‘തടയാൻ കഴിയുമെങ്കിൽ തടയു’: ഇഡിയെ പരോക്ഷമായി വെല്ലുവിളിച്ച് തൃണമൂൽ എംപി
Mail This Article
ന്യൂഡൽഹി∙ സ്കൂൾ നിയമന അഴിമതിക്കേസിൽ ചോദ്യം ചെയ്യാൻ വിളിപ്പിച്ച എൻഫോഴ്‍സ്മെന്റ് ഡയറക്ടറേറ്റിനെ പരോക്ഷമായി വെല്ലുവിളിച്ചു തൃണമൂൽ കോൺഗ്രസ് എംപി അഭിഷേക് ബാനർജി. ഒക്ടോബർ മൂന്നിനു ചോദ്യംചെയ്യലിനു ഹാജരാകാൻ ഇഡി അഭിഷേക് ബാനർജിയോട് ആവശ്യപ്പെട്ടിരുന്നു.
എന്നാൽ കേന്ദ്രത്തിൽനിന്നും ബംഗാളിനു ലഭിക്കാനുള്ള കുടിശ്ശികയ്ക്കായി ഇതേദിവസം തന്നെ ഡൽഹിയിൽ തൃണമൂൽ പ്രതിഷേധത്തിനു പദ്ധതിയിട്ടിരുന്നു. തൃണമൂൽ ആഹ്വാനം ചെയ്ത പ്രതിഷേധ പരിപാടിയിൽ പങ്കെടുക്കുമെന്നു വ്യക്തമാക്കിയിരിക്കുകയാണ് അഭിഷേക് ബാനർജി.
‘‘ബംഗാളിലെ ജനങ്ങളുടെ അടിസ്ഥാന അവകാശങ്ങൾക്കു വേണ്ടിയുള്ള പോരാട്ടത്തിൽനിന്നും എന്നെ തടയാൻ ലോകത്തിലെ ഒരു ശക്തിക്കും സാധ്യമല്ല. ഒക്ടോബർ രണ്ടിനും മൂന്നിനും ഡൽഹിയിൽ നടക്കുന്ന പ്രതിഷേധത്തിൽ പങ്കുചേരും. തടയാൻ കഴിയുമെങ്കിൽ തടയൂ’’– എക്സ് പ്ലാറ്റ്ഫോമിൽ (ട്വിറ്റർ) പങ്കുവച്ച കുറിപ്പിൽ അഭിഷേക് ബാനർജി പറഞ്ഞു.
English Summary: Abhishek Banerjee challenge Enforcement Directorate