ADVERTISEMENT

കോട്ടയം∙ ചെറുകുടലിന്റെ നീളം ഒന്നര കിലോമീറ്ററാണെന്ന് പറഞ്ഞതിന്റെ പേരിൽ സമൂഹമാധ്യമങ്ങളിൽ വന്ന ട്രോളുകൾക്ക് മറുപടിയുമായി പുതുപ്പള്ളി എംഎൽഎ ചാണ്ടി ഉമ്മൻ. രണ്ടു മാസം മുൻപു നടത്തിയ ഒരു പ്രസംഗത്തിലെ നാക്കുപിഴയെടുത്ത് ഇന്നലെ പ്രസംഗിച്ചതു പോലെ പ്രചരിപ്പിക്കുകയാണെന്ന് ചാണ്ടി ഉമ്മൻ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെ പങ്കെടുത്ത പരിപാടിയിൽ പറഞ്ഞത് ഇപ്പോൾ എങ്ങനെ ഓർമ വന്നെന്ന് അറിയില്ല. എങ്ങനെയും ആക്ഷേപിക്കുക എന്ന തലത്തിലേക്കു രാഷ്ട്രീയം തരംതാഴ്ന്നിരിക്കുകയാണെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. തിരുവനന്തപുരത്ത് നടന്ന ഉമ്മൻ ചാണ്ടി അനുസ്മരണ പരിപാടിയിൽ സംസാരിച്ച കാര്യങ്ങൾ സമൂഹമാധ്യമങ്ങളിൽ ട്രോളായതോടെയാണ് ചാണ്ടി ഉമ്മന്റെ മറുപടി.

‘‘ഇന്നലെ ഞാനൊരു വിഡിയോ കണ്ടു, എനിക്കു ചിരി വന്നു. രണ്ടു മാസം മുൻപ് ഞാൻ നടത്തിയ ഒരു പ്രസംഗം കട്ട് ചെയ്തെടുത്തിട്ട് ഇന്നലെ ഞാൻ പറയുന്നതുപോലെയാണ് പ്രചരിപ്പിക്കുന്നത്. അപ്പ മരിച്ച സാഹചര്യത്തിൽ, ഞാൻ കടന്നു പോയ മാനസികാവസ്ഥ നിങ്ങൾക്കറിയാം. അന്നൊരു ഒരു വാക്കിൽ എനിക്ക് പിഴ പറ്റി. അതെങ്ങനെയാണ് ഇന്നലെ വന്നതെന്ന് ഞാൻ ഓർത്തു. രണ്ടു മാസം മുൻപ് മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെ പങ്കെടുത്ത പരിപാടിയിൽ പറഞ്ഞ കാര്യ ഇന്നലെ എങ്ങനെയാണ് ഓർമ വന്നതെന്ന് എനിക്ക് മനസ്സിലായില്ല. എങ്ങനെയും ആക്ഷേപിക്കുക എന്ന തലത്തിലേക്ക് ഇവിടുത്തെ രാഷ്ട്രീയം തരംതാഴ്ന്നിരിക്കുകയാണ്.’’– ചാണ്ടി ഉമ്മൻ പറഞ്ഞു.

‘‘കഴിഞ്ഞ ഒൻപതു വർഷക്കാലം ഞങ്ങളുടെ കുടുംബത്തെ വേട്ടയാടി, എന്റെ പിതാവിനെ വേട്ടയാടി. ദേശാഭിമാനി എന്തൊക്കെ പ്രസിദ്ധീകരിച്ചിട്ടുണ്ടെന്ന് എനിക്ക് നല്ല ഓർമയുണ്ട്. 2013 ജൂലൈയിൽ ഒരു യൂത്ത് കോൺഗ്രസ് ക്യാംപിൽ പങ്കെടുക്കുന്നതിനിടെ രാവിലെ പത്രം വായിച്ചപ്പോൾ ഞാൻ ‍‍ഞെട്ടിപ്പോയി. എനിക്കും ഗണേഷിനും പിന്നെ... ഞാൻ പറയുന്നില്ല, ഭൂമിയുണ്ടെന്നാണ് പറയുന്നത്. ഈ ഭൂമി തപ്പി നടക്കാൻ തുടങ്ങിയിട്ട് കുറേ നാളായില്ലേ. കിട്ടിയില്ലേ? ഈ വാർത്ത കൊടുത്തത് കോൺഗ്രസുകാരാണോ?

സോളറിൽ എന്റെ നിലപാടും പാർട്ടി നിലപാടും കൂട്ടിക്കുഴയ്ക്കേണ്ട. പാർട്ടി നിലപാടാണ് അവസാന വാക്ക്. ഞാൻ പറഞ്ഞത് ഉമ്മൻ ചാണ്ടി ഉണ്ടായിരുന്നെങ്കിൽ അന്ന് അദ്ദേഹം എന്തു പറയും എന്നാണ്. നിയമസഭയിലെ പ്രസംഗം കേട്ടപ്പോ എനിക്ക് തോന്നി ഇതൊക്കെ ചെയ്തത് കോൺഗ്രസാണെന്ന്. എന്നോടു കുറേ ചോദ്യങ്ങളും പറച്ചിലുമൊക്കെ ഉണ്ടായിരുന്നു. എനിക്കൊന്നും പറയാൻ പറ്റാത്ത സാഹചര്യമായിരുന്നു. ശത്രുപക്ഷം നിങ്ങളുടെ കുടെയാണെന്നാണ് അവർ പറയുന്നത്. ഇപ്പോൾ വീണ്ടും അധിക്ഷേപവുമായി ഇറങ്ങിയിരിക്കുകയാണ്. ഇതുകൊണ്ടൊന്നും ഞങ്ങൾ തളരില്ല. എന്തൊക്കെ ചെയ്താലും തളരില്ല’’– ചാണ്ടി ഉമ്മൻ കൂട്ടിച്ചേർത്തു.

English Summary: Chandy Oommen on Viral Video in Social Media

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com