ADVERTISEMENT

കോഴിക്കോട്∙ നിപ്പ പ്രതിരോധത്തിന്റെ ഭാഗമായി ഐസലേഷനിലുള്ളവര്‍ 21 ദിവസം നിര്‍ബന്ധമായും ഐസലേഷനില്‍ തന്നെ തുടരണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഐസലേഷന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചാല്‍ നിയമ നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. നിപ്പ അവലോകന യോഗത്തിൽ ഓൺലൈനായി പങ്കെടുക്കുകയായിരുന്നു മന്ത്രി.

സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്ന ചിലരെ, മൂന്നാമത്തെ ആഴ്ചയില്‍ ലക്ഷണങ്ങളോടെ ആര്‍ടിപിസിആര്‍ ടെസ്റ്റ് പോസിറ്റിവ് ആയി കണ്ടതിനെത്തുടര്‍ന്നാണ് 21 ദിവസം ക്വാറന്റൈന്‍ എന്ന നിര്‍ദ്ദേശം വിദഗ്ധ സമിതി നല്‍കിയിരിക്കുന്നത്. നിപ്പ പ്രതിരോധത്തിനുള്ള സംസ്ഥാന സര്‍ക്കാര്‍ മാര്‍ഗരേഖയിലും 21 ദിവസമാണ് ക്വാറന്റൈന്‍ കാലാവധി. അതു കൃത്യമായി പാലിക്കപ്പെടണം. കണക്കാക്കിയിരിക്കുന്ന ഇന്‍ക്യുബേഷന്‍ പിരിയഡിന്റെയും ഇരട്ടി, അതായത് 42 ദിവസം പുതിയ രോഗികള്‍ ഉണ്ടാകുന്നില്ലെങ്കില്‍ മാത്രമേ നിപ്പ ഔട്ട്ബ്രേക്കില്‍നിന്നും പൂര്‍ണ മുക്തി നേടി എന്നു പറയാനാവൂ. അതിനാല്‍ ഒക്ടോബര്‍ 26 വരെ കോഴിക്കോട് ജില്ലയില്‍ ജാഗ്രത തുടരണം. മാസ്‌ക് നിര്‍ബന്ധമായി ധരിക്കണം. 

പരിശോധനയ്ക്കയച്ച 5 സാംപിളുകൾകൂടി ഇന്ന് നെഗറ്റിവായി. ആകെ 383 പേരുടെ സാംപിളുകളാണ് ഇതുവരെ പരിശോധിച്ചത്. ഇന്ന് പുതിയ പോസിറ്റീവ് കേസുകള്‍ ഇല്ല. ഐസലേഷന്‍ കാലാവധി കഴിഞ്ഞ 40 പേരെ സമ്പര്‍ക്കപ്പട്ടികയില്‍നിന്ന് ഒഴിവാക്കി. ഇപ്പോള്‍ സമ്പര്‍ക്കപ്പട്ടികയില്‍ ഐസലേഷനിലുള്ളത് 875 പേരാണ്. നിപ പോസിറ്റിവായി ആശുപത്രികളില്‍ ചികിത്സയിലുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. നിപ നിയന്ത്രണവുമായി ബന്ധപ്പെട്ടുള്ള തുടര്‍ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് അവലോകന യോഗത്തിൽ ചര്‍ച്ച ചെയ്തു. 

∙ കണ്ടെയ്ൻമെന്റ് സോണുകൾ പിൻവലിച്ചു

നിപ്പ ഭീതിയൊഴിയുന്ന സാഹചര്യത്തിൽ ജില്ലയിലെ കണ്ടെയ്ൻമെന്റ് സോണുകളാക്കിയ എല്ലാ വാർഡുകളിലെയും നിയന്ത്രണങ്ങൾ കലക്ടർ പിൻവലിച്ചു. ചെറുവണ്ണൂരിൽ രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ കോർപറേഷനിലെയും ഫറോക്ക് നഗരസഭയിലെയും വാർഡുകൾ കണ്ടെയ്ൻമെന്റ് സോണാക്കി മാറ്റിയിരുന്നു. എന്നാൽ ഇവിടങ്ങളിൽ സമ്പർക്കപട്ടികയിൽ ഉൾപ്പെട്ടവരുടെ സാംപിളുകളുടെ പരിശോധനാഫലം നെഗറ്റീവാണ്. തുടർന്ന് ആരോഗ്യ വിദഗ്ധസമിതിയുടെ നിർദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഈ വാർഡുകളിലെ കണ്ടെയ്ൻമെന്റ് സോണുകൾ പിൻവലിച്ചത്. വടകര താലൂക്കിൽ കണ്ടെയ്ൻമെന്റ് സോണാക്കിയ എല്ലാ വാർഡുകളിലെയും നിയന്ത്രണങ്ങൾ കഴിഞ്ഞ ദിവസം പിൻവലിച്ചിരുന്നു.

English Summary: Nipah Outbreak: No new cases reported, Action will be taken against those who violates isolation guidelines

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com