ADVERTISEMENT

പത്തനംതിട്ട ∙ സംസ്ഥാനത്ത് ശരാശരി കാലവർഷം ലഭിച്ച ഏക ജില്ല എന്ന നേട്ടം കൈവരിച്ച് മഴക്കണക്കിന്റെ പെരുമയിൽ വീണ്ടും നിറഞ്ഞ് പത്തനംതിട്ട. ജൂൺ 1 മുതൽ ഇന്നലെ വരെയുള്ള മൂന്നര മാസത്തിനിടെ ജില്ലയിൽ 114 സെന്റീമീറ്റർ മഴ ലഭിച്ചു. 142 സെ.മീ ലഭിക്കേണ്ട സ്ഥാനത്ത് 19% കുറവ്. 19% മഴ കുറ‍ഞ്ഞാലും കൂടിയാലും ശരാശരി മഴ കിട്ടിയതായി കണക്കാക്കുന്നതാണ് കാലാവസ്ഥാ വകുപ്പിന്റെ രീതി. ഓഗസ്റ്റ് അവസാനം വരെയും 40% മഴക്കുറവിൽ നിന്ന ജില്ല രണ്ടാഴ്ചകൊണ്ടാണ് പോരായ്മ നികത്തിയത്. 

ശബരിഗിരി പദ്ധതിയുമായി ബന്ധപ്പെട്ട അണക്കെട്ടുകളിൽ ശേഷിയുടെ 42% വെള്ളമുണ്ട് എന്നത് നേരിയ ആശ്വാസം പകരുന്നു. അതേ സമയം സംസ്ഥാനത്ത് മഴക്കുറവ് ഏകദേശം 41% ആണ്. ഇടുക്കിയും വയനാടും പാലക്കാടും കോട്ടയവും വടക്കൻ കേരളവുമെല്ലാം മഴക്കുറവു മൂലം വരൾച്ചാ ഭീഷണിയുടെ വക്കിൽ തന്നെയാണ്.

ബംഗാൾ ഉൾക്കടലിൽ ഒഡീഷ തീരത്തോടു ചേർന്ന് രൂപപ്പെടാൻ പോകുന്ന മറ്റൊരു ന്യൂനമർദം ഈ ദിവസങ്ങളിൽ കേരളത്തിൽ മഴ എത്തിക്കുമെന്ന് കരുതപ്പെടുന്നു.

സെപ്റ്റംബർ പകുതിയോടെ കാലവർഷം ഉത്തരേന്ത്യയിൽനിന്നു പിൻവാങ്ങുമ്പോഴും കേരളത്തിൽ മഴ വർധിക്കാൻ സാധ്യതയുണ്ട്. ഒക്ടോബർ പകുതിയോടെ തുലാവർഷം എത്തുമെന്നും ശരാശരി മഴ കിട്ടുമെന്നും നിരീക്ഷകർ സൂചിപ്പിച്ചു. നവംബറിലും മെച്ചപ്പെട്ട മഴ ലഭിക്കും. എന്നാൽ ഡിസംബറിലും ജനുവരിയിലും ശൈത്യകാല മഴ ശരാശരിയിലും കുറയാൻ സാധ്യതയുള്ളതായി ചില ആഗോള കാലാവസ്ഥാ ഏജൻസികൾ പറയുന്നു. ഇപ്പോൾ കിട്ടുന്ന മഴയെ പരമാവധി മണ്ണിലും മറ്റും സംഭരിച്ച് സൂക്ഷിക്കുകയാണ് വേണ്ടതെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

English Summary: Pathanamthitta monsoon rainfall updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com