക് ചെയ്‌തശേഷം യുവതിയുടെ തലയിൽ ചുറ്റിക കൊണ്ട് പലതവണ അടിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. മരണം ഉറപ്പാക്കിയശേഷം മൃതദേഹം റോഡരികിൽ ഉപേക്ഷിച്ച് കടന്നുകളഞ്ഞു. വിവാഹം കഴിക്കണമെന്ന് ശ്രേയ നിർബന്ധിച്ചതാണ് കൊലപ്പെടുത്താൻ കാരണമെന്ന് പൊലീസ് വ്യക്തമാക്കി.

English Summary: Nepali Woman's Affair With Married Army Officer Ends In A Dehradun Murder

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com